പാലരുവിയ്ക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് പരിഗണനയിലെന്ന് പി. കെ കൃഷ്ണദാസ്
സ്വന്തം ലേഖകൻ
കോട്ടയം: പാലരുവിയ്ക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് റെയിൽവേയുടെ പരിഗണനയിൽ ഉണ്ടെന്നും കോട്ടയം സ്റ്റേഷൻ്റെ നവീകരണത്തോട് അനുബന്ധിച്ച് സ്റ്റോപ്പ് അനുവദിക്കുമെന്നും പി. കെ കൃഷ്ണദാസ്.
റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മറ്റി ചെയർമാൻ പി. കെ. കൃഷ്ണദാസും റെയിൽവേയിലെ ഉന്നതാധികാരികളും മണ്ഡലകാലത്തോട് അനുബന്ധിച്ച് റെയിൽവേയുടെ നവീകരണ പ്രവർത്തനങ്ങളെ വിലയിരുത്താൻ ഇന്ന് ചേർന്ന യോഗത്തിൽ ഏറ്റുമാനൂർ പാസഞ്ചേഴ്സ് അസോസിയേഷൻ അംഗങ്ങളും ഏറ്റുമാനൂർ നഗരസഭാ കൗൺസിലർ ശ്രീമതി ഉഷാ സുരേഷിന്റെയും നേതൃത്വത്തിൽ സംയുക്തമായി നൽകിയ നിവേദനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമല സീസണോട് അനുബന്ധിച്ച് പ്രധാന ഇടത്താവളമായ ഏറ്റുമാനൂർ ക്ഷേത്രം സന്ദർശിക്കുന്ന ഭക്തരെ പരിഗണിക്കണമെന്നും മണ്ഡലകാലത്ത് കൂടുതൽ ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ്നെ പ്രതിനിധീകരിച്ച് ശ്രീജിത്ത്കുമാർ ആവശ്യപ്പെട്ടു. ഏറ്റുമാനൂർ രാധാകൃഷ്ണൻ, ബി. രാധാകൃഷ്ണമേനോൻ, തിരുവനന്തപുരം ഡിവിഷണൽ മാനേജർ ഒപ്പം നിരവധി റെയിൽവേ അധികൃതരും യോഗത്തിൽ സന്നിഹിതരായിരുന്നു.
ഇരട്ടപ്പാതയും ഗതാഗത യോഗ്യമായ നാല് പ്ലാറ്റ്ഫോമുമടക്കം മികച്ച സൗകര്യങ്ങളോടെ പണി പൂർത്തിയായ ശേഷവും ഏറ്റുമാനൂർ സ്റ്റേഷനിൽ പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭിക്കാത്തതിനാൽ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമായിരുന്നില്ല. ഇരുവശത്തേയ്ക്കും ഓഫിസ് സമയം പാലിക്കുന്നതുകൊണ്ടാണ് പാലരുവിയ്ക്ക് വേണ്ടിയുള്ള യാത്രക്കാരുടെ ആവശ്യം ഇത്രയും ശക്തമാകുന്നത്.
രാവിലെ 8.32 ന് തൃപ്പൂണിത്തറയിൽ എത്തുന്ന പാലരുവിയുടെ എറണാകുളം സമയം 9.15 ആണ്. 10 മിനിറ്റ് കൊണ്ട് സഞ്ചരിക്കാവുന്ന ദൂരത്തിന് 45 മിനിറ്റാണ് നൽകിയിരിക്കുന്നത്. അതുപോലെ വൈകുന്നേരം കൃത്യസമയത്തിനും 15 മിനിറ്റ് മുമ്പ് കോട്ടയം സ്റ്റേഷനിൽ എത്തുന്നതിനാൽ പാലരുവിയ്ക്ക് ഏറ്റുമാനൂർ സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ നിലവിലെ സമയക്രമത്തിൽ യാതൊരുമാറ്റവും കൂടാതെ സർവ്വീസ് നടത്താമെന്നും യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.
പുലർച്ചെ 6.40 നുള്ള മെമു കടന്നതുപോയ ശേഷമുള്ള വേണാട് എറണാകുളത്ത് എത്തുമ്പോൾ ഓഫീസ് സമയം അതിക്രമിച്ചിരിക്കും. കോവിഡ് അനന്തരം പകുതി ശമ്പളമാണ് ഇപ്പോൾ പല കമ്പനികളും ജീവനക്കാർക്ക് നൽകി വരുന്നത്. വേണാട് പലപ്പോഴും വൈകി ഓടുന്ന മൂലം പഞ്ചിങ് അടിസ്ഥാനത്തിൽ മാസാവസാനം നല്ലൊരു തുകയും യാത്രക്കാർക്ക് നഷ്ടമാകുന്നുണ്ട്
ശരിയായ ഗതാഗത സംവിധാനം ഇല്ലാതെ സ്ത്രീകളടക്കം നിരവധിയാളുകളുടെ ജോലി നഷ്ടമായി. ദിവസവും ഇരുചക്രവാഹനത്തിൽ പോയിവരികയെന്നത് സാമ്പത്തികമായും മാനസികമായും യാത്രക്കാരെ തളർത്തുകയാണ്. സമീപ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ഇപ്പോൾ പാലരുവിയിൽ യാത്രചെയ്യുന്നവരിൽ ഏറിയ പങ്കും ഏറ്റുമാനൂരിൽ നിന്നുള്ളവരാണെന്നതും ഏറെ ശ്രദ്ധേയമാണ്.
പാലാ, അയർക്കുന്നം, പേരൂർ, നീണ്ടൂർ, ആർപ്പുക്കര എന്നിവടങ്ങളിൽ നിന്ന് ഏറ്റവും എളുപ്പം എത്തിച്ചേരാൻ കഴിയുമെന്നതാണ് ഏറ്റുമാനൂർ സ്റ്റേഷൻ്റെ പ്രത്യേകത. കൂടാതെ എം ജി യൂണിവേഴ്സിറ്റി, മെഡിക്കൽ കോളേജ്, കാരിത്താസ്, ഐ. സി. എച്. ഐടിഐ, അങ്ങനെ കോട്ടയം ജില്ലയിലെ പ്രധാന സർക്കാർ അർദ്ധ സർക്കാർ സ്ഥാപങ്ങളോട് ഏറ്റവും അടുത്ത് കിടക്കുന്ന സ്റ്റേഷനാണ് ഏറ്റുമാനൂർ.
ബി. രാധാകൃഷ്ണമേനോൻ മുഖേന ഈ വിഷയം നേരത്തെ പി. കൃഷ്ണദാസിൻ്റെ ശ്രദ്ധയിൽ പ്പെടുത്തിയിരുന്നു. ഔദ്യോഗിക മീറ്റിംഗിന് ശേഷം വിളിച്ചു കൂട്ടിയ പത്ര സമ്മേളനത്തിൽ മണ്ഡലകാലത്ത് കൂടുതൽ സൗകര്യമൊരുക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കോട്ടയം സ്റ്റേഷനിലെ പിൽഗ്രിം സെന്ററിൻ്റെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും പാലരുവിയുടെ ഏറ്റുമാനൂർ സ്റ്റോപ്പേജ് എത്രയും വേഗത്തിൽ പരിഗണിക്കുമെന്നും പി. കെ കൃഷ്ണദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.