കോട്ടയം ജില്ലയിൽ മയക്കുമരുന്ന് സംഘങ്ങൾ സജീവം; കഞ്ചാവ്, നിരോധിത പുകയില ഉത്പന്നങ്ങളുമായി നാല് പേര് പിടിയില്‍
സ്വന്തം ലേഖിക
കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കഞ്ചാവ്, നിരോധിത പുകയില ഉത്പന്നങ്ങളുമായി നാല് പേരെ പോലീസ് പിടികൂടി.
ലഹരി മാഫിയയുടെ സംഘങ്ങളില്‍ സജീവമാകുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം കൂടുന്നതും ഗുരുതര പ്രശ്നമാകുന്നുണ്ട്.
ഇന്നലെ പാലായില്‍ കഞ്ചാവുമായും കാഞ്ഞിരപ്പള്ളിയില്‍ നിന്നും നിരോധിത പുകയില ഉത്പന്നങ്ങളുമായും മൂന്ന് ഇതര സംസ്ഥാന തൊഴിലാളിയേയും ഏറ്റുമാനൂരില്‍ നിന്നും കഞ്ചാവ് വലിച്ചുകൊണ്ടിരുന്ന ഒറ്റപ്പാലം സ്വദേശിയായ യുവാവിനെയുമാണ് പോലീസ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വില്ക്കാന് കഞ്ചാവുമായി ബൈക്കില്‍ ചുറ്റിത്തിരിഞ്ഞ ബംഗാള്‍ സ്വദേശി നടുന്‍ഗഞ്ച് മുലുക്ക് (39)നെയാണു പാലാ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഒരു കിലോ കഞ്ചാവും ഇയാളുടെ ബൈക്കും എക്സൈസ് സംഘം പിടിച്ചെടുത്തു.
ഞായറാഴ്ച രാത്രി 9.30ന് പാലാ മുത്തോലിയിലായിരുന്നു സംഭവം.
ബംഗാള്‍ സ്വദേശികളായ അഷറഫ് (26), മുഹമ്മദാലി (22) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ 11ന് ടൗണില്‍ ഇവര്‍ താമസിക്കുന്നിടത്ത് നിന്നാണ് പോലീസ് പുകയില ഉത്പനങ്ങള്‍ പിടിച്ചെടുത്തത്. 25,000 രൂപ വില വരുന്ന 750 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങളാണു പിടികൂടിയത്.
എറ്റുമാനൂര്‍ ഗവണ്മെന്റ് ഐടിഐക്ക് സമീപം റെയില്‍വേ ഏറ്റെടുത്ത സ്ഥലത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് കഞ്ചാവ് വലിച്ചുകൊണ്ടിരുന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടിയത്. റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ ജോലിയുമായി ബന്ധപ്പെട്ട് പ്രദേശത്ത് താമസിച്ചിരുന്ന ഒറ്റപ്പാലം അകലൂര്‍ പാലയ്ക്കല്‍ പി.കെ. രതീഷിനെ(40)യാണ് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍നിന്ന് 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ഏറ്റുമാനൂരില്‍ ഗവണ്മെന്റ് ഐടിഐ, റെയില്‍വേ സ്റ്റേഷന് പരിസരങ്ങള്‍, കോട്ടമുറിയിലെ കോളനിയും പരിസരവും, മനയ്ക്കപ്പാടം, അതിര സുഴ മൈതാനം പരിസരം, നാല്പാത്തിമല, കൈപ്പുഴ, നീണ്ടൂര്‍, മെഡിക്കല്‍ കോളേജ്, ആര്‍പ്പൂക്കര തുടങ്ങിയ പ്രദേശങ്ങളില്‍ കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങള്‍ സജീവമാണ്.