സ്വർഗീയ വിരുന്നിൽ സാക്ഷ്യം പറയാനെത്തി: കളത്തിപ്പടി മരിയൻ സ്‌കൂളിലെ റിട്ട പ്രിൻസിപ്പലിനു പോയത് 68 ലക്ഷവും 16 പവൻ സ്വർണവും; തട്ടിപ്പുകാരിയെയും എട്ടു വയസിന് ഇളയ ഭർത്താവിനെയും പൊലീസ് പൊക്കി
എ.കെ ജനാർദനൻ
കോട്ടയം: തങ്കു പാസ്റ്ററുടെ സ്വർഗീയ വിരുന്നിൽ സാക്ഷ്യം പറയാനെത്തിയ കളത്തിപ്പടി മരിയൻ സ്‌കൂളിലെ റിട്ട. പ്രിൻസിപ്പാളിന് നഷ്ടമായത് 68 ലക്ഷം രൂപയും 16 പവൻ സ്വർണവും. സ്വർഗീയ വിരുന്ന് ആരാധനയുടെ ഭാഗമായി എത്തിയ ഇവരെ മകളുടെ വിവാഹം തരപ്പെടുത്തിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ച് അടുത്തു കൂടിയ കൊട്ടാരക്കര സ്വദേശിയായ തട്ടിപ്പുകാരിയും ഇവരേക്കാൾ എട്ടു വയസിന് ഇളയ ഭർത്താവും ചേർന്നു കബളിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് ഒരുക്കിയ കെണിയിൽ കുടുങ്ങിയ രണ്ടു പേരെയും ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ നിർമ്മൽ ബോസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കോട്ടയം ചുങ്കത്ത് വാടകയ്ക്കു താമസിക്കുന്ന കൊട്ടാരക്കര തൃക്കൂന്നമംഗലം അജോയ് വില്ലയിൽ ബിജോയ് (39), ഭാര്യ ഷൈനി (47) എന്നിവരെയാണ് പൊലീസ് പൊക്കി അകത്താക്കിയത്. കളത്തിപ്പടി മരിയൻ സ്‌കൂൾ മുൻ പ്രിൻസിപ്പൽ എട്ടുവീട്ടിൽ മേരി വിജയൻ തങ്കു പാസ്റ്ററുടെ സ്വർഗീയ വിരുന്ന് ആരാധനയിൽ സാക്ഷ്യം പറയാൻ എത്തിയതായിരുന്നു. സമൂഹത്തിലെ മാന്യന്മാർ ആരാധനയ്ക്കായി എത്തി സാക്ഷ്യം പറഞ്ഞാൽ ആളുകൾ ഇത് വിശ്വസിക്കുകയും കൂടുതലായി ആരാധനയ്ക്കായി എത്തുകയും ചെയ്യുമെന്നതാണ് വർഷങ്ങളായി സ്വർഗീയ വിരുന്നുകാർ തുടരുന്ന തന്ത്രം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ ഭാഗമായാണ് മേരി സെബാസ്റ്റ്യനും ഇവിടെ എത്തിയത്. ഇവിടെ ആരാധനയ്ക്കിടെയാണ് മേരി സെബാസ്റ്റ്യൻ ഷൈനിയെ പരിചയപ്പെടുന്നത്. ഇടയ്ക്കിടെ മേരിയ്‌ക്കൊപ്പം ആരാധനയ്ക്കായി എത്തിയ ഷൈനി ഇവരുമായി അടുപ്പം സ്ഥാപിച്ചെടുക്കുകയും ചെയ്തു. ഇതിനിടെയാണ് ഇവരുടെ ജീവിതത്തിലെ വിവരങ്ങൾ ഷൈനി മനസിലാക്കിയത്. മകളുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നു മനസിലാക്കിയ ഷൈനി, മേരിയുടെ മകൾക്ക് വിവാഹ ആലോചനയുമായി എത്തി.
വിദേശത്തെ കോടീശ്വരനായ യുവാവിന്റെ ആലോചനയാണ് മേരിയുടെ മകൾക്കായി ഷൈനി എത്തിച്ചത്. ഫോണിലൂടെ കാര്യങ്ങൾ എല്ലാം സംസാരിച്ച് മേരി കല്യാണം ഏതാണ്ട് ഉറപ്പിച്ച മട്ടിൽ എത്തിച്ചു. കോടികൾ സ്വത്തുള്ള പ്രതിശ്രുത വരനെപ്പറ്റി പരമാവധി തള്ളിയാണ് ഷൈനി മേരിയോടു പറഞ്ഞിരുന്നത്. ഷൈനിയുടെ വാക്ക് മേരി തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്തു. ഇതോടെ തട്ടിപ്പിന്റെ തന്ത്രത്തിൽ മേരി വീണു എന്ന് ഷൈനി ഉറപ്പിച്ചു.
ഇതിനു ശേഷമായിരുന്നു തട്ടിപ്പിന്റെ രണ്ടാം ഘട്ടത്തിന് ഷൈനി തുടക്കം കുറിച്ചത്. വിദേശത്തു നിന്നും പ്രതിശ്രുത വരൻ എന്ന രീതിയിൽ മേരിയ്ക്കു ഫോൺ കോളുകൾ വന്നു തുടങ്ങി. സ്ഥിരമായി ഫോണിൽ ബന്ധപ്പെട്ടിരുന്ന പ്രതിശ്രുത വരൻ, മേരിയോട് പണം കടം ചോദിച്ചു. തന്റെ ബിസിനസ് വളർച്ചയ്ക്കു വേണ്ടിയാണെന്നായിരുന്നു മേരിയോട് പ്രതിശ്രുത വരൻ പറഞ്ഞിരുന്നത്. മകളെ വിവാഹം കഴിക്കാൻ പോകുന്ന യുവാവിന് പണം കടമായി നൽകുന്നതിൽ മേരിയ്ക്കു അസ്വാഭാവികത ഒന്നും തോന്നിയതുമില്ല. ഈ യുവാവിന് പണം നൽകുന്നതിനെ ഷൈനി പരമാവധി പ്രോത്സാഹിപ്പിക്കുക കൂടി ചെയ്തു.
പല തവണയായി 68 ലക്ഷം രൂപയും, 16 പവനും സംഘം തട്ടിയെടുത്തതോടെയാണ് മേരിയ്ക്കു അപകടം മണത്തത്. പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും, വിവാഹത്തിന്റെ ചടങ്ങുകൾ നടക്കാതെ വന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. തുടർന്നു മേരി വിജയൻ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു പരാതി നൽകുകയായിരുന്നു. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. തുടർന്നു ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.