അറിയണം ഇതൊന്നും പ്രണയമല്ല, ദോഷകരമായ ബന്ധത്തിൽ  നിന്ന് എങ്ങനെ പിന്തിരിയും ; ബോധവൽക്കരണവുമായി പൊലീസ്

അറിയണം ഇതൊന്നും പ്രണയമല്ല, ദോഷകരമായ ബന്ധത്തിൽ നിന്ന് എങ്ങനെ പിന്തിരിയും ; ബോധവൽക്കരണവുമായി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

പ്രണയവുമായി ബന്ധപ്പെട്ടുള്ള കൊലപാതകങ്ങളും, അതിക്രമങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. പ്രണയ നൈരാശ്യം മൂലം പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥിനിയെ ഇന്നലെയാണ് യുവാവ് കൊലപ്പെടുത്തിയത്.

ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെ ഫേസ്ബുക്ക് കുറിപ്പിലൂടെ ബോധവല്‍ക്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദോഷകരമായ ബന്ധത്തില്‍ നിന്ന് എങ്ങനെ പിന്തിരിയാം, പ്രണയ നൈരാശ്യം എങ്ങനെ അതിജീവിക്കാം, ഇത്തരം സാഹചര്യങ്ങളില്‍ സുഹൃത്തുക്കളും രക്ഷിതാക്കളും ചെയ്യേണ്ട കാര്യങ്ങളെന്തൊക്കെയാണെന്നൊക്കെയാണ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പ്രണയം നിഷ്ടൂരമായ കൊലപാതകത്തില്‍ അവസാനിക്കുന്ന പ്രവണതയാണ് സാക്ഷര കേരളം എന്നഭിമാനിക്കുന്ന നമ്മുടെ നാട്ടില്‍ നടന്നുവരുന്നത്. പ്രണയത്തിലായിരുന്നപ്പോള്‍ പങ്കുവെച്ച ഫോട്ടോകളും, വീഡിയോകളും, മെസേജുകളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതും, അശ്ലീല വീഡിയോകളോ, ഭീഷണികളോ ആക്കി ഉപയോഗിക്കുന്ന പ്രവണതയും. അറിയണം ഇതൊന്നും പ്രണയമല്ല

എന്‍റെ ഇഷ്ടത്തിനനുസരിച്ച്‌ മാത്രം പെരുമാറിയാല്‍ മതി എന്ന വാശി. അനുസരിച്ചില്ലെങ്കില്‍ വൈകാരികമായ ബ്ലാക്ക്മെയിലിംഗ്

എവിടെ പോകണം, ആരോടൊക്കെ മിണ്ടണം, ഏതു വസ്ത്രം ധരിക്കണം തുടങ്ങിയ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങള്‍ക്ക് നിയന്ത്രണം.

ഫോണിലെ കോള്‍ലിസ്റ്റ്, മെസ്സേജുകള്‍ തുടങ്ങിയവയെല്ലാം പരിശോധിക്കുന്നത്.

എല്ലാ ബന്ധങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തി അകറ്റി നിര്‍ത്തിയതിനുശേഷം പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നവര്‍.

നീ പോയാല്‍ ഞാന്‍ ചത്തുകളയും, എന്നെ കൈവിട്ടാല്‍ നിന്നെ കൊല്ലും എന്ന പറച്ചിലുകള്‍.

ശരീരത്തില്‍ മുറിവുണ്ടാക്കി ചിത്രമെടുത്ത് അയക്കുന്നത്.

ദോഷകരമായ ബന്ധത്തില്‍ നിന്ന് എങ്ങനെ പിന്തിരിയാം

ഇത്തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്നവരാണെങ്കില്‍ ഉടനടി മനഃശാസ്ത്രപരമായ സഹായം തേടുക.

അങ്ങനെയുള്ള ബന്ധങ്ങളെ മനസ്സിലാക്കി ഉള്‍ക്കൊള്ളുക. അല്ലെങ്കില്‍ അത് നിങ്ങളുടെ തന്നെ ജീവിതം നഷ്ടമാക്കിയേക്കാം.

പ്രശ്നക്കാരായ പങ്കാളികളില്‍ നിന്ന് നയപരമായി പിന്‍വാങ്ങുക.

