മഴ വെള്ളവും ആറ്റിലെ ജലനിരപ്പും ട്രാക്കിൽ തൊട്ടു; റെഡ് അലേർട്ടുമായി റെയിൽവേ; ട്രെയിൻ ഗതാഗതം താറുമാറായി

മഴ വെള്ളവും ആറ്റിലെ ജലനിരപ്പും ട്രാക്കിൽ തൊട്ടു; റെഡ് അലേർട്ടുമായി റെയിൽവേ; ട്രെയിൻ ഗതാഗതം താറുമാറായി

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: റെയിൽവേ ലൈനിൽ മരം വീണതിനു പിന്നാലെ റെയിൽവേ പാലങ്ങൾക്കടയിൽ അപകടകരമായി ജല നിരപ്പ് ഉയർന്നതോടെ കായംകുളം – എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. കർശന പരിശോധനകൾക്കു ശേഷം ട്രെയിനിന്റെ വേഗം നിയന്ത്രിച്ച് കടത്തിവിടുകയാണ റെയിൽവേ അധികൃതർ ഇപ്പോൾ ചെയ്യുന്നത്. അപകട സാധ്യത കണക്കിലെടുത്ത് ആറുകൾക്കു മുകളിലുള്ള പാലങ്ങളിൽ ട്രെയിന്റെ വേഗം 20 കിലോമീറ്റററായി നിജപ്പെടുത്തി. മൂന്നര മണിക്കൂർ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ വൈകിട്ട് അഞ്ചരയോടെ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു.
നീലിമംഗലത്ത് പാലവും ആറ്റിലെ വെള്ളവും തമ്മിലുള്ള അകലം 1.50 മീറ്ററായി ചുരുങ്ങിയിരുന്നു. ഇതേ തുടർന്നാണ് റെയിൽവേ ട്രെയിൻ ഗതാഗതം നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചത്. ട്രെയിന്റെ വേഗം നിയന്ത്രിച്ച റെയിൽവേ അധികൃതർ ഇതിനായി പ്രത്യേക പരിശോധനയും നടത്തി. ഇന്നലെ ഉച്ചയോടെ റെയിൽവേ സ്‌റ്റേഷനിലെ തുരങ്കത്തിനു സമീപം വൈദ്യുതി ലൈനിൽ മരക്കൊമ്പ് വീണ് ലൈൻ ഷോർട്ടായിരുന്നു. ഇതേ തുടർന്ന് ഗതാഗതം തടസപ്പെട്ടിരുന്നു.  പിന്നാലെയാണു വെള്ളം ഉയർന്നതിന്റെ പേരിൽ ഗതാഗതം നിർത്തിവച്ചത്.
മൂന്നു മണിക്കൂർ വൈകിയെത്തിയ കേരളാ എക്സ്പ്രസ് കോട്ടയത്തു പിടിച്ചിട്ട ശേഷം റെയിൽവേ ഡിവിഷണൽ എൻജീനിയറുടെ  നേതൃത്വത്തിൽ നീലിമംഗലത്ത് ഉൾപ്പെടെ പരിശോധന നടത്തിയാണു വേഗനിയന്ത്രണം ഏർപ്പെടുത്തിയത്. ഓരോ ട്രെയിൻ കടന്നു പോയതിനു ശേഷവും പരിശോധനയുണ്ടാകും. രാത്രി വെള്ളം ഉയർന്നാൽ എന്തു ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഡിവിഷണൽ എൻജീനിയറുടെ  നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കോട്ടയത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.
ലൈനിൽ മരം വീണതും പാലത്തിലെ വെള്ള പ്രശ്നവും മൂലം വടക്കോട്ടുള്ള കേരളാ, ഐലൻഡ് എക്സ്പ്രസുകൾ, ചെന്നൈ മെയിൽ, ജനശതാബ്ദി തുടങ്ങിയ ട്രെയിനുകളും തെക്കോട്ടേയ്ക്കുള്ള ശബരി, പരശുറാം തുടങ്ങിയ ദീർഘദൂര ട്രെയിനുകളു,  എറണാകുളം പാസഞ്ചർ, കൊല്ലം – എറണാകുളം മെമു തുടങ്ങിയ ട്രെയിനുകളും മണിക്കൂറുകൾ വൈകി.