ജുഗുനു ‘സലാം ചെയ്ത് ‘ കോഡ് കാണിച്ചു; മുലുക്ക് ബൈക്ക് നിര്‍ത്തി ബാഗില്‍ നിന്ന് ”സാധനം” കൈയിലെടുത്തു; ഒടുവിൽ പിടിയിലായി; അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബൈക്കില്‍ കറങ്ങിനടന്ന് വന്‍തോതില്‍ കഞ്ചാവ് വിൽപന നടത്തിയ ബംഗാൾ സ്വദേശിയെ പാലാ എക്‌സൈസ് സംഘം കുടുക്കിയത് തന്ത്രപരമായി
സ്വന്തം ലേഖകൻ
പാലാ : ജുഗുനു ‘സലാം ചെയ്ത് ‘ കോഡ് കാണിച്ചു. മുലുക്ക് ബൈക്ക് നിര്‍ത്തി ബാഗില്‍ നിന്ന് ”സാധനം” കൈയിലെടുത്തു. ഒടുവിൽ പിടിയിലായി. അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബൈക്കില്‍ കറങ്ങിനടന്ന് വന്‍തോതില്‍ കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തെ പാലാ എക്‌സൈസ് സംഘം കുടുക്കിയത് തന്ത്രപരമായി
കൈലി മുണ്ടും ബനിയനും തൊപ്പിയും ധരിച്ച് ”ജുഗുനു”വും കൂട്ടുകാരും മുത്തോലിയിലെ വഴിയില്‍ രാത്രി കാത്തുനിന്നു. ഒരു കിലോ കഞ്ചാവിന് ഒറ്റയടിക്ക് വാങ്ങാന്‍ ആളായതിന്റെ സന്തോഷത്തില്‍ മുലുക്ക് (39) ബൈക്കില്‍ പാഞ്ഞെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനായി മുലുക്ക് ആദ്യം 60,000 രൂപാ വില പറഞ്ഞു. ഒടുവില്‍ ജുഗുനു, മുലുക്കുമായി വിലപേശി അത് 40,000 ആയി കുറച്ചു. മുകളില്‍ യഥാര്‍ത്ഥ നോട്ടും താഴെ പേപ്പര്‍ മുറിച്ചതും ചേര്‍ത്ത് കെട്ടി നാല്പത്തിനായിരം രൂപയുടെ ഓളം തോന്നിക്കുന്ന മട്ടില്‍ തുകയും കൈയ്യില്‍ പിടിച്ചാണ് ജുഗുനു മുത്തോലിയില്‍ രാത്രി മുലുക്കിനായി കാത്തുനിന്നത്. വരുമ്പോൾ സലാം പറയണമെന്നാണ് മുലുക്ക് നിര്‍ദ്ദേശിച്ച കോഡ്. ഇതനുസരിച്ചാണ് ജുഗുനുവായി വേഷപ്രച്ഛന്നനായ സി.ഐ.രജേഷ് ജോണ്‍ മുലുക്കിനെ കണ്ടപ്പോള്‍ തന്നെ സലാം പറഞ്ഞത്.
നേരത്തെ പറഞ്ഞപോലെ ജുഗുനു ‘സലാം ചെയ്ത് ‘ കോഡ് കാണിച്ചു. മുലുക്ക് ബൈക്ക് നിര്‍ത്തി ബാഗില്‍ നിന്ന് ”സാധനം” കൈയിലെടുത്തു. ഇതോടെ ജുഗുനുവും കൂട്ടുകാരും മുലുക്കിനെ ഞൊടിയിടയില്‍ ചാടിപ്പിടിച്ചു. മുലുക്ക് അമ്പരന്നു നില്‍ക്കെ തൊട്ടു പുറകെ പാലാ എക്‌സൈസ് സര്‍ക്കിളിന്റെ ജീപ്പില്‍ യൂണിഫോം അണിഞ്ഞ എക്‌സൈസുകാരുമെത്തി.അപ്പോഴാണ് താന്‍ കുടുങ്ങിയ വിവരം മുലുക്കിന് മനസിലായത്.
അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബൈക്കില്‍ കറങ്ങിനടന്ന് വന്‍തോതില്‍ കഞ്ചാവ് വിറ്റുവന്ന ബംഗാള്‍ നടുന്‍ഗഞ്ച് ജില്ലയിലെ മുലുക്കിനെ പിടികൂടാന്‍ എക്‌സൈസ് പാലാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രജേഷ് ജോണാണ് കൈലി മുണ്ടും ബനിയനും ഉടുത്ത് ‘ജുഗുനു ‘ ആയി മാറിയത്.
മുലുക്കിന്റെ മറ്റൊരു സുഹൃത്തായ ഷേര്‍ബി മുഖേനയാണ് പാലായില്‍ ഹോട്ടല്‍ തൊഴിലാളിയായ ജുഗുനു എന്ന മട്ടില്‍ സി.ഐ. രജേഷ് ജോണ്‍ മുലുക്കുമായി ആദ്യം ഫോണില്‍ ബന്ധപ്പെട്ടത്. തുടര്‍ന്ന് ഒരു കിലോ കഞ്ചാവ് അത്യാവശ്യമായി വേണമെന്ന് ആവശ്യപ്പെടുകയിരുന്നു.
പാലായിലും പരസരപ്രദേശത്തുമുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും താന്‍ വന്‍തോതില്‍ കഞ്ചാവ് വിറ്റിരുന്നതായി മുലുക്ക് എക്‌സൈസ് സംഘത്തിന് മൊഴി നല്‍കി. ബംഗാളില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് കോട്ടയത്ത് കഞ്ചാവ് എത്തിക്കുന്നതെന്നും ഇയാള്‍ എക്‌സൈസിനോട് വെളിപ്പെടുത്തി.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രജേഷ് ജോണിനൊപ്പം കോട്ടയം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ എന്‍.വി. സന്തോഷ് കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍ കുമാര്‍, എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗവും അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടറുമായ ഫിലിപ്പ് തോമസ്, പ്രവന്റീവ് ഓഫീസര്‍മാരായ അരുണ്‍ സി. ദാസ്, രഞ്ജിത്ത് കെ. നന്ത്യാട്ട്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ആരോമല്‍, പ്രസീത് എന്നിവരും മുലുക്കിനെ കുടുക്കിയ സംഘത്തിലുണ്ടായിരുന്നു.