പി. എസ്. സി പരീക്ഷാ തട്ടിപ്പ് ; മൂന്ന് പോലീസുകാർക്ക് കൂടി പങ്ക്

പി. എസ്. സി പരീക്ഷാ തട്ടിപ്പ് ; മൂന്ന് പോലീസുകാർക്ക് കൂടി പങ്ക്

 

തിരുവനന്തപുരം: പി.എസ്.സി. പരീക്ഷയിൽ എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നു പോലീസുകാർ കൂടി കുരുക്കിൽ. പരീക്ഷയിൽ കോപ്പിയടിക്കുന്നതിന് സഹായിച്ചതിന് അറസ്റ്റിലായ എസ്.എ.പി. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ വി.എം. ഗോകുലിനെ രക്ഷിക്കാനായി കൃത്രിമ രേഖ ചമച്ചതിനു പുതുതായി രജിസ്റ്റർ ചെയ്ത കേസിലാണ് സഹപ്രവർത്തകരായ ടി.എസ്. രതീഷ്, എബിൻ പ്രസാദ്, ലാലു രാജ് എന്നിവരെയും പ്രതിചേർത്തത്.

ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. ടോമിൻ തച്ചങ്കരിയുടെ നിർദേശപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഗോകുലാണ് ഒന്നാം പ്രതി. അറസ്റ്റിലായ എസ്.എഫ്.ഐ. നേതാക്കളായ ആർ. ശിവരഞ്ജിത്, എ.എൻ. നസീം എന്നിവർക്ക് ഇലക്‌ട്രോണിക് ഉപകരണത്തിന്റെ സഹായത്തോടെയാണ് പരീക്ഷയിൽ ശരിയുത്തരങ്ങൾ എത്തിച്ചതെന്ന വാദം പൊളിക്കുന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പരീക്ഷാസമയത്തു ഗോകുൽ പരീക്ഷാഹാളിനു സമീപം എത്തിയതിന് തെളിവുകൾ കിട്ടിയിട്ടുണ്ട്. എന്നാൽ കോപ്പിയടിക്കുന്നതിനായി ഇലക്‌ട്രോണിക് ഉപകരണങ്ങളാണ് ഉപയോഗിച്ചതെങ്കിൽ ഗോകുൽ പരീക്ഷാഹാളിനു സമീപത്ത് എത്തേണ്ട കാര്യമില്ല.
ഡ്യൂട്ടിക്കിടെ, ഓഫീസിലിരുന്നു ചെയ്യാവുന്ന കാര്യമേയുള്ളൂ. പരീക്ഷാഹാളിനു സമീപമെത്തിയത് ഉത്തരങ്ങൾ നേരിട്ടു കൈമാറാൻ വേണ്ടിയാകാം. അങ്ങനെയെങ്കിൽ, ഇതുവരെ അജ്ഞാതനായ ഒരാളുടെ സഹായം കൂടി ഉണ്ടായിരുന്നെന്നു വ്യക്തം. മിക്കവാറും ഇൻവിജിലേറ്റർമാരിൽ ഒരാൾ തന്നെയാവാനാണ് സാധ്യത ! എന്നാൽ ഇതുവരെ ആ ദിശയിലേക്ക് അന്വേഷണം നീങ്ങിയിട്ടില്ല. കോപ്പിയടിക്കു സഹായിക്കാൻ യൂണിവേഴ്‌സിറ്റി കോളജ് അനക്‌സിലുണ്ടായിരുന്ന അതേസമയം ഗോകുൽ ഓഫീസിലുമുണ്ടായിരുന്നു എന്നാണു രേഖ. ഗോകുൽ ഓഫീസിലുണ്ടായിരുന്നെന്നു സ്ഥാപിച്ചെടുക്കുന്നതിനായി കൃത്രിമരേഖ ചമച്ചതിന്റെ പേരിലാണു മൂന്നു പോലീസുകാരെക്കൂടി പ്രതിചേർത്ത് പുതിയ കേസെടുത്തത്.

പി. എസ്. സി പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ അഞ്ചാം പ്രതിയാണു ഗോകുൽ. പരീക്ഷയിൽ എസ്.എഫ്.ഐ. നേതാക്കൾ ഉയർന്ന റാങ്ക് നേടിയിരുന്നു. ശിവരഞ്ജിത്തിന് ഒന്നാം റാങ്കും പി.പി. പ്രണവിനു രണ്ടാം റാങ്കും നസീമിന് 28-ാം റാങ്കുമാണു ലഭിച്ചത്. ഗോകുലും പ്രണവും ഇവരെ സഹായിച്ച സഫീറും റിമാൻഡിലാണ്. എന്നാൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group