അവര്‍ അമിതമായി ദേഷ്യം ഉള്ളവരാണെങ്കില്‍ ബന്ധത്തില്‍ നിന്നും പിന്‍വാങ്ങുന്ന വിവരം ഫോണ്‍ മുഖേനയോ മറ്റു മാര്‍ഗ്ഗങ്ങളിലൂടെയോ അറിയിക്കുക.

വിശ്വസ്തരായവരുടെ സഹായം തേടുകയും സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറുകയും ചെയ്യുക. അവരുമായി തര്‍ക്കിക്കുകയോ അവരെ പ്രകോപിപ്പിക്കുകയോ ചെയ്യാതിരിക്കുക.

തെറ്റായ പ്രതീക്ഷകള്‍ അവര്‍ക്ക് നല്‍കാതിരിക്കുക.

എത്ര തന്നെ നിര്‍ബന്ധിച്ചാലും ഒറ്റയ്ക്കുള്ള കൂടികാഴ്ച്ചകള്‍ ഒഴിവാക്കുക.

അവര്‍ നിങ്ങളെ ഭീഷണിപ്പെടുത്തിയാല്‍ അവരോടൊപ്പം ഒരു ജീവിതം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ശാന്തമായി മനസിലാക്കി കൊടുക്കുക.

നല്ല ബന്ധത്തിലായിരുന്നപ്പോള്‍ എടുത്ത സ്വകാര്യ ഫോട്ടോകള്‍ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തിയാല്‍ ഭീഷണിക്കു വഴങ്ങാതിരിക്കുക. അത്തരം ഭീഷണികള്‍ക്ക് വഴങ്ങിക്കൊടുത്താല്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയേയുള്ളു.

ഭീഷണിപ്പെടുത്തിയാല്‍, അവരുടെ പ്രവൃത്തികള്‍ വലിയ പ്രശ്നങ്ങളില്‍ ചെന്ന് അവസാനിക്കുമെന്നും കുടുംബബന്ധങ്ങളെ വരെ അത് ബാധിക്കുമെന്നും ശാന്തമായി പറഞ്ഞു മനസിലാക്കുക.

ഭീഷണി തുടരുകയാണെങ്കില്‍ പൊലീസിന്റെ സഹായം തേടുക. (ഹെല്‍പ്‌ലൈന്‍ നമ്ബറുകള്‍ ശ്രദ്ധിക്കുക

നിങ്ങള്‍ക്കു ചുറ്റുമുള്ളവരുടെ പിന്തുണ തേടുക എന്നതാണ് ചെയ്യാന്‍ പറ്റുന്ന ഏറ്റവും സുരക്ഷിതവും അനുയോജ്യവുമായ കാര്യം.

പ്രണയ നൈരാശ്യം -: അതിജീവനം

പ്രണയബന്ധങ്ങള്‍ മനോഹരമാണ്. പക്ഷെ ചില സാഹചര്യങ്ങള്‍ മൂലം അത് അവസാനിച്ചേക്കാം.

ഇത്തരം സാഹചര്യങ്ങളെ അംഗീകരിക്കുക, ഉള്‍ക്കൊള്ളുക അതില്‍ നിന്നും പുറത്ത് വരാനുള്ള സാവകാശം സ്വയം നല്‍കുക.

ഈ സാഹചര്യവും കടന്ന് പോകുമെന്ന് വിശ്വസിക്കുക.

സ്വയം കുറ്റപ്പെടുത്തുകയോ കഴിഞ്ഞ കാര്യങ്ങളെ ഓര്‍ത്ത് വിഷമിക്കുകയോ ചെയ്യരുത്.

സ്വയം ശക്തരാകുവാന്‍ ശ്രമിച്ച്‌ കൊണ്ടിരിക്കുക. നിങ്ങളുടെ ഗുണങ്ങളിലും,കഴിവുകളിലും വിശ്വസിക്കുക. അതിനായി നിങ്ങള്‍ക്ക് വിശ്വാസമുള്ള ആളുകളുമായി മനസ് തുറക്കുക.

നന്നായി ജീവിക്കുക എന്നതാണ് സ്വയം നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനം.

പ്രണയബന്ധത്തിന്‍റെ തകര്‍ച്ചയില്‍ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയോ ഭയപെടുത്തുകയോ ചെയ്യരുത്. അങ്ങനെ ചെയ്യുന്നതിലൂടെ ജീവിതത്തിലെ വിലയേറിയ പലതും നിങ്ങള്‍ക്ക് നഷ്ടമായേക്കാം.

