മാസ്കില്ലാതെ ഡി.ജി.പി: ന്യായീകരിച്ച് മുഖ്യമന്ത്രി; പിഴയും കേസും സാധാരണക്കാർക്ക് മാത്രം

മാസ്കില്ലാതെ ഡി.ജി.പി: ന്യായീകരിച്ച് മുഖ്യമന്ത്രി; പിഴയും കേസും സാധാരണക്കാർക്ക് മാത്രം

തേർഡ് ഐ ബ്യൂറോ

കൊച്ചി: മാസ്ക് വയ്ക്കാതെ സാധാരണക്കാർ റോഡിലിറങ്ങിയാൽ ഓടിച്ചിട്ട് പിടിക്കുന്ന നാട്ടിൽ സംസ്ഥാന പൊലീസ് മേധാവി അടക്കം മാസ്ക് വയ്ക്കാതെ പൊതുപരിപാടിയിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. മാസ്കോ സാമൂഹിക അകലമോ പാലിക്കാതെയാണ് ഡി.ജി.പി ലോക്നാഥ് ബഹ്റ അടക്കമുള്ളവർ പൊതുപരിപാടിയിൽ പങ്കെടുത്തത്.

ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷന്‍ ഉദ്ഘാടനത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ ഡി.ജി.പി അടക്കമുള്ള പൊലീസുകാര്‍ പങ്കെടുത്ത സംഭവത്തിലാണ് ഇപ്പോൾ പൊലീസിനെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയത്. അവിടെ സംസാരിച്ച ഡി.ജി.പി അടക്കമുള്ളവര്‍ അവിടുത്തെ മറ്റുള്ളവരുമായി ബന്ധപ്പെടാത്ത രീതിയിലുള്ള അകലം പാലിച്ചുകൊണ്ടാണ് സംസാരിച്ചതെന്നും അതിന്‍റെ ഭാഗമായിട്ടായിരിക്കാം മാസ്കിടാത്ത നില വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.ജി.പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെയെല്ലാം നിരന്തരമായി മാസ്ക് ഇട്ടുകൊണ്ട് നമ്മള്‍ കാണുന്നതാണല്ലോ എന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

”ഞാനിപ്പോ നിങ്ങളോട് സംസാരിക്കുന്നത് മാസ്ക് ഇല്ലാതെയാണല്ലോ. ആ മാസ്ക് ഇല്ലാതെ സംസാരിക്കാന്‍ കഴിയുന്നത് എന്ത് കൊണ്ടാണ്. ഞാനിവിടെ തനിച്ചിരിക്കുകയാണ്. അത് കൊണ്ട് മാത്രമാണ്. മറ്റാരുമായും സമ്ബര്‍ക്കമുണ്ടാകുന്നില്ല. എന്‍റെ വീട്ടില്‍ എന്‍റെ റൂമില്‍ ഇരുന്നുകൊണ്ടാണ് ഞാന്‍ സംസാരിക്കുന്നത്. അത് പോലെ അവിടെ സംസാരിച്ച ഡി.ജി.പി അടക്കമുള്ളവര്‍ അവിടുത്തെ മറ്റുള്ളവരുമായി ബന്ധപ്പെടാത്ത രീതിയിലുള്ള അകലം പാലിച്ചുകൊണ്ടാണ് സംസാരിച്ചത്. അതിന്‍റെ ഭാഗമായിട്ടായിരിക്കാം ഈ മാസ്കിടാത്ത നില വന്നത്. അദ്ദേഹത്തെയും അതു പോലെയുള്ള പൊലീസ് ഉദ്യോഗസ്ഥരെയെല്ലാം നിരന്തരമായി മാസ്ക് ഇട്ടുകൊണ്ട് നമ്മള്‍ കാണുന്നതുമാണല്ലോ. അതായിരിക്കും സംഭവിച്ചിട്ടുണ്ടായിരിക്കുക.”

സംസ്ഥാനം സമ്ബൂര്‍ണ ലോക്ക് ഡൗണിലായിരുന്ന ശനിയാഴ്ച്ചയാണ് ഡി.ജി.പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു വിധ കോവിഡ് പ്രോട്ടോക്കോളും പാലിക്കാതെ സ്റ്റേഷന്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തത്. വിവാഹത്തിലും സംസ്കാര ചടങ്ങുകളിലുമടക്കം 20 പേരിലധികം പേര്‍ പങ്കെടുക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെ പൊലീസിന്‍റെ സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍ ഒരു മുറിയില്‍ തിങ്ങിക്കൂടിയത് 30ലധികം ആളുകളാണ്. ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി, കമ്മീഷണര്‍, എസ്.പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് ടെമ്ബിള്‍ സ്റ്റേഷനിലിരുന്ന് യോഗത്തില്‍ പങ്കെടുത്തത്. പൊലീസുകാര്‍ ആരും തന്നെ മാസ്ക് ധരിച്ചിരുന്നില്ല. പലരും മാസ്ക് ഊരി കൈയില്‍ പിടിച്ചിരിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ നിരവധി പേര്‍ പൊലീസിനെതിരെയും സര്‍ക്കാരിനെതിരെയും രംഗത്തുവന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് മുഖ്യമന്ത്രിയുടെ ദിനേനെയുള്ള കോവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചത്.