വാര്‍ത്തകള്‍ ഇനി ഹിന്ദുസ്ഥാന്‍ സമാചാര്‍ നല്‍കും; ദൂരദര്‍ശനും ആകാശവാണിയും വാർത്തകൾക്കായി ഇനി ആശ്രയിക്കുക ആർ എസ് എസ് പിന്തുണയുള്ള ഏജന്‍സിയെ; പിടിഐയെ ഒഴിവാക്കി  ഹിന്ദുസ്ഥാന്‍ സമാചാറുമായി കരാറില്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്

വാര്‍ത്തകള്‍ ഇനി ഹിന്ദുസ്ഥാന്‍ സമാചാര്‍ നല്‍കും; ദൂരദര്‍ശനും ആകാശവാണിയും വാർത്തകൾക്കായി ഇനി ആശ്രയിക്കുക ആർ എസ് എസ് പിന്തുണയുള്ള ഏജന്‍സിയെ; പിടിഐയെ ഒഴിവാക്കി ഹിന്ദുസ്ഥാന്‍ സമാചാറുമായി കരാറില്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി:ഇന്ത്യയുടെ പൊതു ബ്രോഡ്കാസ്റ്ററായ പ്രസാര്‍ ഭാരതി ദൈനംദിന വാര്‍ത്തകള്‍ക്കായി ഇനി പൂര്‍ണമായും ആശ്രയിക്കുക ആര്‍.എസ്.എസ് പിന്തുണയുള്ള വാര്‍ത്താ ഏജന്‍സിയെ. ഇന്ത്യയിലെ പൊതുമേഖല ബ്രോഡ്കാസ്റ്ററായ പ്രസാര്‍ ഭാരതി ആര്‍എസ്‌എസ് പിന്തുണയുളള വാര്‍ത്താ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ സമാചാറുമായി കരാ‍ര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ടുകള്‍.

പ്രസാര്‍ഭാരതിക്ക് കീഴിലുളള ദൂരദര്‍ശനും ആകാശവാണിയും ഹിന്ദുസ്ഥാന്‍ സമാചാറിന് കീഴിലാകും.ഇതോടെ ദൈനംദിന വാര്‍ത്തകള്‍ക്കായി പ്രസാര്‍ ഭാരതി ഇനി ഹിന്ദുസ്ഥാന്‍ സമാചാറിനെയാവും സമീപിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറഞ്ഞത് പത്ത് ദേശീയ വാര്‍ത്തകളും പ്രാദേശിക ഭാഷകളിലുളള നാല്‍പ്പത് പ്രാദേശിക വാര്‍ത്തകളുമുള്‍പ്പെടെ നൂറ് വാര്‍ത്തകള്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ പ്രസാര്‍ ഭാരതിക്ക് നല്‍കും. 2017 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ പ്രസാര്‍ ഭാരതിക്ക് വാര്‍ത്തകള്‍ സൗജന്യമായി നല്‍കുന്നുണ്ടായിരുന്നു. 2023 ഫെബ്രുവരി ഒമ്പതിന് ഇരു കക്ഷികളും ഔപചാരികമായി കരാറില്‍ ഒപ്പിട്ടത്. 2025 മാര്‍ച്ചില്‍ അവസാനിക്കുന്ന രണ്ട് വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷന് ഏകദേശം 7.7 കോടി രൂപ പ്രസാര്‍ ഭാരതി ഹിന്ദുസ്ഥാന്‍ സമാചാറിന് നല്‍കുമെന്നാണ് കരാറില്‍ പറയുന്നത്.

2020 ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സിയായ പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായി സബ്സ്ക്രിപ്ഷന്‍ പ്രസാര്‍ ഭാരതി റദ്ദാക്കിയിരുന്നു. പിടിഐയുടെ എഡിറ്റര്‍-ഇന്‍-ചീഫായിരുന്ന എം കെ റസ്ദാന്‍ പടിയിറങ്ങിയ ശേഷം തങ്ങളുടെ നോമിനിയെ തിരഞ്ഞെടുക്കാന്‍ മോദി സര്‍ക്കാര്‍ പിടിഐ ബോര്‍ഡില്‍ സമ്മര്‍ദം ചെലുത്തിയതായി 2016 ല്‍ ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ അവഗണിച്ച്‌ ബോര്‍ഡ് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വിജയ് ജോഷിയെ പിടിഐയുടെ എഡിറ്റോറിയല്‍ തലവനായി നിയമിക്കുകയായിരുന്നു.

അന്യായ സബ്സ്‌ക്രിപ്ഷന്‍ ഫീസ് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2017 ല്‍ പരമ്പരാഗത വാര്‍ത്താ ഏജന്‍സികളുടെ സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പബ്ലിക് ബ്രോഡ്കാസ്റ്ററിന് നിര്‍ദ്ദേശം നല്‍കിയതായാണ് പ്രസാര്‍ ഭാരതിയിലെ വൃത്തങ്ങള്‍ പറയുന്നത്.

പിടിഐയെയും യുഎന്‍ഐയെയും നീക്കം ചെയ്യാനും ഹിന്ദുസ്ഥാന്‍ സമാചാറിനെ പ്രക്ഷേപണത്തിന്റെ പ്രാഥമിക വാര്‍ത്താ ഏജന്‍സിയായി ഉള്‍പ്പെടുത്താനും നരേന്ദ്ര മോദി സര്‍ക്കാരിന്റെ സമ്മര്‍ദ്ദം പ്രസാര്‍ ഭാരതിയിലുണ്ടെന്ന് മുന്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മനീഷ് തിവാരി ട്വീറ്റ് ചെയ്തിരുന്നു.

പിടിഐയെ ഒഴിവാക്കി ഹിന്ദുസ്ഥാന്‍ സമാചാറുമായി ബന്ധം സ്ഥാപിക്കുന്നത് ആര്‍എസ്‌എസ് അനുകൂല വാര്‍ത്ത നല്‍കാനാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. 1948 ല്‍ ആണ് ബഹുഭാഷ വാര്‍ത്ത ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ സമാചാര്‍ സ്ഥാപിച്ചത്. മുതിര്‍ന്ന ആര്‍എസ്‌എസ് പ്രചാരകനും വിശ്വഹിന്ദു പരിഷത്ത് സഹസ്ഥാപകനുമായ ശിവറാം ശങ്കര്‍ ആപ്തേയും ആര്‍എസ്‌എസ് നേതാവ് എം എസ് ഗോള്‍വാള്‍ക്കറുമാണ് ഹിന്ദുസ്ഥാന്‍ സമാചാറിന്റെ സ്ഥാപകര്‍. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ സര്‍ക്കാര്‍ പരസ്യങ്ങളുടെ സ്ഥിരം ഗുണഭോക്താവാണ്.