സ്വാഗതപ്രസംഗം 40 മിനിറ്റ് കഴിഞ്ഞിട്ടും നിര്‍ത്തിയില്ല,  പ്രസംഗിക്കാതെ മുഖ്യമന്ത്രി വേദി  വിട്ടു

സ്വാഗതപ്രസംഗം 40 മിനിറ്റ് കഴിഞ്ഞിട്ടും നിര്‍ത്തിയില്ല, പ്രസംഗിക്കാതെ മുഖ്യമന്ത്രി വേദി വിട്ടു

സ്വന്തംലേഖകൻ

കോട്ടയം : കൊല്ലം ജില്ലാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കാതെ വേദിയില്‍ നിന്ന് മടങ്ങിപ്പോയി. മുഖ്യമന്ത്രി വേദിയിലിരിക്കെ സ്വാഗത പ്രസംഗം 40 മിനിറ്റിന് ശേഷവും നീണ്ടതോടെ മുഖ്യമന്ത്രി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചതായി അറിയിച്ച് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണിയാണ് സ്വാഗത പ്രസംഗം നടത്തിയത്. നോട്ടീസിലുള്ള 40 ഓളം പേരുടെ പേരും പ്രത്യേകം എടുത്ത് പറഞ്ഞാണ് രാധാമണി സ്വാഗതപ്രസംഗം നടത്തിയത്. 40 മിനിറ്റോളം മുഖ്യമന്ത്രി ക്ഷമിച്ചിരുന്നു. എന്നിട്ടും നിര്‍ത്താത്തതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഇതിനിടെ അധ്യക്ഷയായ ആരോഗ്യ മന്ത്രി കെ.കെ ശൈലജ പ്രസംഗം അവസാനിപ്പിക്കാന്‍ രാധാമണിയോട് അടുത്തു വന്ന് പറഞ്ഞെങ്കിലും സ്വാഗതപ്രസംഗം അവര്‍ തുടര്‍ന്നു. ഒടുവില്‍ ക്ഷമ നശിച്ച മുഖ്യമന്ത്രി തന്നെ എഴുന്നേറ്റ് പ്രസംഗം നിര്‍ത്താന്‍ അറിയിച്ച ശേഷം ഭദ്രദീപം തെളിയിക്കുകയും ഉദ്ഘാടനം ചെയ്തതായി അറിയിക്കുകയുമായിരുന്നു.ഇതിനു മുമ്പും സ്വാഗതപ്രസംഗം നീണ്ടതിനാല്‍ മുഖ്യമന്ത്രി പ്രസംഗിക്കാതെ വേദിയില്‍ നിന്ന് മടങ്ങിയിട്ടുണ്ട്. 2016 ജൂണ്‍ 22ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ശതോത്തര സുവര്‍ണ ജൂബിലി ആഘോഷ വേദിയിലെത്തിയ മുഖ്യമന്ത്രിക്ക് എഴുതി തയ്യാറാക്കിയ പ്രസംഗം അവതരിപ്പിക്കാനാവാതെ വേദി വിടേണ്ടി വന്നിരുന്നു. മുഖ്യമന്ത്രി അന്ന് അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു. സര്‍വ്വകലാശാല അധ്യാപികയുടെ സ്വാഗത പ്രസംഗം സമയപരിധിയും കടന്ന് നീണ്ടതിനാല്‍ മുഖ്യമന്ത്രി പ്രസംഗിക്കാതെ വേദി വിടുകയായിരുന്നു. സ്വാഗതപ്രസംഗം നടത്തിയ സംഘാടക സമിതി കണ്‍വീനറും അധ്യാപികയുമായ ഡോ പിഎസ്. ശ്രീകലയെ പരസ്യമായി വിമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രി മടങ്ങിയത്.