ഐ.എസിൽ ചേർന്ന മലയാളി യുവതികളുടെ മടക്കം: അനുകൂല നിലപാട് സ്വീകരിക്കാതെ മുഖ്യമന്ത്രി; തീരുമാനം എടുക്കേണ്ടത് കേന്ദ്രമെന്നും പിണറായി വിജയൻ
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: ഐ.എസിൽ ചേർന്ന മലയാളി യുവതികൾ തിരികെ എത്തുന്ന വിഷയം കേരളം മുഴുവൻ ചർച്ച ചെയ്യുന്നത്. വ്യത്യസ്തമായ അഭിപ്രായങ്ങൾ പല കോണുകളിൽ നിന്നും ഉയരുന്നതിനിടെയാണ് ഇപ്പോൾ പിണറായി വിജയന്റെ നിലപാട് പുറത്തു വന്നിരിക്കുന്നത്.
ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച വിഷയത്തിൽ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് നമ്മുടെ രാജ്യത്തിൻറെ ഒരു പ്രശ്‌നമാണ്. രാജ്യത്തിൻറെ ഭാഗമായിട്ട് അവർ നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. അപ്പോൾ അതിൻറെ പ്രശ്‌നങ്ങൾ എന്തൊക്കെയാണ് എന്നത് കൂടുതൽ മനസിലാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വൈകിട്ടത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ പറയുന്നവർ അവിടുത്തെ ജയിലിലാണ്. അവർ ഇങ്ങോട്ട് വരാൻ തയാറുണ്ടോയെന്ന് അറിയണം. അതുപോലെ തന്നെ കുടുംബത്തിൻറെ അഭിപ്രായം അറിയാൻ തയാറാകണം. അങ്ങനെയൊക്കെ കൂടി പൊതുവായ നിലപാട് ഇക്കാര്യത്തിൽ സ്വീകരിക്കുകയാണ് വേണ്ടത്. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. ഈ കാര്യങ്ങളെല്ലാം പരിശോധിച്ചു കൊണ്ടാകണം നിലപാട് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സുരക്ഷ ഭീഷണിയാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ നിലപാട്. ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പെടെ പരിശീലനം നൽകിയതിന് തെളിവുണ്ട്.
വിഷയം കോടതിയിലെത്തിയാൽ നിയമപരമായി നേരിടാനാണ് സർക്കാരിൻറെ നീക്കം. സോണിയ, മെറിൻ, നിമിഷ ഫാത്തിമ, റഫീല എന്നീ മലയാളികളാണ് അഫ്ഗാൻ ജയിലിലുള്ളത്. അന്താരാഷ്ട്ര മതമൗലികവാദിക ശക്തികളുമായി യോജിച്ച് പ്രവർത്തിച്ച ഇവരെ തിരികെ കൊണ്ടുവരുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് സുരക്ഷാ ഏജൻസികളുടെ നിലപാട്. അതിനാൽ ഇവരെ തിരികെ എത്തിക്കേണ്ട എന്നാണ് കേന്ദ്ര സർക്കാരിൻറെ നിലപാട്.