play-sharp-fill
8 മാസം ഗർഭിണിയായ യുവതിയെ സ്കാൻ ചെയ്യുന്നതിന് കോട്ടയം മെഡിക്കൽ കോളേജ് പരിസരത്തുള്ള ലാബുകളിൽ 2500 രൂപ ; അതേ കുറിപ്പടിയുമായി കോട്ടയം ടൗണിലെത്തിയാൽ 1500 രൂപ ; വ്യത്യാസം വന്ന 1000 രൂപ ഡോക്ടറുടെ കമ്മീഷനോ? സകല പരിശോധനയ്ക്കും ഇരട്ടി ചാർജ്; മെഡിക്കൽ കോളേജ് പരിസരത്തുള്ള ലാബുകളുടെ തീവെട്ടിക്കൊള്ളയ്ക്ക് ആര് അറുതി വരുത്തും

8 മാസം ഗർഭിണിയായ യുവതിയെ സ്കാൻ ചെയ്യുന്നതിന് കോട്ടയം മെഡിക്കൽ കോളേജ് പരിസരത്തുള്ള ലാബുകളിൽ 2500 രൂപ ; അതേ കുറിപ്പടിയുമായി കോട്ടയം ടൗണിലെത്തിയാൽ 1500 രൂപ ; വ്യത്യാസം വന്ന 1000 രൂപ ഡോക്ടറുടെ കമ്മീഷനോ? സകല പരിശോധനയ്ക്കും ഇരട്ടി ചാർജ്; മെഡിക്കൽ കോളേജ് പരിസരത്തുള്ള ലാബുകളുടെ തീവെട്ടിക്കൊള്ളയ്ക്ക് ആര് അറുതി വരുത്തും

ഏ. കെ. ശ്രീകുമാർ

കോട്ടയം: മെഡിക്കല്‍ കോളേജ് പരിസരത്തുള്ള ലാബുകളില്‍ സ്‌കാനിങ്ങിന് അമിത തുക ഈടാക്കുന്നതായി പരാതി. 8മാസം ഗര്‍ഭിണിയായ   യുവതിയാണ് മെഡിക്കല്‍ കോളേജ് പരിസരത്തെ ലാബുകളുടെ തീവെട്ടിക്കൊള്ളയെക്കുറിച്ച് തേര്‍ഡ് ഐ ന്യൂസില്‍ പരാതിയുമായെത്തിയത്.

യുവതിയുടെ വാക്കുകള്‍;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ കോട്ടയം മെഡിക്കല്‍ കോളേജിലാണ് കാണിക്കുന്നത്. സാമ്പത്തികം കുറവായത് കൊണ്ടാണ് വീടിന് സമീപത്തുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാതെ മെഡിക്കല്‍ കോളേജില്‍ തന്നെ എത്തുന്നത്. കോവിഡ് കാലത്ത് അവിടെ വരെയുള്ള യാത്രയ്ക്ക് തന്നെ നല്ലൊരു തുക ചിലവാകുന്നുണ്ട്.

ഇപ്പോള്‍ എട്ട് മാസമായി. കഴിഞ്ഞ തവണ ചെന്നപ്പോള്‍ ഡോക്ടര്‍ സ്‌കാനിങ്ങിന് കുറിച്ച ശേഷം മെഡിക്കല്‍ കോളേജിന് സമീപത്തുള്ള സ്വകാര്യ ലാബില്‍ തന്നെ സ്‌കാന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇത് പ്രകാരം സ്‌കാനിങ്ങിനായി ലാബില്‍ എത്തിയപ്പോഴാണ് 2500 രൂപയാണ് ഫീസ് ഈടാക്കുന്നതെന്ന് അറിഞ്ഞത്. അത്രയും തുക കയ്യിലില്ലാത്തതിനാല്‍ തിരികെപ്പോന്നു.

