റോഡിലോടുന്നവർക്കെല്ലാം പിഴയില്ല: കൊലപാതകം കണ്ടു നിന്നാൽ ശിക്ഷയില്ലല്ലോ : കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ പിഴയ്ക്കെതിരായ പ്രതിഷേധം അശാസത്രീയമോ ? സൗദിയിലേയ്ക്ക് നോക്കുന്ന മലയാളിയ്ക്ക് നാട്ടിലെ നിയമത്തോട് പുച്ഛം

റോഡിലോടുന്നവർക്കെല്ലാം പിഴയില്ല: കൊലപാതകം കണ്ടു നിന്നാൽ ശിക്ഷയില്ലല്ലോ : കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ പിഴയ്ക്കെതിരായ പ്രതിഷേധം അശാസത്രീയമോ ? സൗദിയിലേയ്ക്ക് നോക്കുന്ന മലയാളിയ്ക്ക് നാട്ടിലെ നിയമത്തോട് പുച്ഛം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സൗദിയിലെ നിയമങ്ങപ്പറ്റി അഭിമാനം കൊള്ളുന്ന മലയാളി ഇതേ നിയമങ്ങൾ രാജ്യത്ത് നടപ്പാക്കാനൊരുങ്ങിയപ്പോൾ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുന്നു. റോഡിൽ ഗതാഗത നിയമം ലംഘിക്കുന്നവർക്ക് മാത്രമായി നിയമം കർശനമായി നടപ്പാക്കിയപ്പോളാണ് ഞങ്ങൾ എല്ലാം കുറ്റക്കാരാണ് എന്ന നിലയിൽ മലയാളികൾ എല്ലാം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുന്നത്. ഞങ്ങൾ എല്ലാം നിയമം ലംഘിക്കുന്നവരാണ് എന്നും റോഡ് നിയമങ്ങൾ അനുസരിക്കാത്തവരാണ് എന്ന വാദമാണ് ഇവർ ഉയർത്തുന്നത്. ഇത് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്. രാജ്യത്ത് നടപ്പാക്കുന്ന ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള തർക്കങ്ങളെയും എതിർപ്പുകളെയും പറ്റി യു.എൻ ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റി അംഗമായ മുരളി തുമ്മാര് കുടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ.

ട്രാഫിക്ക് ഫൈനുകൾ കുറക്കണോ ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്റ്റംബർ ഒന്നാം തിയതി നിലവിൽ വന്ന ട്രാഫിക് ഫൈനുകൾ കുറക്കണം എന്നാണ് പത്രക്കാർ മുതൽ മന്ത്രിമാർ വരെ ഉള്ളവരുടെ അഭിപ്രായം എന്ന് കാണുന്നു. ഓരോരുത്തർക്ക് ഓരോ കാരണങ്ങൾ ആണ്.

ട്രാഫിക്ക് ഫൈൻ എന്നത് സർക്കാരിന് വരുമാനം കൂട്ടാനുള്ള ഒരു പദ്ധതിയല്ല. റോഡിൽ വാഹനം ഓടിക്കുന്നവരുടെ തെറ്റായ പെരുമാറ്റങ്ങൾ മാറ്റിയെടുക്കാനുള്ള ഒരു ഉപാധിയാണ്.

ഒരു വർഷം ഇന്ത്യയിൽ പത്തുലക്ഷത്തിൽ ഏറെ റോഡപകടങ്ങൾ ഉണ്ടാകുന്നു, അതിൽ രണ്ടുലക്ഷത്തോളം ആളുകൾ മരിക്കുന്നു. മരിക്കാതെ ജീവച്ഛവം ആയി കിടക്കുന്നത് അതിലും ഏറെ. സ്വതന്ത്ര ഇന്ത്യക്ക് യുദ്ധത്തിലും തീവ്രവാദത്തിലും ഒക്കെ നഷ്ടപ്പെട്ടതിൽ ഏറെ ആളുകൾ ആണ് ഒരു വർഷവും റോഡുകളിൽ കൊല്ലപ്പെടുന്നത്.
,
ഇത് ഇങ്ങനെ തുടർന്നാൽ മതിയോ എന്നതാണ് സമൂഹം ചിന്തിക്കേണ്ട ചോദ്യം ?. അങ്ങനെ വേണ്ട എന്ന് ഉത്തരം പറയാൻ ആളുകൾ ഒട്ടും ചിന്തിക്കേണ്ട.

എന്തുകൊണ്ടാണ് ആളുക റോഡുകളിൽ മരിക്കുന്നത് ?

