സ്കൂട്ടർ യാത്രിക കാറിടിച്ച് വഴിയിൽ കിടന്ന് രക്തം വാർന്ന് മരിച്ച സംഭവം; അപകടമുണ്ടായിട്ടും നിർത്താതെ പോയ കാർ റാന്നി സ്റ്റേഷനിലെ എഎസ്ഐ യുടേത്; എ എസ് ഐ വിനോദ് പി.മധുവിനെ സസ്പെൻറു ചെയ്തു
സ്വന്തം ലേഖകൻ
റാന്നി: അപകടമുണ്ടായാൽ വാഹനം നിർത്തണമെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കണമെന്നും പറയുന്ന പോലീസ് തന്നെ വാഹനം നിർത്താതെ പോയാലോ?
അങ്ങനെയൊന്നാണ് റാന്നിയിൽ നടന്നത്. റാന്നി അങ്ങാടി ചെട്ടിമുക്കിന് സമീപം സ്കൂട്ടര്‍ യാത്രക്കാരി കാറിടിച്ച് മരിച്ച കേസില്‍ കാർ ഡ്രൈവറായിരുന്ന റാന്നി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു. വിനോദ് പി. മധുവിനെയാണ് അന്വേഷണവിധേയമായി ജില്ല പൊലീസ് മേധാവി നിശാന്തിനി സസ്പെന്‍ഡ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.
അങ്ങാടി മാവേലി സ്റ്റോര്‍ ജീവനക്കാരി ചാലാപ്പള്ളി പുലിയുറുമ്പില്‍ ഗോപാലകൃഷ്ണന് നായരുടെ ഭാര്യ മിനികുമാരിയാണ് വിനോദ് ഓടിച്ചിരുന്ന കാര്‍ ഇടിച്ച് മരിച്ചത്.
കാര്‍ ഇടിച്ചിട്ടിട്ട് നിര്‍ത്താതെ പോയതും പരിക്കേറ്റുകിടന്നവരെ ആശുപത്രിയില്‍ എത്തിക്കാനോ ഉടന്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനോ മുതിരാഞ്ഞതുമാണ് എ.എസ്.ഐക്ക് വിനയായത്.
അങ്ങാടി എസ്.ബി.ഐ ജീവനക്കാരി ലീന ഓടിച്ചിരുന്ന വാഹനത്തിൻ്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു മിനികുമാരി.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് തലക്കേറ്റ പരിക്ക് മൂലമാണ് മിനി മരിച്ചത്.
പൊലീസ് നടത്തിയ തിരച്ചിലില്‍ വിനോദ് പി. മധുവിൻ്റെ വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച രാത്രി തന്നെ പൊലീസ് വിനോദിൻ്റെ വീട്ടില്‍ എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ശനിയാഴ്ച പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തു.തുടർന്ന് ഫോറന്‍സിക് വിദഗ്ധര്‍ തെളിവെടുപ്പ് നടത്തി.
ഞായറാഴ്ച രാവിലെ അറസ്റ്റ് ചെയ്ത വിനോദിനെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു. വിനോദിനെതിരായ പ്രത്യേക അന്വേഷണ റിപ്പോര്‍ട്ട് ജില്ല പൊലീസ് മേധാവിക്ക് നല്‍കിയിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് സര്‍വിസില്‍നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.