പിന്നീട് ഒരു ബന്ധു കോട്ടയത്ത് തിരക്കിയപ്പോള്‍ ബേക്കര്‍ ജംഗ്ഷനിലുള്ള ലാബില്‍ 1500 രൂപ മാത്രമേ സ്‌കാനിങ്ങിന് ഈടാക്കുന്നുള്ളൂ എന്നറിഞ്ഞു. അവിടെയാണ് ഇപ്പോള്‍ സ്‌കാന്‍ ചെയ്തത്. ആയിരം രൂപയാണ് ലാഭം കിട്ടിയത് . എന്നെപ്പോലൊരു സാധാരണക്കാരിക്ക് ആയിരം രൂപയുടെ വ്യത്യാസം ചെറുതല്ല. ആരോട് പരാതി പറയാനാണ്. നിങ്ങള്‍ ഈ പ്രശ്‌നത്തിൽ ഇടപെടുമെന്നും, ഇത്തരം കാര്യങ്ങൾ വിട്ടുകളയില്ലെന്ന് ഉറപ്പുള്ളതിനാലുമാണ് ഇവിടെ വന്ന് പറയുന്നത്.’

മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പരിസരത്തുള്ള സ്വകാര്യ ലാബുകളില്‍ പരിശോധനകള്‍ക്ക് അമിത ചാര്‍ജ് ഈടാക്കുന്നത് പതിവാണ്. ഇതിനെതിരെ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അമിത തുക ഡോക്ടറുടെ കമ്മീഷനാണോ ലാബുകാരുടെ ബിസിനസിന്റെ ഭാഗമാണോയെന്ന കാര്യത്തില്‍ മാത്രമേ വ്യക്തത വരാനുള്ളൂ.

ഒരേ പരിശോധനയ്ക്ക് രണ്ട് തുക പല ലാബുകാർ ഈടാക്കുന്നത് ചോദ്യം ചെയ്യാന്‍ ആരും മുന്‍പോട്ട് വരാത്തതാണ് ഇത്തരം അഴിമതികള്‍ വ്യാപകമാകാന്‍ കാരണം. നിര്‍ധനരോഗികളെ പിഴിഞ്ഞ് കാശുണ്ടാക്കുന്ന കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്തെ സ്വകാര്യ ലാബുകളിലെ തീവെട്ടിക്കൊള്ളയെപ്പറ്റി നിരവധി പരാതികളാണ് ഉയരുന്നത്.

ഇന്നലെ മുണ്ടക്കയത്തു നിന്ന് മെഡിക്കൽ കോളേജിലെത്തിയയാൾക്കും സമാന അനുഭവമുണ്ടായി.

ഹൃദയസംബന്ധമായി  നടത്തുന്ന പരിശോധനയ്ക്ക് സർക്കാർ ആശുപത്രികളിൽ 250 മുതൽ 400 രൂപ വരെയാണ് നിരക്ക്. എന്നാൽ സ്വകാര്യ ലാബുകാർ രോഗികളിൽ നിന്നും 1200 മുതൽ- 1500 രൂപ വരെയാണ് ഈടാക്കുന്നത്. എന്നാൽ ഒരു ലാബിൽ 700 രൂപ മാത്രം ഈടാക്കുന്നുള്ളൂ. ബുധനാഴ്ച അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയ വൃദ്ധയിൽ നിന്നും സ്വകാര്യ ലാബുകാർ പരിശോധനയ്ക്ക് ആവശ്യപെട്ടത് 1200 ഉം 1500മാണ്. പിന്നീട് മറ്റൊരു ലാബിൽ എത്തിയപ്പോഴാണ് 700 രൂപ വാങ്ങി പരിശോധന നടത്തിയത്.

മെഡിക്കൽ കോളേജിന് സമീപമുളള     സ്വകാര്യ ലാബുകാരുടെ കൊളളക്ക് അറുതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചില ഡോക്ടർമാർക്ക് മെഡിക്കൽ കോളേജിന് സമീപമുള്ള പ്രമുഖ ലാബിൻ്റെ റിസൾട്ട് കണ്ടാൽ മാത്രമേ തൃപ്തിവരു. ഇതിൻ്റെയെല്ലാം പുറകിൽ വൻ കമ്മീഷനാണ് ലഭിക്കുന്നത്.