പ്രണയനൈരാശ്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ അവരെ പിന്തുടരാതിരിക്കുക. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കാം.

മനസ് സ്വയം ശാന്തമാക്കിയതിന് ശേഷം അവരോട് ക്ഷമിക്കുക. അവരെ സ്വയം ജീവിതം നയിക്കാന്‍ അനുവദിക്കുക.

നിങ്ങള്‍ എപ്പോഴും സുഹൃത്ബന്ധങ്ങളിലും ഇഷ്ടപ്പെട്ട പുസ്തകങ്ങളിലും കൂടുതല്‍ സമയം വിനിയോഗിക്കുക.

ആ വ്യക്തിയുമായി യാതൊരുവിധ ബന്ധത്തിനും മുതിരാതിരിക്കുക. അത്തരം സാഹചര്യങ്ങള്‍ നിങ്ങളുടെ മുറിവിനെ വ്രണപ്പെടുത്താന്‍ ഇടയാക്കാം.

കുറച്ചു നാളുകള്‍ അവരുമായി സമ്ബര്‍ക്കമില്ലാത്തപ്പോള്‍ നിങ്ങളുടെ വേദന കുറയുകയും മനസിനെ മറ്റുളള കാര്യങ്ങളിലേക്ക് കേന്ദ്രീകരിക്കാനും സാധിക്കും.

പ്രണയനൈരാശ്യത്തിന് ശേഷം നിങ്ങള്‍ക്കുണ്ടായ മാനസിക വിഷമത്തില്‍ നിന്നും മുക്തി നേടാനായി ഉടന്‍ തന്നെ മറ്റൊരു ബന്ധത്തിലേക്ക് പോകാതിരിക്കുക. ശരിയായ തീരുമാനം എടുക്കാന്‍ മനസ് പാകമാകുന്നത്‌ വരെ കാത്തിരിക്കുക.

മനസിന്‍റെ വേദന കുറയ്ക്കാന്‍ വേണ്ടി ഒരിക്കലും യാതൊരു വിധ ലഹരിക്കും അടിമപ്പെടരുത്. നിങ്ങള്‍ക്ക് മുന്നില്‍ അതിമനോഹരമായ ഒരു ജീവിതമുണ്ട്.

രക്ഷിതാക്കളോട്..

നിങ്ങളുടെ കുട്ടികളെ ചേര്‍ത്തുപിടിക്കുക.

അവരെ വിലയിരുത്താതിരിക്കുക, കുറ്റപ്പെടുത്താതിരിക്കുക.

അവര്‍ മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്നവരാണ്. അവരോടൊപ്പം നില്‍ക്കുക.

ഒരു അപകടത്തിനു ശേഷം അവരുടെ മുറിവുണങ്ങാന്‍ എങ്ങനെയാണോ നിങ്ങള്‍ സഹായിക്കുന്നത്, അതുപോലെ അവരുടെ മനസിനേറ്റ മുറിവിനെയും സുഖപ്പെടുത്താന്‍ അവരെ സഹായിക്കുക.

സുഹൃത്തുക്കളോട്

നിങ്ങളുടെ കൂട്ടുകാര്‍ പ്രണയ നൈരാശ്യത്തില്‍ ആയിരിക്കുമ്ബോള്‍ അവരെ കളിയാക്കരുത് (ഉദാ: തേച്ചിട്ടു പോയി, ചതിച്ചു എന്നിങ്ങനെയുള്ള വാക്കുകള്‍ പറഞ്ഞ് വേദനിപ്പിക്കാതിരിക്കുക)

അവരോടൊപ്പം നില്‍ക്കുക, അവരെ സമാധാനിപ്പിക്കുക.

അവര്‍ അവിവേകം ഒന്നും പ്രവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക.

ഒരു നല്ല ജീവിതം നയിക്കാന്‍ അവരെ സഹായിക്കുക, അതുതന്നെയാണ് ഒരു നല്ല സുഹൃത്ബന്ധത്തിന്റെ പ്രാധാന്യം.

വനിതകള്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങള്‍, മാനസിക, ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച്‌ പരാതികള്‍ [email protected] എന്ന വിലാസത്തിലേയ്ക്ക് മെയില്‍ അയയ്ക്കാം. 94 97 99 69 92, 181, 1515 എന്നീ ഹെല്‍പ്‌ലൈന്‍ നമ്ബറിലും സഹായം തേടാം.