ചര്‍മത്തില്‍ തൊടാതെ ഒരു കുട്ടിയുടെ മാറിടത്തില്‍ അമര്‍ത്തിയാല്‍ പീഡനമല്ല; പോക്സോ ചുമത്തണമെങ്കില്‍ പ്രതി വസ്ത്രത്തിനുള്ളിലൂടെ സ്പര്‍ശിക്കണമായിരുന്നു; ബോംബെ ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി

ചര്‍മത്തില്‍ തൊടാതെ ഒരു കുട്ടിയുടെ മാറിടത്തില്‍ അമര്‍ത്തിയാല്‍ പീഡനമല്ല; പോക്സോ ചുമത്തണമെങ്കില്‍ പ്രതി വസ്ത്രത്തിനുള്ളിലൂടെ സ്പര്‍ശിക്കണമായിരുന്നു; ബോംബെ ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി

Spread the love

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ചര്‍മത്തില്‍ തൊടാതെ ഒരു കുട്ടിയുടെ മാറിടത്തില്‍ അമര്‍ത്തിയാല്‍ പീഡനമല്ലെന്ന ബോംബെ ഹൈകോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. തൊലിപ്പുറത്ത് തൊടാതെയുള്ള ലൈംഗികാതിക്രമത്തില്‍ പോക്സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈകോടതിയുടെ നാഗ്പൂര്‍ ബഞ്ചിന്റെ പരാമര്‍ശം സ്‌റ്റേയെ തുടര്‍ന്ന് റദ്ദായി.

31 വയസ്സായ ആള്‍ 12 വയസ്സുള്ള ഒരു കുട്ടിയുടെ ഷാള്‍ മാറ്റി മാറിടത്തില്‍ കയറിപ്പിടിച്ച കേസ് പരിഗണിക്കവെയാണ് ബോംബെ ഹൈകോടതിയുടെ നാഗ്പൂര്‍ ബഞ്ച് ഈ പരാമര്‍ശം നടത്തിയത്. പേരയ്ക്ക തരാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് കൂട്ടിക്കൊണ്ട് പോയി പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിച്ചതാണ് കേസ്. പെണ്‍കുട്ടി അമ്മയോട് വിവരങ്ങള്‍ പറഞ്ഞതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോക്സോ ചുമത്തണമെങ്കില്‍ പ്രതി വസ്ത്രത്തിനുള്ളിലൂടെ സ്പര്‍ശിക്കണമായിരുന്നു. പ്രതി മാറിടത്തില്‍ പിടിച്ചെന്ന് പറയുന്നത് വസ്ത്രത്തിന് പുറത്ത് കൂടിയാണ്. ഇത് ലൈംഗികാതിക്രമമല്ല. ശരീരത്തില്‍ നേരിട്ട് സ്പര്‍ശിക്കാത്ത പക്ഷം സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് മാത്രം ചുമത്താം വിധിന്യായം.

പെണ്‍കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ വസ്ത്രത്തിന്റെ മറയില്ലാതെ തൊടുകയോ പ്രതിയുടെ ലൈംഗികാവയവത്തില്‍ തൊടുവിക്കുകയോ ചെയ്താല്‍ മാത്രമേ പോക്സോ ചുമത്താനാകൂ എന്നാണ് ഹൈകോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് പുഷ്പ ഗണേധിവാല പോക്സോ നിയമത്തിലെ അനുബന്ധ വകുപ്പിന്റെ നിര്‍വചനത്തെ വ്യാഖ്യാനിച്ചത്.

തുടര്‍ന്ന് പ്രതിയുടെ കേസ് പരിഗണിച്ച ബോംബെ ഹൈകോടതിയുടെ സിംഗിള്‍ ബഞ്ച് ഈ സംഭവത്തില്‍ പോക്സോ കേസ് നിലനില്‍ക്കില്ലെന്ന വിചിത്രമായ പരാമര്‍ശം നടത്തി. പ്രതിയെ പോക്സോ കേസ് ചുമത്താതെ, ലൈംഗികാതിക്രമം എന്ന വകുപ്പ് ചുമത്തി ഒരു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. കേസില്‍ പോക്സോ ചുമത്തിയിരുന്നെങ്കില്‍ പ്രതിക്ക് കുറഞ്ഞത് 3 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചേനേ.

രാജ്യത്തെ ഭാവി ലൈംഗിക അതിക്രമ കേസുകളുടെ വിചാരണകളെ നിര്‍ണായകമായി ബാധിക്കാനിടയുണ്ടായിരുന്ന ഈ ഒരു ഞെട്ടിക്കുന്ന നിരീക്ഷണത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ഇപ്പോള്‍ യൂത് ബാര്‍ അസോസിയേഷനിലെ വനിതാ അഭിഭാഷകര്‍ സ്‌പെഷ്യല്‍ ലീവ് പെറ്റിഷന്‍ സമര്‍പ്പിച്ചത്. ജസ്റ്റിസ് പുഷ്പ ഗണേധിവാല നടത്തിയ ഈ അനവസരത്തിലുള്ള, അനാവശ്യമായ നിരീക്ഷണം ഭാവി കേസുകളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും അത് സ്ത്രീസുരക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.

ജസ്റ്റിസ് പുഷ്പ ഗണേധിവാല തന്റെ വിധിന്യായത്തിന്റെ പന്ത്രണ്ടാം ഖണ്ഡികയില്‍ ഇരയുടെ പേര് എടുത്തെഴുതിയതിലൂടെ നടത്തിയിരിക്കുന്നത് ഐപിസി 228 അ വകുപ്പിന്റെ നഗ്നമായ ലംഘനമാണ് എന്നുകൂടി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അഡ്വ. മഞ്ജു ജെറ്റ്ലി, അഡ്വ. സംപ്രീത് സിംഗ് അജ്മാനി എന്നിവര്‍ ചേര്‍ന്ന് ഹര്‍ജി നല്‍കിയത്.

ഇവര്‍ നല്‍കിയ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. നാഗ്പൂര്‍ ബഞ്ചിലെ ജസ്റ്റിസ് പുഷ്പ ഗണേധിവാലയുടെ സിംഗിള്‍ ബഞ്ചിന്റേതാണ് വിധി.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഹര്‍ജിയെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പിന്തുണച്ചു. ഇത് അപകടകരമായ ഒരു കീഴ്വഴക്കം ഉണ്ടാക്കിയേക്കാമെന്നും, അടിയന്തരമായി നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും കെ കെ വേണുഗോപാല്‍ പറഞ്ഞു. കൃത്യമായ ഒരു ഹര്‍ജി തയ്യാറാക്കി സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് അറ്റോര്‍ണി ജനറലിനോട് നിര്‍ദേശിച്ചു. പ്രതിയെ കുറ്റവിമുക്തനാക്കിയ വിധി സ്റ്റേ ചെയ്ത കോടതി, അടിയന്തരമായി ശിക്ഷാവിധി പുനഃസ്ഥാപിക്കുകയും രണ്ടാഴ്ചക്കകം പ്രതിയോട് തിരികെ ജയിലില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.