രാജ്യത്ത് അടച്ചുപൂട്ടല്‍ നീളൂമോ…? സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക വീഡിയോ കോണ്‍ഫറന്‍സ് ഇന്ന് ; അടച്ചിടല്‍ തുടരണമെന്ന ആവശ്യവുമായി ആറ് സംസ്ഥാനങ്ങള്‍

രാജ്യത്ത് അടച്ചുപൂട്ടല്‍ നീളൂമോ…? സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക വീഡിയോ കോണ്‍ഫറന്‍സ് ഇന്ന് ; അടച്ചിടല്‍ തുടരണമെന്ന ആവശ്യവുമായി ആറ് സംസ്ഥാനങ്ങള്‍

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഭീഷണിയിലാക്കി മുന്നേറുന്ന കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും തമ്മിലുള്ള നിര്‍ണ്ണായക വീഡിയോ കോണ്‍ഫറന്‍സ് ഇന്ന് നടക്കും. അതേസമയം ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒന്നരമാസത്തിലേക്ക് അടുക്കുമ്പോള്‍ രോഗവ്യാപനം രൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങള്‍ അടച്ചിടല്‍ തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട.

ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളാണ് ഈയാവശ്യമുന്നയിച്ചത്. മുഖ്യമന്ത്രിമാരുമായി തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ഇക്കാര്യം ചര്‍ച്ചയാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ മെയ് മൂന്നുവരെയാണ് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഹരിയാന, ഹിമാചല്‍പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ അടച്ചിടല്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശമെന്തായാലും അതു നടപ്പാക്കുകയെന്ന നിലപാടാണെടുത്തിരിക്കുന്നത്.

അതേസമയം കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കണം എന്ന അഭിപ്രായത്തിലാണ്. ഹോട്ട് സ്പോട്ടുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലനിര്‍ത്തി മറ്റിടങ്ങള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കട്ടെ എന്നാണ് ഇവരുടെ അഭിപ്രായം.

എന്നാല്‍ തെലങ്കാന നേരത്തേതന്നെ അടച്ചിടല്‍ മെയ് ഏഴുവരെ നീട്ടിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ച ഇളവുകളും അവര്‍ നടപ്പാക്കിയിട്ടില്ല. അടച്ചിടല്‍ നിലവില്‍ വന്നതിനുശേഷം മൂന്നാംവട്ടമാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്.

ഇന്നത്തെ ചര്‍ച്ചയില്‍ രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കും പ്രധാനമന്ത്രിയുമായി സംസാരിക്കുകയെന്നാണ് സൂചന. നേരത്തേ നടന്ന ചര്‍ച്ചകളില്‍ സംസാരിക്കാന്‍ അവസരം ലഭിക്കാതിരുന്ന ബിഹാര്‍, ഒഡിഷ, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, മിസോറം, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്കുമായിരിക്കും അവസരം.

രോഗവ്യാപനം, പ്രതിരോധ നടപടികള്‍, തുടങ്ങിയവ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പാക്കേജ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സംസ്ഥാനങ്ങളും ഉന്നയിക്കും.

അതിനിടെ ആഗോള തലത്തില്‍ കോവിഡിന്റെ വ്യാപ്തി കുറയാന്‍ ഡിസംബര്‍ വരെ കാത്തിരിക്കേണ്ടി വരുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. രോഗ ബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തിലെത്തി. ഒപ്പം മരണസംഖ്യ രണ്ട് ലക്ഷം കടന്നു.

ഇന്ത്യയിലും കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കി വരുമ്പോഴും കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം കാല്‍ ലക്ഷം കടന്നിരിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച രാവിലെ പുറത്തുവിട്ട കണക്ക് പ്രകാരം 26496 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

ആഗോള തലത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ അധികം വൈകാതെ കൊറോണ വൈറസ് വ്യാപനം നിലയ്ക്കുമെന്നാണ് സിംഗപ്പൂര്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്‍ഡ് ഡിസൈനിലെ ഗവേഷകരാണ് ഇത്തരമൊരു വാദം മുന്നോട്ട് വെക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത് അമേരിക്കയിലാണ് അവിടെ ഇന്നലേയും രണ്ടായിരത്തിലേറെ പേര്‍ മരണപ്പെട്ടിരുന്നു. ഇവിടെ രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷത്തോട് അടുക്കുകയാണ്.

അതേസമയം മെയ് 16 വരെ ലോക്ക്ഡൗണ്‍ നീട്ടിയാല്‍ ഇന്ത്യയില്‍ കൊറോണ രോഗികള്‍ പുതുതായി ഉണ്ടാവില്ലെന്ന് ഇവര്‍ നടത്തിയ പഠനത്തില്‍ പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തില്‍ മെയ് മൂന്ന് വരെയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനന മുഖ്യമന്ത്രിമാരിമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ് നിര്‍ണ്ണായകമാവും.