സാധാരണക്കാരുടെ ആവശ്യങ്ങളോട് മുഖം തിരിഞ്ഞ് കോട്ടയം നഗരസഭയുടെ കെടുകാര്യസ്ഥത: റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ സത്യാഗ്രഹം 28 ന്

സാധാരണക്കാരുടെ ആവശ്യങ്ങളോട് മുഖം തിരിഞ്ഞ് കോട്ടയം നഗരസഭയുടെ കെടുകാര്യസ്ഥത: റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ സത്യാഗ്രഹം 28 ന്

സ്വന്തം ലേഖകൻ

കോട്ടയം: സാധാരണക്കാരായ ആളുകളുടെ ആവശ്യങ്ങളോട് മുഖം തിരിഞ്ഞ്, കെടുകാര്യസ്ഥത പുലർത്തുന്ന കോട്ടയം നഗരസഭയ്‌ക്കെതിരെ കടുത്ത പ്രതിഷേധവുമായി റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മ. നഗരസഭയ്‌ക്കെതിരെ കോൺഫെഡറേഷൻ ഓഫ് റസിഡൻസ് വെൽഫെയർ അസോസിയേഷൻ കോട്ടയത്തിന്റെ നേതൃത്വത്തിൽ 28 ന് രാവിലെ പത്തിന് നഗരസഭയുടെ ഓഫിസിനു മുന്നിൽ ഉപവസിക്കും. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന ഉപവാസവും, ധർണ്ണാ സമരവും റവ.ഫാ.കെ.വി പൗലോസ് ഉദ്ഘാടനം ചെയ്യും. റസിഡൻസ് അസോസിയേഷൻ ജില്ലാ അപ്പക്‌സ് കൗൺസിൽ പ്രസിഡന്റ് കെ.എം രാധാകൃഷ്ണൻ പിള്ള, അഡ്വ.സന്തോഷ് കണ്ടംചിറ തുടങ്ങിയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. 
നഗരസഭ ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം സാധാരണക്കാരായ ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. ഇതിനെതിരെയാണ് 52 വാർഡിലെയും റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ രാഷട്രീയ താല്പര്യങ്ങളൊന്നുമില്ലാതെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. നഗരസഭ ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക, ആശാസ്ത്രീയമായ കെട്ടിട നികുതി വർധനവ് പുനപരിശോധിക്കുക, ഹരിത നിയമങ്ങൾ അപ്പാടെ നടപ്പാക്കുക, ശുദ്ധജല വിതരണം കാര്യക്ഷമമാക്കുക, പ്രൈവറ്റ് ബസ് സ്റ്റാൻഡുകളിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിവാക്കുക, ജലശ്രോതസുകളിലേയ്ക്ക് വച്ചിരിക്കുന്ന മാലിന്യ കുഴലുകൾ നീക്കം ചെയ്യുക, തിരുനക്കര മൈതാനം, പഴയ പൊലീസ് സ്റ്റേഷൻ മൈതാനം എന്നിവിടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുക, ഷീ ടോയ്‌ലറ്റുകൾ അടിയന്തരമായി തുറന്ന് പ്രവർത്തിപ്പിക്കുക, അവികസിത മേഖലയ്ക്ക് മുൻഗണന നൽകുന്ന വികസനവും കാഴ്ച്ചപ്പാടും നടപ്പിലാക്കുക, ലൈഫ് പദ്ധതിയിൽ അർഹതപ്പെട്ടവർക്കെല്ലാം വീട് നൽകുക, മാസ്റ്റിൽ പ്ലാനിന്റെ പേരിൽ കെട്ടിട നിർമ്മാണ അനുമതി നിഷേധിക്കുന്നത് പുനപരിശോധിക്കുക, തകർന്നുകിടക്കുന്ന നഗരസഭ റോഡുകൾ അടിയന്തരമായി സഞ്ചാരയോഗ്യമാക്കുക, ബജറ്റിൽ ഉൾപ്പെടുത്തുന്ന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുക, നഗരസഭ പാർക്ക്, ഇൻഡോർ സ്‌റ്റേഡിയം എന്നിവ എത്രയും വേഗം തുറക്കുക, പഴയ സസ്യമാർക്കറ്റിൽ പാർക്കിംഗ് പ്ലാസ നിർമ്മിക്കുക, മുള്ളങ്കുഴിയിലെ ഫ്‌ളാറ്റുകൾ വീടില്ലാത്ത അർഹതപ്പെട്ടവർക്ക് മാത്രം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യാഗ്രഹം നടത്തുന്നത്.