തൊണ്ണൂറ് ദിവസമേ താലി കാണൂ എന്നാ അവൻ പറഞ്ഞത് , അത് നടത്തി ; ഹരിതയുടെ അച്ഛനും അമ്മാവനും പലതവണ ഭീഷണിപ്പെടുത്തിയെന്ന് അനീഷിന്റെ അച്ഛൻ ആറുമുഖൻ

തൊണ്ണൂറ് ദിവസമേ താലി കാണൂ എന്നാ അവൻ പറഞ്ഞത് , അത് നടത്തി ; ഹരിതയുടെ അച്ഛനും അമ്മാവനും പലതവണ ഭീഷണിപ്പെടുത്തിയെന്ന് അനീഷിന്റെ അച്ഛൻ ആറുമുഖൻ

സ്വന്തം ലേഖകൻ

പാലക്കാട്: ദുരഭിമാനത്തിന്റെ ഇരയായ അനീഷിന്റെ ഭാര്യ ഹരിതയെ അച്ഛനും അമ്മാവനും പല തവണ ഭീഷണിപ്പെടുത്തിയിരുന്നെന്ന് അനീഷിന്റെ അച്ഛൻ ആറുമുഖൻ. ഹരിതയുടൈ അച്ഛൻ പ്രഭുകുമാർ ഫോണിലൂടെയും, അമ്മാവൻ സരേഷ് വീട്ടിൽ നേരിട്ടെത്തിയും മൂന്നു നാല് തവണ ഭീഷണിപ്പെടുത്തിയെന്നും ആറുമുഖൻ പറഞ്ഞു.

ഇളയ കുട്ടിക്ക് ഓൺലൈനായി പഠിക്കാൻ വാങ്ങിക്കൊടുത്ത ഫോൺ സരേഷ് എടുത്തുകൊണ്ടപോയി. സ്ഥിരമായി മദ്യപിച്ചാണ് സരേഷ് എത്തിയിരുന്നത്. എന്നാൽ ഇതിനെതിരെ പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും ആറുമുഖൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”എനിക്ക് എട്ട് മക്കളാ. മൂത്തവനാ ഇവൻ. കുട്ടിയുടെ അമ്മാവൻ ഇടയ്ക്കിടയ്ക്ക് ഇവിടെ വരുമായിരുന്നു.ഭീഷണിപ്പെടുത്തിയിട്ട് പോകും. തൊണ്ണൂറ് ദിവസമേ താലി കാണൂ എന്നാ അവൻ പറഞ്ഞത്. അത് നടത്തി”, ഇത് പറയുമ്പോൾ ആറുമുഖന്റെ വാക്കുകൾ മുറിയുന്നുണ്ട്.

തെരഞ്ഞെടുപ്പിന്റെ തിരക്കുകളാണെന്ന് പറഞ്ഞാണ് സ്ഥലം എസ്‌ഐ പരാതിയിൽ നടപടികളെടുക്കാതിരുന്നതെന്ന് ആറുമുഖൻ പറയുന്നു. സരേഷ് സംസാരിച്ചത് റെക്കോഡ് ചെയ്യാൻ ശ്രമിച്ചെന്ന് പറഞ്ഞാണ് ഫോൺ പിടിച്ചുവാങ്ങിയതെന്ന് ഹരിതയും പറയുന്നു.

സുഹൃത്തായ അരുണിനൊപ്പം ക്രിസ്മസ് ദിനത്തിൽ വൈകിട്ട് കടയിലേക്ക് പോവുകയായിരുന്നു അനീഷ്. പോകുന്ന വഴിയ്ക്കാണ് കാത്തിരുന്ന് ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ സരേഷും കമ്പിയും വടിവാളുമായി ആക്രമിച്ചത്. കമ്പി കൊണ്ടടിച്ച് വീഴ്ത്തിയതിന് ശേഷം വടിവാള് കൊണ്ട് ആദ്യം കാലിലും കഴുത്തിലുമായി വെട്ടുകയായിരുന്നു.

”കല്യാണം കഴിഞ്ഞ് കൃത്യം മൂന്ന് മാസം തികയുന്ന ദിവസമായിരുന്നു ഇന്നലെ. അന്നാണിത് ചെയ്തത്. സ്‌പ്ലെൻഡർ ബൈക്കിലാണ് അവർ വന്നത്. വണ്ടി തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു”, എന്ന് അനീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ദൃക്‌സാക്ഷിയുമായ അരുൺ പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. കുഴൽമന്ദം എനമന്ദം സ്വദേശി അനീഷ് മൂന്ന് മാസം മുമ്പാണ് ഹരിത എന്ന പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചത്.

അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ഒളിവിൽ പോയ ഹരിതയുടെ അച്ഛൻ പ്രഭുകുമാറിനെയും അമ്മാവൻ സുരേഷിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അൽപ സമയത്തിനകം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും .