മഴക്കെടുതി വെള്ളപ്പൊക്കം: ദേശീയ ദുരന്തനിവാരണ സേന ജില്ലയിലെത്തി; പാലായിലും നഗരത്തിലും രക്ഷാപ്രവർത്തനം തുടങ്ങി
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ അതിരൂക്ഷമായ വെള്ളപ്പൊക്കക്കെടുതിയിൽ നിന്നു രക്ഷപെടുത്താൻ ജില്ലയിൽ ദേശീയ ദുരന്തനിവാരണ സേന എത്തി. രണ്ടു യൂണിറ്റ് ദുരന്ത നിവാരണ സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്താൻ ജില്ലയിൽ എത്തിയിരിക്കുന്നത്.
കളക്ടറേറ്റിൽ എത്തിയ സേനാംഗങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്കായി വിവിധ സ്ഥലങ്ങളിലേയ്ക്കു തിരിച്ചിട്ടുണ്ട്. കാലവർഷ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
20 പേർ വീതമുള്ള രണ്ട് യൂണിറ്റാണ് പ്രത്യേക യൂണിഫോം ധരിച്ച് ജില്ലയിൽ എത്തിച്ചേർന്നിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കളക്ടറേറ്റ് വളപ്പിൽവച്ച് തന്നെ സേനയെ രണ്ടായി തിരിക്കും. ഇതിൽ ഒരു യൂണിറ്റ് പൂവത്തുംമൂട്ടിലും, മറ്റൊരു യൂണിറ്റ് കൊശമറ്റം കോളനിയിലേയ്ക്കും പോകും. ഒരു സംഘം പാലായിലേയ്ക്കും തിരിക്കുമെന്നാണ് സൂചന. വെള്ളത്തിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുക. മഴക്കെടുതിയുള്ള പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുക എന്നിവയാണ് ഇവരുടെ ലക്ഷ്യങ്ങൾ.
പേരൂർഭാഗത്ത് മഴക്കെടുതിയിൽ ചില കുടുംബങ്ങൾ ഒറ്റപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടേയ്ക്കും രക്ഷാ സംഘം രക്ഷാപ്രവർത്തനങ്ങൾക്കായി എത്തും. ജില്ലാ കളക്ടർ ഡോ.ബി.എസ് തിരുമേനിയുടെ നേതൃത്വത്തിലാണ് മുന്നൊരുക്കങ്ങൾ നടത്തുന്നത്.