പിഎസ്‌സി തട്ടിപ്പ് ; റാങ്കുകാരുടെ വീടുകളിൽ നിന്ന് ഫോണും മെമ്മറി കാർഡുകളും കണ്ടെത്തി

പിഎസ്‌സി തട്ടിപ്പ് ; റാങ്കുകാരുടെ വീടുകളിൽ നിന്ന് ഫോണും മെമ്മറി കാർഡുകളും കണ്ടെത്തി

സ്വന്തം ലേഖിക

തിരുവനന്തപുരം: പി.എസ്.സിയുടെ കോൺസ്റ്റബിൾ പരീക്ഷയിൽ തട്ടിപ്പു നടത്തിയെന്ന് ‘റാങ്കുകാരായ’ ശിവരഞ്ജിത്തും നസീമും സമ്മതിച്ചതിനു പിന്നാലെ ഇവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ രണ്ട് മൊബൈലുകളും മൂന്ന് മെമ്മറി കാർഡുകളും പിടിച്ചെടുത്തു. ഹൈടെക്ക് കോപ്പിയടിക്ക് ഉപയോഗിച്ച ഫോണുകളാണ് ഇവയെന്നാണ് സൂചന.

പിടിച്ചെടുത്ത ഉപകരണങ്ങൾ ഫോറൻസിക് പരിശോധന നടത്തിയാലെ ഇവയുപയോഗിച്ചാണോ തട്ടിപ്പു നടത്തിയതെന്ന് വ്യക്തമാകൂ. ഉത്തരങ്ങൾ എസ്.എം.എസായി അയച്ചുകൊടുത്ത പേരൂർക്കട എസ്.എ.പി ക്യാമ്പിലെ കോൺസ്റ്റബിൾ ഗോകുൽ, വി.എസ്.എസ്.സിയിലെ താത്കാലിക ജീവനക്കാരനായ കല്ലറ സ്വദേശി സഫീർ എന്നിവരുടെ വീടുകളിൽ നേരത്തേ നടത്തിയ റെയ്ഡിൽ രണ്ട് ലാപ്‌ടോപ്പുകൾ പിടിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, പരീക്ഷാഹാളിന് പുറത്തുവച്ച മൊബൈൽഫോൺ ബ്ലൂടൂത്ത് വഴി കൈയിലെ സ്മാർട്ട് വാച്ചുമായി ബന്ധിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്നാണ് സൂചന. നാലു സെറ്റ് ചോദ്യപേപ്പറുള്ളതിനാൽ ഉത്തരമയയ്ക്കാൻ നാലുപേരെ ചുമതലപ്പെടുത്തിയിരുന്നു. ഇവർ എസ്.എം.എസ് ആയി ഫോണിലേക്ക് അയച്ച ഉത്തരങ്ങൾ ബ്ലൂടൂത്ത് വഴി വാച്ചിൽ സ്വീകരിക്കുകയായിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും പ്രണവിന് 78 സന്ദേശങ്ങളും എത്തിയതായി പി.എസ്.സി ആഭ്യന്തര വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പരീക്ഷയിൽ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 28-ാം റാങ്കുമാണ്. രണ്ടാം റാങ്കുകാരൻ പ്രണവിന്റെ ഫോണിലേക്കാണ് സഫീർ സന്ദേശമയച്ചത്. ഇവരെല്ലാം പരീക്ഷയെഴുതിയത് വിവിധ കേന്ദ്രങ്ങളിലായിരുന്നെങ്കിലും, ഇവർ പഠിക്കുന്ന യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നാണ് ചോദ്യപേപ്പർ പുറത്തുപോയതെന്നാണ് നിഗമനം.

പരീക്ഷയ്‌ക്കെത്താത്തവരുടെ ചോദ്യപേപ്പർ കോളേജിലെ ജീവനക്കാരോ അദ്ധ്യാപകരോ വാട്‌സ്ആപ്പിലൂടെ പുറത്തേക്ക് അയച്ചതായാണ് സംശയം. കേസിൽ അഞ്ചുപേരെ പ്രതികളാക്കിയെങ്കിലും സന്ദേശങ്ങളയച്ച സഫീർ, ഗോകുൽ, രണ്ടാം റാങ്കുകാരൻ പ്രണവ് എന്നിവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഗോകുലിന്റെ ബൈക്ക് ഇപ്പോഴും എസ്.എ.പി ക്യാമ്പിലുണ്ട്. തുടർച്ചയായി 21 ദിവസം ഹാജരാകാതിരുന്നാൽ ഇയാൾക്കെതിരെ അച്ചടക്ക നടപടിയെടുക്കാം.

ജില്ല വിട്ടതായി കരുതപ്പെടുന്ന ഗോകുലിന്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ നിരവധി പി.എസ്.സി ഗൈഡുകൾ കണ്ടെത്തി. ഇയാൾ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതായും വിവരമുണ്ട്. ഉത്തരങ്ങൾ കണ്ടെത്താൻ കൂടുതൽ പേർ ‘റാങ്കുകാരെ’ സഹായിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. അല്ലെങ്കിൽ ചുരുങ്ങിയ സമയത്തിനകം ഇത്രയധികം ഉത്തരങ്ങൾ കണ്ടെത്താനാവില്ല.