റോഡിന്റെ തകരാറ് , സൈനേജിന്റെയും സിഗ്നലിന്റെയും കുഴപ്പങ്ങൾ, വാഹനത്തിന്റെ കുറ്റം, മോശമായ കാലാവസ്ഥ, മറ്റു റോഡ് ഉപയോഗിക്കുന്നവർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്നിങ്ങനെ ഏറെ വിഷയങ്ങൾ ഉണ്ട് റോഡ് അപകടം ഉണ്ടാകാൻ. വാഹനം ഓടിക്കുന്നവരുടെ പെരുമാറ്റം അതിൽ ഒന്നാണ്.

എന്നാൽ തൊണ്ണൂറ്റി അഞ്ചു ശതമാനം അപകടങ്ങളും ഉണ്ടാക്കുന്നത് ഡ്രൈവർമാരുടെ പെരുമാറ്റം ആണെന്നാണ് പഠനങ്ങൾ പറയുന്നത്. അതായത് റോഡിന്റെയും വാഹനത്തിന്റെയും സ്ഥിതിയും കാലാവസ്ഥയും എന്തൊക്കെ ആയാലും അതറിഞ്ഞു വാഹനം ഓടിച്ചാൽ പത്തിൽ ഒമ്പത് അപകടങ്ങളും ഒഴിവാക്കാം. അതായത് ഒരു വർഷത്തിൽ ഒന്നര ലക്ഷത്തോളം ജീവൻ രക്ഷിക്കാം.

എങ്ങനെയാണ് റോഡിലെ ഡ്രൈവർമാരുടെ പെരുമാറ്റം നന്നാക്കുന്നത് ? ശരിയായ പരിശീലനം തീർച്ചയായും കൊടുക്കണം. പക്ഷെ തെറ്റായ പെരുമാറ്റത്തിന് ഒരു പ്രത്യാഘാതം ഉണ്ടാകണം. അവിടെയാണ് ഫൈനിന്റെ പ്രസക്തി.

ഇപ്പോഴത്തെ ഫൈനുകൾ ആളുകളെ വിഷമിപ്പിക്കുന്നുണ്ടെങ്കിൽ അവ ഉദ്ദേശിച്ച ഫലം ഉളവാക്കുന്നുണ്ട് എന്ന് തന്നെയാണ് അർഥം. അതുകൊണ്ട് ഒരു കാരണവശാലും ഈ ഫൈനുകൾ അടുത്ത ആറു മാസത്തേക്കെങ്കിലും കുറക്കരുത്. ആറുമാസം ആളുകൾ ഒന്ന് കഷ്ടപ്പെടട്ടെ. അപ്പോൾ അവരുടെ പെരുമാറ്റം മാറും. റോഡിൽ അപകടങ്ങൾ കുറയുന്നുണ്ടോ എന്ന് കണക്കെടുക്കുക. അപകടം കുറയുന്നുണ്ടെങ്കിൽ തീർച്ചയായും ഈ കയ്പ്പുള്ള കഷായം നാം അർഹിക്കുന്നത് തന്നെയാണ്.

വലിയ ഫൈനിനോട് എതിർപ്പുള്ളവർക്ക് നിസാരമായി ചെയ്യാവുന്ന ഒരു കാര്യം ഉണ്ട്, ആ നിയമം അങ്ങ് അനുസരിച്ചേക്കുക. സർക്കാർ ശരിക്കും ചമ്മും.

അല്ലാതെ പതിനഞ്ചു ടൺ ഭാരം കയറേണ്ട വണ്ടിയിൽ മുപ്പത് ടൺ കയറ്റിയിട്ട് മുപ്പതിനായിരം രൂപ ഫൈൻ അയി എന്നൊക്കെ കരയുന്ന കാണുമ്പോൾ “ഇത്തിരി ഉളുപ്പ്”… എന്ന് തോന്നും.

റോഡ് നന്നാക്കിയിട്ട് മതി ഫൈൻ മേടിക്കുന്നത് എന്ന തരത്തിലുള്ള ചിന്ത ഒക്കെ നല്ലതാണ്. ഓവർലോഡ് കയറി വരുമ്പോൾ കൺട്രോൾ പോയി വരുന്ന ഏതെങ്കിലും വണ്ടി നിങ്ങളുടെ അടുത്ത ഒരാളെ കൊല്ലുന്ന അന്ന് ഈ റോഡ് നന്നായിട്ട് മതി നാട് നന്നാവാൻ എന്ന ചിന്ത മാറിക്കോളും.

മുരളി തുമ്മാരുകുടി