പിഷാരടിയുടെ കോമഡിയിൽ കോൺഗ്രസ് വരുമോ.. ? ഇടവേളബാബുവും ധർമ്മജനും കൂടി എത്തിയതോടെ കോൺഗ്രസ് ക്യാമ്പ് ആവേശത്തിൽ; രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ താരങ്ങളെത്തിയത് കോൺഗ്രസിനും യു.ഡി.എഫിനും ആവശേയമായി

പിഷാരടിയുടെ കോമഡിയിൽ കോൺഗ്രസ് വരുമോ.. ? ഇടവേളബാബുവും ധർമ്മജനും കൂടി എത്തിയതോടെ കോൺഗ്രസ് ക്യാമ്പ് ആവേശത്തിൽ; രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ താരങ്ങളെത്തിയത് കോൺഗ്രസിനും യു.ഡി.എഫിനും ആവശേയമായി

തേർഡ് ഐ ബ്യൂറോ

ആലപ്പുഴ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചെറിയ ഓളങ്ങൾ മാത്രമുണ്ടാക്കി മുന്നോട്ടു പോയിരുന്ന രമേശ് ചെന്നിത്തലയുടെ കേരള യാത്ര, സുനാമി തിരമാല പോലെ കേരളത്തിൽ അടിച്ചു കയറുന്നു. സിനിമാ താരങ്ങളായ ധർമ്മജനു പിന്നാലെ രമേശ് പിഷാരടിയും, ഇടവേള ബാബുവും കൂടി രമേശ് ചെന്നിത്തലയുടെ കേരള യാത്രയിൽ എത്തിയത് കോൺഗ്രസിന് ഇരട്ടിക്കരുത്തായിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി ഒമ്പതോടെ ഹരിപ്പാട് മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര വേദിയിൽ ഇരുവരും പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ തുടങ്ങിയവർ ബൊക്കെ നൽകി ഇരുവരെയും സ്വീകരിച്ചു. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് വേദിയിൽ സംസാരിക്കവെ രമേഷ് പിഷാരടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കേരളത്തിൽ ഉറപ്പായും വരും. നമ്മുടെ നിലനിൽപ്പിനായി, ജനാധിപത്യം പുലരുന്നതിന് ചിരിക്കുന്ന മുഖവുമായി ആർക്കും സമീപിക്കാൻ കഴിയുന്ന നേതാക്കൾ ഉള്ള പാർട്ടിയുടെ കൂടെ ഞാൻ ഉണ്ടാകും, നിങ്ങളും ഉണ്ടാകണം. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്… എന്നാണല്ലോ. അപ്പോൾ ഇനി റൈറ്റ് തന്നെയാണ്.അതാണ് മുന്നോട്ടുള്ള പോക്കിന് നല്ലത്’- രമേഷ് പിഷാരടിയുടെ വാക്കുകൾ ഇങ്ങനെ. നിറഞ്ഞ കയ്യടിയോടെയാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഓരോ വാക്കും സ്വീകരിച്ചത്.

മുന്നോട്ടുള്ള യാത്ര വലതുപക്ഷം ചേർന്ന് കോൺഗ്രസിനൊപ്പം ഉണ്ടാകുമെന്നും പിഷാരടി വ്യക്തമാക്കി.കോൺഗ്രസിൽ ചേർന്ന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് കരുതുന്നു. കേരളത്തിന്റെ ആവശ്യമാണ് കോൺഗ്രസിന്റെ വിജയമെന്നും പിഷാരടി പറഞ്ഞു.

കോൺഗ്രസിന്റെ വിജയം ഇന്ത്യയുടെ നിലനിൽപിന് ആവശ്യമാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് ഒരു പാട് പേർ ചോദിക്കുന്നുണ്ട്. സ്ഥാനാർത്ഥിയാകാനില്ല. സുഹൃത്തായ ധർമജന് സീറ്റ് നൽകിയാൽ പ്രവർത്തിക്കുമെന്നും പിഷാരടി വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ ശബ്ദം അനുകരിച്ചിട്ടുണ്ടെങ്കിലും 24 മണിക്കൂറിൽ 20 മണിക്കൂറും പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനുള്ള മനസ്സുള്ളവർക്കേ ജീവിതം അനുകരിക്കാൻ കഴിയൂ.

ഉമ്മൻ ചാണ്ടിയുടെ ശബ്ദം അനുകരിക്കണമെന്ന് സദസ്സിൽ നിന്നും ആവശ്യമുയർന്നപ്പോൾ പണ്ടത്തെപ്പോലയല്ല അദ്ദേഹം ഇന്ന് തന്റെ നേതാവാണ്, അതുകൊണ്ട് അനുവാദമുണ്ടെങ്കിലേ ശബ്ദം അനുകരിക്കൂ എന്ന് പിഷാരടി പറഞ്ഞു. ഇതുകേട്ട് ഉമ്മൻ ചാണ്ടി ആംഗ്യത്തിലൂടെ അനുവാദം നൽകിയത് വേദിയിലും സദസ്സിലും ചിരി പടർത്തി.

മാധ്യമങ്ങൾ താൻ കോൺഗ്രസിലേക്ക് എന്നാണ് പറയുന്നതെന്നും എന്നാൽ താൻ പഴയ കോൺഗ്രസുകാരനാണെന്നും ഇടവേള ബാബു പ്രസംഗത്തിൽ പറഞ്ഞു. കെ.എസ്.യു സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്.

മലയാള സിനിമാലോകത്തെ പലരും കോൺഗ്രസ് അനുഭാവികളാണെന്നും പലരും പറയുന്നില്ല എന്നുമാത്രമേ ഉള്ളൂവെന്നും ഇടവേള ബാബു പറഞ്ഞു. അത് പറയാനുള്ള അവസരമാണ് ഇപ്പോൾ വന്നിട്ടുള്ളത്. അതിനുവേണ്ടി തന്നെയാണ് ഈ വേദിയിൽ വന്നത് -ഇടവേള ബാബു വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ മേജർ രവിയും ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തിരുന്നു. ചലച്ചിത്ര താരം ധർമ്മജന്റെ ബാലുശ്ശേരി മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിത്വത്തിൽ ചർച്ചകൾ നടക്കുകയാണ്. രമേഷ് പിഷാരടി കോൺഗ്രസിലേക്ക് വരുന്നത് നല്ലകാര്യമാണെന്നും കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്നും പിഷാരടിയുടെ കോൺഗ്രസ് പ്രവേശനത്തോട് നടൻ ധർമ്മജൻ പ്രതികരിച്ചു.