യാത്രക്കാർക്ക് വിനയായി പാലായില്‍ കെ.എസ്.ആര്‍.‌ടി.സിയുടെ സര്‍വീസ് ക്യാൻസലേഷൻ ; 17 സ്ഥിരം സർവീസുകള്‍ മുന്നറിയിപ്പില്ലാതെ യാത്ര റദ്ദാക്കി ; യാത്രാദുരിതം സമ്മാനിച്ച അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ

യാത്രക്കാർക്ക് വിനയായി പാലായില്‍ കെ.എസ്.ആര്‍.‌ടി.സിയുടെ സര്‍വീസ് ക്യാൻസലേഷൻ ; 17 സ്ഥിരം സർവീസുകള്‍ മുന്നറിയിപ്പില്ലാതെ യാത്ര റദ്ദാക്കി ; യാത്രാദുരിതം സമ്മാനിച്ച അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ

സ്വന്തം ലേഖകൻ

പാലാ: കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയില്‍ നിന്നുള്ള 17 സ്ഥിരം സർവീസുകള്‍ മുന്നറിയിപ്പില്ലാതെ യാത്രാ തിരക്കേറിയ ഇന്നലെ റദ്ദാക്കിയത് യാത്രക്കാർക്ക് വിനയായി.സർവീസിന് തയ്യാറായി രാവിലെ ജീവനക്കാർ ഡിപ്പോയില്‍ എത്തിയപ്പോഴാണ് പ്രഭാത സർവീസുകള്‍ ഉള്‍പ്പെടെ 17 സർവീസുകള്‍ റദ്ദുചെയ്ത വിവരം അറിയുന്നത്.

ദീർഘദൂര സർവീസുകളും ചെയിൻ സർവീസുകളും ഉള്‍പ്പെടെയുള്ളവയാണ് റദ്ദുചെയ്യപ്പെട്ടത്.
കാരണം വ്യക്തമാക്കാതെയാണ് സർവീസ് ക്യാൻസലേഷൻ നടപ്പാക്കിയിരിക്കുന്നത്. ബുധനാഴ്ച വൈകിയാണ് ക്യാൻസലേഷൻ തീരുമാനം ഉണ്ടായത്. 24 സർവീസുകള്‍ ക്യാൻസല്‍ ചെയ്യുവാനായിരുന്നു ആദ്യ തീരുമാനം. തീരുമാനം എടുത്തവർ ഇന്നലെ ഓഫീസ് അവധിയായിരുന്നതിനാല്‍ ഡിപ്പോയില്‍ എത്തിയതുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരം അറിയാതെ അതിരാവിലെ മുതല്‍ ബസ് സ്റ്റേഷനിലെത്തിയ യാത്രക്കാർ വലഞ്ഞു. പ്രഭാത സർവീസുകള്‍ പാടേ മുടക്കിയ നിലയിലായിരുന്നു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, മാനന്തവാടി എറണാകുളം, തൃശൂർ സർവീസുകളും മുടക്കി.

തൃശൂർ ഭാഗത്തേയ്ക്കുള്ള വർ എം.സി.റോഡിലേക്കുള്ള സ്വകാര്യ ബസുകളെ ആശ്രയിച്ച്‌ ഏറ്റുമാനൂർ, കുറവിലങ്ങാട്, കൂത്താട്ടുകുളം ഭാഗത്തേക്ക് യാത്ര ചെയ്ത് യാത്രാവശ്യങ്ങള്‍ നിറവേറ്റി.കോട്ടയം തൊടുപുഴ ചെയിൻ സർവീസില്‍ ഉണ്ടായ ക്യാൻസലേഷൻ യാത്രക്കാരെ വളരെ കഷ്ടപ്പെടുത്തി. വൈക്കം മുണ്ടക്കയം ചെയിൻ സർവീസുകളും മുടക്കി.

ചുട്ടുപൊള്ളുന്ന വേനല്‍ ചൂടില്‍ 45 മിനിറ്റുവരെ കാത്തിരുന്ന ശേഷമാണ് ഒരു ബസില്‍ കയറിപ്പറ്റുവാൻ പല യാത്രക്കാർക്കും കഴിഞ്ഞത്.നാളെ മുതല്‍ അവധി ദിവസങ്ങളായതിനാല്‍ കുട്ടികളുമായി യാത്രയ്ക്ക് എത്തിയവരും നന്നേ വലഞ്ഞു.ഇന്ന് അവധി ദിവസമായിരുന്നുവെങ്കിലും ബാങ്കുകള്‍, ആശുപത്രികള്‍, വൈദ്യുതി, ജലവിതരണം, പൊലീസ് വിഭാഗങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പ്രവർത്തിക്കുന്നതിനാല്‍ യാത്രാ ആവശ്യങ്ങള്‍ നിരവധിയായിരുന്നു താനും.

കെ.എസ്.ആർ.ടി.സിയുടെ ഉയർന്ന വരുമാനം നേടുന്ന അപൂർവ്വം ഡിപ്പോകളില്‍ ഒന്നാണ് പാലാ. സർവീസുകള്‍ മുടങ്ങാതെ അധികൃതർ ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ മാസം എ.ടി.ഒ, ഡിപ്പോ എൻജിനീയർ, കണ്‍ട്രോളിംഗ് ഇൻസ്‌പെക്ടർമാർ , സ്റ്റേഷൻ മാസ്റ്റർമാർ എന്നിവരെ സ്ഥലം മാറ്റി പകരം ആളുകളെ നിയമിച്ചിരുന്നു.
ഇതിനു ശേഷം നിരവധി ദീർഘദൂര സർവീസുകള്‍ വെട്ടിക്കുറച്ചിരുന്നു.

കണ്ണൂർ, മാനന്തവാടി സർവീസുകള്‍ കോഴിക്കോട് വരെ മാത്രമേ ഓടിക്കാറുള്ളൂ. അടുത്തിടെ തുടങ്ങിയ ചെറുപുഴ സർവീസും മുടക്കിയിരിക്കുകയാണ്. പെരിക്കല്ലൂർ സർവീസ് സുല്‍ത്താൻ ബത്തേരി വരെയേ ഓടിക്കുന്നുള്ളൂ. എറണാകുളത്തു നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് ഉണ്ടായിരുന്ന രാത്രി സർവീസ് മുടക്കിയിരുന്നുവെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇക്കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു.

ബസും ഇന്ധനവും ഡ്രൈവറും കണ്ടക്ടറും എല്ലാം ഉണ്ടായിരുന്നിട്ടും വ്യക്തമായ കാരണമില്ലാതെ യാത്രാ തിരക്കേറിയ ഇന്നലെ പതിനേഴില്‍ പരം സ്ഥിരം സർവീസുകള്‍ റദ്ദാക്കി യാത്രക്കാർക്ക് യാത്രാദുരിതം സമ്മാനിച്ച അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ആർ.ടി ഉപദേശക സമിതി അംഗം ജയ്‌സണ്‍ മാന്തോട്ടം ആവശ്യപ്പെട്ടു. വൻ വരുമാന നഷ്ടമാണ് ഡിപ്പോയ്ക്ക് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് എത്ര സർവീസ് നടത്തുന്നുവെന്ന് ഇതുവരെ അറിയിച്ചിട്ടില്ല.