13 വർഷത്തിന് ശേഷം സുപ്രീം കോടതി കൊളീജിയത്തിൽ വനിതാ അംഗം

13 വർഷത്തിന് ശേഷം സുപ്രീം കോടതി കൊളീജിയത്തിൽ വനിതാ അംഗം

 

സ്വന്തം ലേഖിക

ന്യൂയൂഡൽഹി : സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് ആർ.ഭാനുമതി കൊളീജിയത്തിൽ അംഗമായി. പതിമൂന്ന് വർഷത്തിന് ശേഷമാണ് ഒരു വനിതാ ജഡ്ജി കൊളീജിയം അംഗമാകുന്നത്. ഇപ്പോൾ 64 വയസു കഴിഞ്ഞ ഭാനുമതി ഒൻപത് മാസമാണ് കൊളീജിയത്തിലുണ്ടാകുക. 2020 ജൂലായ് 19ന് വിരമിക്കും.

2006 ൽ വിരമിച്ച ജസ്റ്റിസ് റുമ പാൽ ആണ് അവസാനം കൊളീജിയം അംഗമായ വനിത. അവർ മൂന്ന് വർഷം കൊളീജിയം അംഗമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഉൾപ്പെടെയുള്ള ജഡ്ജിമാരെയും സുപ്രീംകോടതി ജഡ്ജിമാരെയും നിയമിക്കാനും സ്ഥലംമാറ്റാനും ശുപാർശ നൽകുന്നത് കൊളീജിയമാണ്.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഇന്നലെ വിരമിച്ചതോടെ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാരുടെ നിരയിൽ ജസ്റ്റിസ് ആർ.ഭാനുമതി അഞ്ചാമത് എത്തിയതോടെയാണ് കൊളീജിയത്തിൽ അംഗമായത്.

ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏറ്റവും മുതിർന്ന അഞ്ച് ജഡ്ജിമാരാണ് കൊളീജിയത്തിൽ ഉള്ളത്. ഇന്ന് ചീഫ്ജസ്റ്റിസായി ചുമതലയേൽക്കുന്ന ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ്മാരായ എൻ.വി രമണ, അരുൺ മിശ്ര, രോഹിന്റൺ നരിമാൻ എന്നിവരാണ് മറ്റുള്ള നാലുപേർ.

അതേസമയം മുതിർന്ന സിറ്റിംഗ് ജഡ്ജിമാരിൽ ആദ്യത്തെ മൂന്ന് പേരിൽ ജസ്റ്റിസ് ഭാനുമതി എത്തില്ല. സീനിയോറിറ്റി ക്രമത്തിൽ മുന്നിലുള്ള മറ്റു നാലു ജഡ്ജിമാരും ഭാനുമതിക്ക് ശേഷമാണ് വിരമിക്കുന്നത്. ഭാനുമതി വിരമിക്കുമ്പോൾ ജസ്റ്റിസ് യു. യു ലളിത് കൊളീജിയം അംഗമാകും.

സുപ്രീംകോടതിയിലെ 34 ജഡ്ജിമാരിൽ മൂന്ന് പേർ മാത്രമാണ് വനിതകൾ. ജസ്റ്റിസ് ഇന്ദുമൽഹോത്ര, ജസ്റ്റിസ് ഇന്ദിരബാനർജി എന്നിവരാണ് മറ്റ് രണ്ടുപേർ. സുപ്രീംകോടതിയിൽ മൂന്നു വനിതാ സിറ്റിംഗ് ജഡ്ജിമാരുണ്ടാകുന്നത് തന്നെ ചരിത്രത്തിൽ ആദ്യമാണ്.

ജസ്റ്റിസ് ഭാനുമതി

  • തമിഴ്‌നാട് സ്വദേശി
  • 19888 ൽ ജില്ലാ ജഡ്ജി
  • 2003ൽ മദ്രാസ് ഹൈക്കോടതി ജഡ്ജി
  • 2013ൽ ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്
Tags :