തദ്ദേശ തെരെഞ്ഞെടുപ്പിൽ 2019 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കണം : ജോസ് കെ.മാണി

തദ്ദേശ തെരെഞ്ഞെടുപ്പിൽ 2019 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കണം : ജോസ് കെ.മാണി

സ്വന്തം ലേഖകൻ

ചരൽക്കുന്ന് : തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിൽ 2019 ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക തന്നെ ഉപയോഗിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു. കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന നേതൃക്യാമ്പിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

വോട്ടർ പട്ടിക വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ സ്വരം മാറ്റത്തിന്റെ പിന്നിൽ ദുഷ്ട്ടലാക്കുണ്ട്. 2015 ലെ തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിൽ 2014 ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയാണ് ഉപയോഗിച്ചത്. വരാൻ പോകുന്ന തെരെഞ്ഞെടുപ്പിൽ 2015 വോട്ടർപട്ടിക അടിസ്ഥാനമാക്കി മുന്നോട്ടുപോകും എന്ന സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ജനാധിപത്യ അവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016 ലെ അസംബ്ലി തെരെഞ്ഞെടുപ്പിലും 2019 ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിലും വോട്ട് ചെയ്ത ലക്ഷകണക്കിന് ആളുകൾക്ക് വോട്ടവകാശം നിഷേധിക്കലാണിത്. ജനാധിപത്യ സംവിധാനത്തിൽ വോട്ട് ചെയ്യാൻ അവകാശമുള്ള എല്ലാ പൗരന്മാർക്കും അതിനുള്ള അവസരം ഉറപ്പുവരുത്തേണ്ടത് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ ചുമതലയാണ്. സമയനഷ്ട്ടത്തിന്റെയും സാമ്പത്തിക ചിലവിന്റെയും പേര് പറഞ്ഞ് ഇത് നിഷേധിക്കുന്നത് ജനാധിപത്യത്തെ നിഷേധിക്കലാണ്. തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിന്റെ തീയതി പെട്ടെന്ന് നിശ്ചയിച്ചതല്ല. ഇതിനുള്ള തയ്യാറെടുപ്പുകൾ കമ്മീഷനും സംസ്ഥാന സർക്കാരും നേരത്തെ ചെയ്യേണ്ടതായിരുന്നു. 2019 ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിന്റെ പട്ടിക അടിസ്ഥാനമാക്കാൻ കമ്മീഷൻ തീരുമാനിച്ചാൽ അധിക ചിലവ് ഒഴിവാക്കാനാവും. ഇക്കാര്യത്തിൽ നിലപാട് മാറ്റാൻ സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ തയ്യാരാവണമെന്നും ജോസ് കെ.മാണി പറഞ്ഞു.

കുട്ടനാട് ഉപതെരെഞ്ഞെടുപ്പിന്റെ പ്രചരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ ക്യാമ്പ് തീരുമാനിച്ചു. സ്ഥാനാർത്ഥി നിർണ്ണയം അടക്കമുള്ള തെരെഞ്ഞെടുപ്പ് വിഷയങ്ങൾ തീരുമാനിക്കുന്നതിനായി തോമസ് ചാഴികാടൻ കൺവീനറായും ജോസഫ് എം.പുതുശ്ശേരി എക്സ്.എം.എൽ.എ, വി.സി ഫ്രാൻസിസ്, വി.ടി ജോസഫ്, ജേക്കബ് തോമസ് അരികുപുറം എന്നിവർ അംഗങ്ങളായുള്ള ഉപസമതിക്ക് രൂപം നൽകാൻ ക്യാമ്പിൽ ചേർന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി തീരുമാനിച്ചു.

