തിരുവനന്തപുരത്തും കെവിൻ മോഡൽ കൊലപാതകം: തട്ടിക്കൊണ്ടു പോയ യുവാവിനെ കൊലപ്പെടുത്തിയിട്ടും പൊലീസ് അനങ്ങിയില്ല; പൊലീസിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരത്തും കെവിൻ മോഡൽ കൊലപാതകം: തട്ടിക്കൊണ്ടു പോയ യുവാവിനെ കൊലപ്പെടുത്തിയിട്ടും പൊലീസ് അനങ്ങിയില്ല; പൊലീസിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അരങ്ങേറിയത് കോട്ടയം ഗാന്ധിനഗറിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി ജില്ലകൾക്കപ്പുറത്തുള്ള തോട്ടിൽ കൊന്ന് തള്ളിയ സംഭവത്തിനു സമാനമായ കൊലപാതകമെന്നു സൂചന. കെവിൻ കേസിൽ പൊലീസിന്റെ ഒത്താശയോടെ യുവാവിനെ തട്ടിക്കൊണ്ടു പോയ ഗുണ്ടാ സംഘം മർദിച്ചു കൊലപ്പെടുത്തുകയായിരുന്നെങ്കിൽ, ഇവിടെ കോൺഗ്രസ് പ്രവർത്തകനായ യുവാവിനെ തട്ടിക്കൊണ്ടു പോയി തല്ലിക്കൊന്ന വിവരം അറിഞ്ഞിട്ടും പൊലീസ് അനങ്ങിയിട്ടില്ല.
യുവാാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിന്റെ ഇടപെടൽ വൈകിയെന്ന് മനുഷ്യാവകാശ കമ്മീഷൻ ആരോപിച്ചു. സംഭവത്തിൽ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നേരത്തെ വിവരമറിയിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞ ശേഷമാണ് പൊലീസ് എത്തിയതെന്ന് ദൃക്സാക്ഷികൾ ആരോപിച്ചിരുന്നു. പൊലീസ് തുടക്കത്തിൽ അന്വേഷണത്തിൽ സജീവമായിരുന്നില്ലെന്ന് യുവാവിന്റെ ബന്ധുക്കളും ആരോപിച്ചിരുന്നു. കൊഞ്ചിറവിള ഓരിക്കാമ്പിൽ വീട്ടിൽ അനന്തു ഗീരീഷ്(21) ആണു കൊല്ലപ്പെട്ടത്. ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണു ലഭിക്കുന്ന സൂചന.

ചൊവ്വാഴ്ച വൈകിട്ട് കരമന അരശുമൂട്ടിലെ ബേക്കറിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അനന്തുവിനെ നാലു പേരടങ്ങുന്ന സംഘം ബൈക്കിലെത്തി തട്ടിക്കൊണ്ടു പോയതായി ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. നാട്ടുകാരിലൊരാൾ തടയാൻ ശ്രമിച്ചപ്പോൾ അക്രമിസംഘം വിരട്ടിയോടിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് കൈമനത്തിനു സമീപം ആളൊഴിഞ്ഞ തോട്ടത്തിൽ ഇന്നലെ രാവിലെ ജഡം കണ്ടെത്തിയത്. കൈ ഞരമ്പുകൾ മുറിച്ചിരുന്നു. ദേഹമാസകലം ക്രൂരമായ മർദനമേറ്റതിന്റെ പാടുകളുമുണ്ട്. തലയിലും ശരീരത്തുമുള്ള ആഴമേറിയ മുറിവുകൾ മരണകാരണമായെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയോട്ടി തകർന്നതായും റിപ്പോർട്ടിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു ദിവസം മുൻപു കൊഞ്ചിറവിള ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു സംശയം. അനന്തുവും സുഹൃത്തുക്കളും ഉൾപ്പെട്ട പക്കമേള സംഘവും മറ്റൊരു സംഘവുമായിട്ടായിരുന്നു തർക്കം. അതു കയ്യാങ്കളിയിൽ എത്തിയിരുന്നു. കൈമനത്തു ദേശീയ പാതയ്ക്കു സമീപം സാങ്കേതിക പരീക്ഷാ കൺട്രോളറുടെ ഓഫിസ് കെട്ടിടത്തിനു വശത്തുള്ള തോട്ടത്തിലാണു മൃതദേഹം കിടന്നിരുന്നത്. സമീപം രക്തം തളം കെട്ടിയിരുന്നു. അനന്തുവിനെ ഇവിടെയെത്തിച്ചു മർദിച്ചതാകാമെന്നാണു കരുതുന്നത്.

ഇതിനു സമാനമായ കൊലപാതകം തന്നെയാണ് കഴിഞ്ഞ വർഷം മേയിൽ കോട്ടയം ഗാന്ധിനഗറിലുമുണ്ടായത്. ഗാന്ധിനഗർ സ്വദേശിയായ കെവിനെ പുനലൂർ സ്വദേശിയായ കാമുകി നീനുവിന്റെ ബന്ധുക്കൾ ചേർന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. ഇതിൽ ആരോപണ വിധേയനായ എസ്.ഐയെയും, എ.എസ്.ഐയെയും സർവീസിൽ നിന്നു പിരിച്ചു വിടുകയും ചെയ്തിരുന്നു.