മലക്കംമറിഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥി ; ജോസഫിന്റെ പിന്തുണവേണം ; രണ്ടില ചിഹ്നം വേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ജോസ് ടോം പുലിക്കുന്നേൽ

മലക്കംമറിഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥി ; ജോസഫിന്റെ പിന്തുണവേണം ; രണ്ടില ചിഹ്നം വേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ജോസ് ടോം പുലിക്കുന്നേൽ

സ്വന്തം ലേഖിക

കോട്ടയം: രണ്ടില ചിഹ്നം വേണ്ട എന്ന് പറഞ്ഞിട്ടില്ലെന്ന് പാലാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ. കെ.എം.മാണിയുടെ ചിഹ്നമായ രണ്ടില ആയിരിക്കണം ചിഹ്നം എന്നാണ് ആഗ്രഹിക്കുന്നതെന്നും ജോസ് ടോം പറഞ്ഞു. എന്നാൽ അതിനായി വിട്ടുവീഴ്ച ചെയ്യണമെന്ന് പറയാൻ തനിക്ക് അധികാരമില്ലെന്നും അദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പാർട്ടി ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ച് കേരള കോൺഗ്രസിൽ നിലനിൽക്കുന്ന തർക്കത്തിന്റെ സാഹചര്യത്തിലാണ് ജോസ് ടോമിന്റെ പ്രതികരണം.

തിരഞ്ഞെടുപ്പ് വിജയത്തിന് പി.ജെ. ജോസഫിന്റെ പിന്തുണ ആവശ്യമാണ്. യുഡിഎഫിന്റെ മുതിർന്ന നേതാവാണ് അദേഹം. പി.ജെ. ജോസഫിനെ നേരിട്ട് പോയി കാണുകയും പിന്തുണ തേടുകയും ചെയ്യുമെന്നും ജോസ് ടോം പറഞ്ഞു. ചിഹ്നം എന്തായിരിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ്.കെ.മാണിയും യുഡിഎഫുമാണ് തീരുമാനിക്കുന്നത്. അവരുടെ തീരുമാനം എന്തായായലും താൻ അത് അംഗീകരിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാനാർത്ഥി തർക്കത്തിനു പിന്നാലെ പാർട്ടി ചിഹ്നഹ്നത്തിൽ ജോസഫിന്റെ ഔദാര്യം ആവശ്യമില്ലെന്ന് ജോസ് ടോം നേരത്തെ പ്രതികരിച്ചിരുന്നു. ചിഹ്നം ആവശ്യമില്ലെങ്കിൽ ചിഹ്നം നൽകുന്നത് സംബന്ധിച്ച് ചർച്ചകളുടെ ആവശ്യമില്ലെന്ന് ജോസഫും തിരിച്ചടിച്ചു. ഇതിനു പിന്നാലെയാണ് ജോസ് ടോമിന്റെ മലക്കംമറിച്ചിൽ. ജോസഫിനു മുന്നിൽ വഴങ്ങില്ലെന്നും ആവശ്യമെങ്കിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുമെന്നും ജോസ്.കെ.മാണിയും ആദ്യം പ്രതികരിച്ചുവെങ്കിലും പിന്നീട് നിലപാടിൽ നിന്ന് പിന്നോക്കം പോയി. നിഷ ജോസ് കെ. മാണി തന്നെ സ്ഥാനാർത്ഥി ആകണമെന്നായിരുന്നു തന്റെ അഭിപ്രായമെന്നും ജോസ് ടോം കൂട്ടിച്ചേർത്തു.