കോട്ടയം ചുങ്കത്തു നിന്നും ഇന്ത്യൻ ഫുട്‌ബോളിന്റെ മലമടക്കുകളിലേയ്ക്കു പടർന്നു കയറി ഒരു പ്രതിരോധഭടൻ: ഗോകുലം വിട്ട ജസ്റ്റിൻ ജോർജ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ; ചരിത്രം തിരുത്താൻ നോർത്ത് ഈസ്റ്റിന്റെ മലയാളി പ്രതിരോധ ഭടൻ

തേർഡ് ഐ സ്‌പോട്‌സ്

കോട്ടയം: ഗോകുലത്തിന്റെ ഗോൾകോട്ട കാത്ത പ്രതിരോധക്കരുത്ത് ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സ്വന്തം. ഗോകുലത്തിന്റെ പ്രതിരോധ നിരയുടെ കരുത്ത് തീർത്ത കോട്ടയം ചുങ്കം സ്വദേശിയായ ജസ്റ്റിൻ ജോർജ് ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി കരാർ ഒപ്പിട്ടു. ഈ സീസൺ ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റിനു വേണ്ടി ജസ്റ്റിൻ കളിക്കുമെന്ന് ഇതോടെ ഉറപ്പായി.

കഴിഞ്ഞ സീസണിൽ ഡ്യൂറണ്ട് കപ്പ് നേടിയ ഗോകുലം ടീമിലും, ഐ ലീഗിലും ജസ്റ്റിൻ ജോർജ് കളിച്ചിരുന്നു. എന്നാൽ, സീസണിന് ശേഷം ജസ്റ്റിനുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ചർച്ച നടത്തുകയായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം ജസ്റ്റിനുമായി ധാരണയിൽ എത്തിയത്.

തുടർന്നു, ഐ.എസ്.എല്ലിലെ ട്രാൻസ്ഫർ ധാരണ അനുസരിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജസ്റ്റിനുമായി കരാർ ഒപ്പിട്ട വിവരം വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇതേ തുടർന്നാണ് ജസ്റ്റിൻ ജോർജ് നോർത്ത് ഈസ്റ്റിൽ ചേരുകയാണ് എന്ന കാര്യത്തിന് സ്ഥിരീകരണമുണ്ടായത്.

2017 ൽ സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായതോടെയാണ് ജസ്റ്റിൻ ജോർജ് ഫുട്‌ബോൾ പ്രേമികളുടെ പ്രിയതാരമായി വളരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നുള്ള സീസണുകളിൽ ഗോകുലം കേരള എഫ്‌സിയുടെ പ്രതിരോധ നിരയിലെ വിശ്വസ്ത പോരാളിയായി ജസ്റ്റിൻ വളരുകയായിരുന്നു. കഴിഞ്ഞ സീസണിൽ വരെ ഭൂരിഭാഗം കളികളിലും ജസ്റ്റിൻ ഗോകുലത്തിനു വേണ്ടി ബൂട്ട് കെട്ടിയിരുന്നു.

ബസേലിയസ് കോളേജിനു വേണ്ടി ഫുട്‌ബോൾ കളിക്കാനിറങ്ങിയാണ് ജസ്റ്റിൻ കേരള ടീമിലും, ഗോകുലം ടീമിലും എത്തുന്നത്. 2012 ൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ എസ്.എച്ച് മൗണ്ടിലെ മൈതാനത്ത് പന്ത് തട്ടി നടന്ന ജസ്റ്റിനിലെ താരത്തെ കണ്ടെത്തിയത് പരിശീലകരായ മിഥുൻ ഘോഷും, അച്ചുവും ചേർന്നാണ്.

ബസേലിയസ് കോളേജിലെ ഫുട്ബോൾ ടീമിൽ ബിനോ ജോർജിന്റെ കീഴിലും, പിന്നീട് ഗോകുലം കേരളയിലും എത്തിയതോടെ പ്രതിരോധ നിരയിലെ വിശ്വസ്തതയുടെ പര്യായമായി ജസ്റ്റിന്റെ കാലുകൾ മാറി. ചുങ്കം മള്ളൂശേരി പ്ലാത്താനം വീട്ടിൽ പി.വി ജോർജ്കുട്ടിയുടെ മകനാണ് ജസ്റ്റിൻ. കോട്ടയം ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടർ ഓഫിസിലെ ക്ലർക്കാണ് ജസ്റ്റിൻ ജോർജ്.