‘ഇ.‍ഡി വിളിപ്പിച്ചത് നന്നായി; കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷം’; ചന്ദ്രിക കള്ളപ്പണ വിഷയത്തിൽ കുഞ്ഞാലിക്കുട്ടി

‘ഇ.‍ഡി വിളിപ്പിച്ചത് നന്നായി; കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷം’; ചന്ദ്രിക കള്ളപ്പണ വിഷയത്തിൽ കുഞ്ഞാലിക്കുട്ടി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ചന്ദ്രിക ദിനപത്രം സാമ്പത്തിക ക്രമക്കേട് കേസിൽ ആവശ്യമായ രേഖകൾ ഇ.ഡിക്കു കൈമാറിയതായി പി.കെ. കുഞ്ഞാലിക്കുട്ടി. തന്നെ സാക്ഷിയായാണ് വിളിപ്പിച്ചിരിക്കുന്നതെന്നും, കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നതിൽ വളരെ സന്തോഷമുണ്ട്. ഇങ്ങനെ ഒരു അവസരം കിട്ടിയത് നന്നായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനി വരേണ്ടതുണ്ടോ എന്ന് ഇ.ഡിയാണ് തീരുമാനിക്കേണ്ടത്. ഈ പത്രത്തെ കുറിച്ച് ഇല്ലാത്ത പല കാര്യങ്ങളും പലരും എഴുതിക്കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. അതൊക്കെ വളരെ നന്നായി സമയമെടുത്ത് ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നാണ് വിശ്വാസം. സാക്ഷി എന്ന നിലയ്ക്ക് ഒരു സ്റ്റേറ്റ്‌മെന്റ് എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്രമാത്രമേ ഉള്ളൂ. വേറൊന്നും ഇല്ല. ആവശ്യമായ എല്ലാ രേഖകളും കൊടുത്തിട്ടുണ്ട്- ഇ.ഡി. ഓഫീസിൽനിന്ന് പുറത്തെത്തിയ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പ്രതികരിച്ചു.

ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗം എന്ന നിലയിലാണ് കുഞ്ഞാലിക്കുട്ടിയെ വിളിപ്പിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ഹാജരാവാനാണ് കുഞ്ഞാലിക്കുട്ടിയോട് ആവശ്യപ്പെട്ടിരുന്നതെങ്കിലും നാല് മണിയോടെയാണ് അഭിഭാഷകനൊപ്പം അദ്ദേഹം ഹാജരായത്.

അതേസമയം, കുഞ്ഞാലിക്കുട്ടി ഇ.ഡി ഓഫീസിൽ ഹാജരായതിനു പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പ്രതികരണവുമായി കെ.ടി. ജലീൽ എത്തിയിരുന്നു. ‘കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ല, ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ചോദ്യം ചെയ്യലിന് വിധേയനാകാൻ മൂപ്പരെത്തി’ എന്നായിരുന്നു ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.

പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണമാണ് നോട്ട് നിരോധന കാലയളവിൽ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവിൽ വെളുപ്പിച്ചതെന്നാണ് കേസിലെ പ്രധാന ആരോപണം. കേസിൽ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ തെളിവുകളും രേഖകളും ഇ.ഡിക്ക് കൈമാറിയതായി കെ.ടി. ജലീൽ വെളിപ്പെടുത്തിയിരുന്നു.

കുഞ്ഞാലിക്കുട്ടിയും മകനും കള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രിക ദിനപ്പത്രത്തെയും മുസ്ലിം ലീഗിനെയും മറയാക്കുകയാണെന്നും ജലീൽ ആരോപിച്ചു.