പോലീസിന്‍റെ ബ്രീത്ത് അനലൈസർ പരിശോധനയില്‍ കുടുങ്ങി മദ്യപിക്കാത്തവര്‍; ഒടുവില്‍ ആശുപത്രിയില്‍ എത്തിച്ച് മെഡിക്കല്‍ പരിശോധന; പൊല്ലാപ്പിലായി എരുമേലി പോലീസ്….!
എരുമേലി: മദ്യപിക്കാത്ത രണ്ട് പേർ പോലീസിന്‍റെ ബ്രീത്ത് അനലൈസർ പരിശോധനയില്‍ കുടുങ്ങി.
ഒടുവില്‍ ആശുപത്രിയില്‍ എത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തി മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാഫലം ലഭിച്ചതോടെ ഇവരെ വിട്ടയച്ചു. കഴിഞ്ഞ ദിവസം എരുമേലി പാണപിലാവിലാണ് സംഭവം.
മദ്യപിച്ചെന്ന് സംശയം തോന്നി വഴിയില്‍ നിന്ന് പിടികൂടിയ നാലു പേരെ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പോലീസ് ബ്രീത്ത് അനലൈസർ ഉപയോഗിച്ചപ്പോള്‍ നാലുപേരും മദ്യപിച്ചെന്നു കാണിച്ച് ബീപ് ശബ്ദമുണ്ടായി. ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ലെന്ന് ഒരാള്‍ അവകാശപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒപ്പമുള്ളവരില്‍ മറ്റൊരാളും മദ്യപിച്ചിട്ടില്ലന്ന് പറഞ്ഞു. ഇത് ശരിയാണോ എന്നറിയാൻ പോലീസ് ഉദ്യോഗസ്ഥരും സ്വയം ബ്രീത്ത് അനലൈസർ പ്രവർത്തിപ്പിച്ചു പരിശോധിച്ചപ്പോള്‍ ബീപ് ശബ്ദമുണ്ടായില്ല. ഇതോടെ നാലുപേരും മദ്യപിച്ചെന്ന സംശയം ശക്തമായി.
എന്നാല്‍ മദ്യപിച്ചിട്ടില്ലെന്നും അനലൈസർ തെറ്റായി സിഗ്നല്‍ നല്‍കിയതാണെന്നും രണ്ടുപേർ അവകാശവാദം ആവർത്തിച്ചതോടെ നാലു പേരെയും എരുമേലി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തൊട്ടടുത്ത എരുമേലി സർക്കാർ ആശുപത്രിയില്‍ ഡോക്ടർ ഇല്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ അകലെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചാണ് ഇവരെ പരിശോധിച്ചത്.
മദ്യപിച്ചിട്ടില്ല എന്ന് അവകാശപ്പെട്ട രണ്ടുപേരും പരിശോധനയില്‍ മദ്യം കഴിച്ചിട്ടില്ലെന്ന് വ്യക്തമായി. ഇവരെ വിട്ടയച്ച പോലീസ് അനലൈസർ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് അറിയിച്ച് റിപ്പോർട്ട് നല്‍കിയിരിക്കുകയാണ്.