പാട്ടോലയിൽ ഷോക്കേറ്റ് യുവാവിൻ്റെ ദുരൂഹ മരണം ; നാലുപേർ പൊലീസ് പിടിയിൽ

പാട്ടോലയിൽ ഷോക്കേറ്റ് യുവാവിൻ്റെ ദുരൂഹ മരണം ; നാലുപേർ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

വടക്കഞ്ചേരി : പാട്ടോലയിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നാല് പേർ പൊലീസ് പിടിയിൽ. പുതുക്കോട് അപ്പക്കാട് യാക്കൂബിൻ്റെ മകൻ അജ്മൽ (21) നെയാണ് പാട്ടോല ശ്മശാനത്തിന് സമീപം റബ്ബർത്തോട്ടത്തിലെ വെള്ളച്ചാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിൻ്റെ പോസ്റ്റ്മോർട്ടത്തിൽ നിന്നും മരണകാരണം ഇലട്രിക് ഷോക്കേറ്റാണ് എന്ന് വ്യക്തമായിരുന്നു.മരണത്തിൽ ദുരൂഹതയുള്ളതിനാൽ വടക്കഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ആലത്തൂർ ഡി.വൈ.എസ്.പി. കെ.എം. ദേവസ്യ, വടക്കഞ്ചേരി ഇൻസ്പെക്ടർ ബി.സന്തോഷ് എന്നിവരുടെ നേത്യത്യത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം കിടന്നിരുന്നതിന് കിലോമീറ്റർ അകലെയുള്ള തെങ്ങിൻ തോപ്പിൽ നിന്നാണ് അജ്മലിൻ്റ ചെരുപ്പുകൾ കണ്ടെത്തിയത്. അതോടെ പരിസര പ്രദേശത്തുള്ള മുൻകുറ്റവാളികളെയും , ലഹരി മാഫിയാ സംഘങ്ങളെയും, ഇലട്രിക് ഷോക്ക് വെച്ച് കാട്ടുമൃഗങ്ങളെ പിടിക്കുന്നവരേയും കേന്ദ്രീകരിച്ച് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് കേസിലെ ദുരൂഹത മറ നീക്കിയതും .

കേസിൽ രതീഷ് (പൊന്നുച്ചാമി ) ചെറുക്കാഞ്ഞിരക്കോട്, തച്ചനടി , പുതുക്കോട് , അബ്ദുൾ റഹ്മാൻ (ആപ്പി 19 ) കുന്ന് തെരുവ്, പുതുക്കോട്, അൻഷാദ് (20)അപ്പക്കാട് , പുതുക്കോട്, ഷാഹുൽ ഹമീദ് (ഷാഹുൽ 26) അപ്പക്കാട് , പുതുക്കോട് എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവർക്കൊപ്പം കേസിലെ കൃത്യത്തിൽ പ്രായപൂർത്തിയാവാത്ത ഒരു കൗമാരക്കാരനും ഉൾപ്പെട്ടതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

പ്രതി രതീഷിൻ്റെ വീടിന് പിൻവശം വയലിൽ കാട്ടുമൃഗങ്ങളെ പിടിക്കുവാൻ പ്രതികൾ ഇലട്രിക് ലൈനിൽ നിന്നും കമ്പി കൊളുത്തി വൈദ്യുതി മോഷ്ടിച്ച് ഇലട്രിക് കെണി ഒരുക്കുകയായിരുന്നു. രാത്രി അതുവഴി വന്ന അജ്മൽ ഇലട്രിക് കെണിയിൽ കുടുങ്ങി മരണപ്പെടുകയായിരുന്നു.തുടർന്ന് പുലർച്ചെ 3 മണിക്ക് കെണി വെച്ച സ്ഥലം വന്ന് നോക്കിയ പ്രതികൾ മൃതദേഹം കാണുകയും തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം രതീഷിൻ്റെ പെട്ടി ഓട്ടോയിൽ കയറി രണ്ട് കിലോമീറ്റർ അകലെ കൊണ്ടുപോയി തള്ളുകയായിരുന്നു.

തെളിവെടുപ്പിൽ ഇലട്രിക് കെണിയൊരുക്കുവാൻ ഉപയോഗിച്ച സാമഗ്രികൾ, മൃതദേഹം കടത്തിക്കൊണ്ടു പോകുവാൻ ഉപയോഗിച്ച വാഹനം എന്നിവ പൊലീസ് പിടിച്ചെടുത്തു. ഫോറൻസിക് വിദഗ്ദർ , ഫിംഗർപ്രിൻ്റ് എക്സ്പേർട്ട് എന്നിവർ സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തിയത്.

രതീഷ് ഇരുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പ്രതികളെ കോവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

പാലക്കാട് ജില്ലാ പോലീസ് മേധാവി സുജിത്ദാസ് ഐ. പി.എസിന്റെ നിർദ്ദേശാനുസരണം ആലത്തൂർ ഡി.വൈ.എസ്.പി.കെ.എം.ദേവസ്യ യുടെ
നേത്യത്വത്തിൽ വടക്കഞ്ചേരി ഇൻസ്പെക്ടർ ബി.സന്തോഷ്, സബ്ബ് ഇൻസ്പെക്ടർ അജീഷ്.എ , അഡീഷണൽ എസ്.ഐ. ഓമനക്കുട്ടൻ.കെ, എ.എസ്.ഐ. നീരജ് ബാബു .കെ .എൻ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാംദാസ്.എ.ആർ, ബാബു.എം, അബ്ദുൾ ഷെരീഫ് .ടി.എസ്, സജിത്ത്.എസ്, സ്ക്വാഡ് അംഗങ്ങളായ എസ്.ഐ. ജലീൽ .എസ് , എ.എസ്.ഐ. സുനിൽ കുമാർ .ടി.ആർ, റഹിം മുത്തു, കൃഷ്ണദാസ്. ആർ. കെ, സൂരജ് ബാബു.യു, അഹമ്മദ് കബീർ.കെ, ദിലീപ്.കെ, രാജീദ്.ആർ ഷമീർ.എസ് എന്നിവരാണ് കേസന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.