ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസ് ; എക്‌സൈസ് ഉദ്യോഗസ്ഥന് ഏഴ് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ; ശിക്ഷ വിധിച്ചത് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി
തൃശൂർ : ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ എക്‌സൈസ് ഉദ്യോഗസ്ഥന് ഏഴ് വര്‍ഷം കഠിന തടവ്. കൊല്ലങ്കോട് മേട്ടുപ്പാളയം സ്വദേശി വിനോദിനെയാണ് ശിക്ഷിച്ചത്. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ കൂടിയായ പ്രതി ശിക്ഷയില്‍ യാതൊരു ഇളവും അര്‍ഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ കെ പി അജയകുമാറാണ് ഹാജരായത്.
2016ലാണ് എക്‌സൈസ് പ്രിവന്റീവ് ഓഫിസറായ വിനോദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഏഴ് വര്‍ഷം കഠിന തടവിനൊപ്പം 50,000 രൂപ പിഴയും ഇയാള്‍ക്കെതിരെ വിധിച്ചിട്ടുണ്ട്. ഈ തുക അടയ്ക്കാത്ത പക്ഷം ആറ് മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. ഈ തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 13 രേഖകളും 13 സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷന്‍ വാദത്തിനിടെ കോടതിയില്‍ ഹാജരാക്കിയത്. തൃശൂര്‍ വെസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.