പ്ലാസ്റ്ററിട്ട കാലുമായി യുവാവിന്റെ നെട്ടോട്ടം ; പരാതി നൽകാൻ കയറിയിറങ്ങിയത് മൂന്നു പൊലീസ് സ്റ്റേഷനുകൾ

പ്ലാസ്റ്ററിട്ട കാലുമായി യുവാവിന്റെ നെട്ടോട്ടം ; പരാതി നൽകാൻ കയറിയിറങ്ങിയത് മൂന്നു പൊലീസ് സ്റ്റേഷനുകൾ

Spread the love

 

സ്വന്തം ലേഖിക

കൊച്ചി: അപകടം നടന്നത് ഏത് സ്റ്റേഷന്റെ പരിധിയിലാണെന്ന് തിരിച്ചറിയാൻ പോലീസിന് വേണ്ടിവന്നത് മണിക്കൂറുകൾ. ഇതുമൂലം പരിക്കേറ്റ് പ്ലാസ്റ്ററിട്ട കാലുമായി പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി വലഞ്ഞ് പരാതിക്കാരൻ.

മുണ്ടംവേലി സ്വദേശി മച്ചിങ്കൽ വീട്ടിൽ നെൽസൺ പ്ലാസ്റ്ററിട്ട കാലുമായി ഒരു ദിവസം കയറിയിറങ്ങിയത് മൂന്ന് പോലീസ് സ്റ്റേഷനുകളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച നെൽസനുണ്ടായ അപകടത്തെ തുടർന്ന് പരാതി നൽകാനും മൊഴി നൽകാനുമായാണ് സ്റ്റേഷനുകൾ കയറിയിറങ്ങേണ്ടി വന്നത്. വെള്ളിയാഴ്ച രാവിലെ കുണ്ടന്നൂർ ഭാഗത്തുണ്ടായ വാഹനാപകടത്തിൽ നെൽസണിന്റെ കാലിന് പരിക്കേറ്റു.

കാലിൽ എല്ലുകൾക്ക് പൊട്ടലുകൾ ഉള്ളതിനാൽ പ്ലാസ്റ്ററിടുകയും വിശ്രമിക്കണമെന്ന് ഡോക്ടർ നിർദേശിക്കുകയും ചെയ്തു.

എന്നാൽ, അപകടത്തിന് കാരണമായ ബൈക്ക് എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിക്കണമെന്നും ശനിയാഴ്ച സ്റ്റേഷനിൽ എത്തണമെന്നും എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്ന് നിർദേശം ലഭിച്ചു. ഇതേ തുടർന്ന് ബൈക്ക് വെള്ളിയാഴ്ചതന്നെ സ്റ്റേഷനിൽ എത്തിച്ചു. ശനിയാഴ്ച രാവിലെ കരുവേലിപ്പടി സർക്കാർ ആശുപത്രിയിലെത്തി പ്ലാസ്റ്ററിട്ട കാലുമായി, നെൽസൺ രാവിലെ പത്തോടെ സൗത്ത് സ്റ്റേഷനിലുമെത്തി.

എന്നാൽ, എതിർകക്ഷി വരാത്തതിനാൽ സ്റ്റേഷനിൽ ഇരിപ്പ് ഉച്ചവരെ തുടർന്നു. എതിർകക്ഷി വന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് സ്റ്റേഷൻപരിധി ഏതെന്ന കാര്യത്തിൽ സംശയം വന്നത്. തുടർന്ന് നെൽസന്റെ മകൻ പോലീസിനോടൊപ്പം ചെന്ന് സ്ഥലം കാണിച്ചതോടെ സ്റ്റേഷൻപരിധി മാറിയെന്ന് പോലീസിന് മനസ്സിലായി.

ഇതോടെ മരട് പോലീസ് സ്റ്റേഷനിലേക്ക് ചെല്ലാൻ അറിയിച്ചു. ഉച്ചയോടെ അവിടെ എത്തിയെങ്കിലും അവിടത്തെ പോലീസുകാർക്കും സ്റ്റേഷൻപരിധിയിൽ സംശയമായി.

ഒടുവിൽ പനങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് വൈകീട്ട് നാലോടെ പനങ്ങാട് സ്റ്റേഷനിലെത്തിയാണ് നെൽസൺ പരാതി നൽകുകയും മൊഴി നൽകുകയും ചെയ്തത്.

സ്റ്റേഷനുകളിലേക്കുള്ള യാത്രയിൽ ഓട്ടോറിക്ഷാ കൂലി മാത്രം 900 രൂപ കൊടുക്കേണ്ടിവന്നെന്നും, ഒരു ദിവസം മുഴുവൻ, പ്ലാസ്റ്ററിട്ട കാലുമായി സ്റ്റേഷനുകൾ കയറിയിറങ്ങേണ്ടി വന്നെന്നുമാണ് നെൽസൺ പറയുന്നത്.