രജിസ്‌ട്രേഷനില്ലാത്ത ഹൗസ് ബോട്ടുകള്‍ പിടിച്ചെടുക്കണമമെന്ന ഹൈക്കാടതി ഉത്തരവ്; അഞ്ച് വര്‍ഷം പിന്നിട്ടിട്ടും നടപ്പിലാക്കാതെ പിണറായി സര്‍ക്കാര്‍; നടക്കുന്നത് വന്‍ അട്ടിമറി

രജിസ്‌ട്രേഷനില്ലാത്ത ഹൗസ് ബോട്ടുകള്‍ പിടിച്ചെടുക്കണമമെന്ന ഹൈക്കാടതി ഉത്തരവ്; അഞ്ച് വര്‍ഷം പിന്നിട്ടിട്ടും നടപ്പിലാക്കാതെ പിണറായി സര്‍ക്കാര്‍; നടക്കുന്നത് വന്‍ അട്ടിമറി

സ്വന്തം ലേഖകൻ

കൊച്ചി : സുരക്ഷാ നിയമങ്ങള്‍ തെറ്റിച്ച്‌ രജിസ്‌ട്രേഷന്‍ പോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഹൗസ് ബോട്ടുകള്‍ പിടിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് വന്നിട്ട് അഞ്ച് വര്‍ഷം പിന്നിട്ടിരിക്കുന്നു.

എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിടുന്നതല്ലാതെ പിണറായി സര്‍ക്കാര്‍ യാതൊരുവിധ നടപടികളും ഇതുസംബന്ധിച്ച്‌ നടപ്പിലാക്കിയിട്ടില്ല. ബോട്ടുടമകളുടെ സംഘടന നല്‍കിയ ഹര്‍ജിയിന്മേലായിരുന്നു ഉത്തരവ്. എന്നാല്‍ ഉത്തരവിന് പിന്നാലെ നിരവധി ന്യായീകരണങ്ങള്‍ നിരത്തി വിധി നടപ്പാക്കാതിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇപ്പോഴിതാ സര്‍ക്കാരിനെതിരെയുളള കോടതിയലക്ഷ്യത്തിന് കേസ് നല്‍കിയിരിക്കുകയാണ് ബോട്ടുടമകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താനൂര്‍ ബോട്ട് ദുരന്തത്തിന് പിന്നാലെ പുന്നമടക്കായലിലെ ഹൗസ് ബോട്ടുകളില്‍ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ വൈകിട്ട് മിന്നല്‍ പരിശോധന നടത്തിയിരുന്നു. 12 ബോട്ടുകള്‍ പരിശോധിച്ചപ്പോള്‍ രജിസ്‌ട്രേഷന്‍ കണ്ടെത്തിയത് മൂന്ന് ബോട്ടുകളില്‍ മാത്രമായിരുന്നു. ഇത് വെറും കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്ന് മുന്‍കാല രേഖകള്‍ പരിശോധിക്കുകയാണെങ്കില്‍ കൃത്യമായി മനസിലാവും.

പുന്നമടക്കായലില്‍ 1500-ഓളം ഹൗസ്‌ബോട്ടുകളാണ് ഉള്ളത്. തുറമുഖ വകുപ്പിന്റെ രേഖകള്‍ അനുസരിച്ച്‌ രജിസ്‌ട്രേഷനുള്ളത് ഇതില്‍ 800 ബോട്ടുകള്‍ക്ക് മാത്രമാണ്. പ്രതി വര്‍ഷം ബോട്ടുകളില്‍ സര്‍വേ നടത്തുകയും എല്ലാ സുരക്ഷാചട്ടങ്ങളും പാലിച്ചിട്ടുണ്ടെന്നും കണ്ടെത്തിയാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കാവൂ. സര്‍വേ നടത്തുന്നതിന് ഫീസടച്ച ബോട്ടുടമകളാണ് അപേക്ഷ നല്‍കേണ്ടത്. എന്നാല്‍ ബോട്ടുടമകളില്‍ പകുതിയലധികം പേരും ഇതിന് തയാറാകുകയോ ഉദ്യോഗസ്ഥര്‍ അന്വേഷിക്കാന്‍ ശ്രമിക്കുകയോ ചെയ്യാറില്ല എന്നതാണ് വാസ്തവം.

ഇതിന് പുറമേ മറ്റ് ചില കബളിപ്പിക്കലുകള്‍ കൂടി ഇതിന് മറവില്‍ നടക്കുന്നുണ്ട്. ചിലര്‍ ഒരേ നമ്ബര്‍ തന്നെ പല ബോട്ടുകള്‍ക്കും ഉപയോഗിക്കുന്നതും വ്യാപകമാണ്. മറ്റ് ചിലര്‍ പൊളിച്ച്‌ കളഞ്ഞ ബോട്ടുകളുടെ നമ്ബര്‍ ഉപയോഗിച്ച്‌ ബോട്ടുകള്‍ ഓടിക്കും. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. വ്യവസായ മേഖലയെ തന്നെ തകര്‍ക്കുന്ന ഇത്തരം അനധികൃത നടപടികള്‍ക്കെതിരെ ബോട്ടുടമകളുടെ സംഘടന തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അനധികത ബോട്ടുകള്‍ പിടിച്ചു കെട്ടുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ 2018 മാര്‍ച്ച്‌ 18 ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ആ വര്‍ഷം ഡിസംബറിന് മുന്‍പ് അനധികൃത ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല.

പുന്നമടക്കായലിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ മൂന്നിരിട്ടി ബോട്ടുകളാണ് നിലവില്‍ ഇവിടെയുള്ളത്. ഇത് കണ്ടെത്തിയതോടെ ആലപ്പുഴയില്‍ പുതിയ ബോട്ടുകള്‍ക്ക് അനുമതി നല്‍കരുതെന്ന്് 2013-ല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തുറമുഖ വകുപ്പിന്റെ കൊല്ലം, കൊടുങ്ങല്ലൂര്‍ ഓഫീസുകളില്‍ രജിസ്‌ട്രേഷന്‍ നടത്തി പുതിയ ബോട്ടുകള്‍ ഇപ്പോഴും ആലപ്പുഴയിലേക്ക് കടത്തുന്ന കേസുകളും നിരവധി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിലൊന്നും ഒരു നടപടിയും സ്വീകരിക്കുന്നില്ല.

Tags :