പൗരത്വ ഭേദഗതി ബില്ലിന്റെ പിന്നിലെ വിഭജനത്തിന്റെയും വിവേചനത്തിന്റെയും രാഷ്ട്രീയത്തെ ജനാധിപത്യ ഇന്ത്യ അംഗീകരിക്കില്ലെന്ന് ക്യാമ്പ് അംഗീകരിച്ച പ്രമേയം പ്രഖ്യാപിച്ചു. മതത്തിന്റെ പേരിൽ പൗരത്വം നിഷേധിക്കുകയും ഒരു ജനതയെ പിറന്ന നാട്ടിൽ അഭയാർത്ഥികളാക്കി മാറ്റുകയും ചെയ്യുന്ന ഫാസിസ്റ്റ് സമീപനം അംഗീകരിക്കാനാവില്ല.അതുകൊണ്ട്,ഇതിനെതിരായി ഇന്ത്യയിൽ ആകെ ഉയരുന്ന പോരാട്ടങ്ങളോട് ക്യാമ്പ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഉദാരവൽക്കരണ നയങ്ങൾ നടപ്പിലാക്കിയതിന് ശേഷം നിരവധി അന്താരാഷ്ട്ര കരാറുകളിലാണ് ഇന്ത്യ ഒപ്പിട്ടത്. ഏറ്റവും ഒടുവിൽ ആർ.സി.ഇ.പി കരാർ ഒപ്പിടുന്നതിൽ നിന്നും അന്തിമഘട്ടത്തിൽ കേന്ദ്രസർക്കാർ പിന്മാറിയത് ഇന്ത്യയിലെ കാർഷിക പ്രസ്ഥാനങ്ങൾ ഉയർത്തിയ കടുത്ത എതിർപ്പിനെത്തുടർന്നാണ്. ആഗോള കരാറുകൾ കനത്ത ആഘാതം സൃഷ്ടിച്ചത്് കാർഷിക മേഖലയിലാണ്.

ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലും ജനജീവിതത്തിലും ഇത്തരം കരാറുകൾ സൃഷ്ടിച്ച മാറ്റങ്ങളെക്കുറിച്ചും ആഘാതങ്ങളെക്കുറിച്ചും അരിയാനുള്ള അവകാശം ഇന്ത്യൻ ജനതയ്ക്കുണ്ട്. ഇതിനകം ഇന്ത്യ ഒപ്പിട്ട അന്താരാഷ്ട്ര കരാറുകൾ സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. പാർലമെന്റിൽ ചർച്ച ചെയ്യാതെ അന്താരാഷ്ട്ര കരാറുകളിൽ ഇന്ത്യ ഒപ്പിടാൻ പാടില്ലെന്നും കേന്ദ്രസർക്കാരിനോട് ക്യാമ്പ് ആവശ്യപ്പെട്ടു.

കെ.എം മാണിയുടെ വേർപാടിന്റെ ഒരു വർഷം പൂർത്തിയാകുന്ന ഏപ്രിൽ മാസത്തിൽ കോട്ടയത്ത് ലക്ഷംപേർ പങ്കെടുക്കുന്ന കെ.എം മാണി സ്മൃതി സംഗമം സംഘടിപ്പിക്കും. ജോസ് കെ.മാണി എം.പി ചെയർമാനും റോഷി അഗസ്റ്റിൻ എം.എൽ.എ കൺവീനറുമായി ഇതിന്റെ സംസ്ഥാനതല സംഘാടക സമിതിക്ക് രൂപം നൽകി. കെ.എം മാണി സാറിന്റെ ജന്മദിനമായ ജനുവരി 29 കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലേയും തെരെഞ്ഞെടുക്കപ്പെട്ട അഗതിമന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ, പാലിയേറ്റീവ് കെയർ യൂണിറ്റുകൾ, ബാലഭവനുകൾ, ആശുതപത്രികൾ തുടങ്ങിയ സ്ഥലങ്ങളിൽ വിവിധങ്ങളായ ജീവകാരുണ്യപ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
കേരളത്തിന്റെ സാമൂഹിക പുരോഗതിയിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ വരുത്തിയ കാരുണ്യ പദ്ധതിയും കർഷകത്തൊഴിലാളി പെൻഷനും കർഷകപെൻഷനും ദേശീയ തലത്തിൽ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു.