ചിരട്ടയിലോ, പാത്രങ്ങളിലോ അൽപം വെള്ളം വയ്ക്കൂ, സഹജീവികളെ കരുതൂ, മുഖ്യമന്ത്രി

ചിരട്ടയിലോ, പാത്രങ്ങളിലോ അൽപം വെള്ളം വയ്ക്കൂ, സഹജീവികളെ കരുതൂ, മുഖ്യമന്ത്രി

Spread the love

സ്വന്തംലേഖകൻ

കോട്ടയം : വേനലിലെ കൊടും ചൂടില്‍ സഹജീവികളേയും പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഒരു ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ വീട്ടുവളപ്പില്‍ അല്പം വെള്ളം വെച്ചാല്‍ പക്ഷിമൃഗാദികള്‍ക്ക് അത് ഗുണം ചെയ്യുമെന്നും, നമ്മുടെ ചെറിയ പ്രവൃത്തി ജീവന്‍ സംരക്ഷിക്കാന്‍ ഗുണകരമാകുമെന്നും മുഖ്യമന്ത്രി. ഞായറാഴ്ച മാത്രം സൂര്യാഘാതമേറ്റ് മൂന്ന് പേർ മരിക്കുകയും അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്. പത്തു ദിവസത്തിനിടെ 111 പേർക്കാണ് സൂര്യഘാതമേറ്റത്. വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറയുന്നു.
അടുത്ത മൂന്ന് ദിവസങ്ങളിൽ താപ നില പ്രകടമായി ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. പകൽ താപ നില മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. പകൽ 11 മണിക്കും മൂന്നു മണിക്കും ഇടയിൽ പുറത്ത് ജോലി ചെയ്യാൻ പാടില്ലെന്ന നിർദേശം തൊഴിൽ വകുപ്പ് നൽകിയിട്ടുണ്ട്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേനലിലെ കടുത്തചൂട് നമ്മെ മാത്രമല്ല നമ്മുടെ സഹജീവികളെയും ദുരിതത്തിലാക്കുന്നതാണ്. പക്ഷികളും മൃഗങ്ങളുമെല്ലാം കനത്ത ചൂടിനെ അതിജീവിക്കാൻ പ്രയാസപ്പെടുന്നുണ്ട്. നാം നമ്മുടെ സഹജീവികളേയും പരിഗണിക്കേണ്ട സമയമാണിത്. ഒരു ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ വീട്ടുവളപ്പിൽ അല്പം വെള്ളം കരുതിവെക്കുന്നത് പക്ഷിമൃഗാദികൾക്ക് ഗുണം ചെയ്യും. ദാഹിച്ചെത്തുന്നവർക്ക് അത് വലിയ ആശ്വാസമാകും. നമ്മുടെ ചെറിയ പ്രവൃത്തി ഒരു ജീവൻ സംരക്ഷിക്കാൻ ഇടയാക്കും.

കാട്ടിൽ അധിവസിക്കുന്ന പക്ഷിമൃഗാദികൾക്ക് വെള്ളം എത്തിക്കാനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കുന്നുണ്ട്. താൽക്കാലിക കുളങ്ങളും മറ്റും ഉണ്ടാക്കി അവിടെ വെള്ളം എത്തിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ചൂട് കൂടുന്നതനുസരിച്ച് കാട്ടിൽ നിന്നും വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാനുള്ള സാധ്യതയും കുറവല്ല. അക്കാര്യത്തിൽ ആവശ്യമായ ജാഗ്രത പുലർത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.