play-sharp-fill
വളർത്തുപക്ഷികളുമായി സമ്പർക്കം പുലർത്തുന്നവർ ശ്രദ്ധിക്കുക …! സംസ്ഥാനത്ത് രണ്ടിടങ്ങളിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു ; പക്ഷികളിൽ നിന്നും മനുഷ്യരിലേക്ക് പകരാൻ സാധ്യത

വളർത്തുപക്ഷികളുമായി സമ്പർക്കം പുലർത്തുന്നവർ ശ്രദ്ധിക്കുക …! സംസ്ഥാനത്ത് രണ്ടിടങ്ങളിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു ; പക്ഷികളിൽ നിന്നും മനുഷ്യരിലേക്ക് പകരാൻ സാധ്യത

സ്വന്തം ലേഖകൻ

കോഴിക്കോട്: വളർത്തുപക്ഷികളുമായി അടുത്ത് ഇടപെഴുകുന്നവർ ജാഗ്രത പുലർത്തുക. സംസ്ഥാനത്ത് രണ്ടിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് വെസ്റ്റ് കൊടിയത്തൂരിലെ കോഴി ഫാമിലും വേങ്ങേരിയിലെ വീട്ടിലെ പക്ഷികൾക്കുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ഭോപ്പാലിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്ററിനുള്ളിലുള്ള എല്ലാ വളർത്തുപക്ഷികളെയും കൊല്ലാൻ നിർദ്ദേശം. കൂടാതെ പത്തുകിലോ മീറ്റർ ചുറ്റളവിൽ ജാഗ്രതാ നിർദ്ദേശം നൽകും. പ്രതിരോധ പ്രവർത്തനങ്ങൾക്കായി മൃഗസംരക്ഷണ വകുപ്പ് അഞ്ചംഗങ്ങളുള്ള 25 ടീമുകളെ സജ്ജമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേങ്ങേരിയിലെ ഒരു വീട്ടിൽ വളർത്തുകോഴികൾ കൂട്ടമായി ചത്തതോടെ വീട്ടുകാരൻ മൃഗസംരക്ഷണവകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. ഇതേതുടർന്ന് തിരുവനന്തപുരത്തും ഭോപ്പാലിലും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് രോഗം പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. അതിന് പിന്നാലെ ജില്ലയിലെ മറ്റൊരു സ്ഥലമായി കൊടിയത്തൂരിലെ 2500 ഓളം കോഴികളുള്ള ഫാമിലും കോഴികൾ കൂട്ടത്തോടെ ചത്തിരുന്നു. ഇത് പക്ഷിപ്പനിയെ തുടർന്നാണെന്ന് മൃഗസംരക്ഷണവകുപ്പ് പറയുന്നു. ദേശാടനപക്ഷികളിൽ നിന്ന് പടർന്നതാവാമെന്നാണ് പ്രാഥമിക നിഗമനം.

ഭോപ്പാലിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കൊടിയത്തൂരിൽ 6193 കോഴികളെയും കോഴിക്കോട് കോർപ്പറേഷനിൽ 3524 കോഴികളെയും ചാത്തമംഗലം പഞ്ചായത്തിൽ 3214 കോഴികളെയും നശിപ്പിക്കാനാണ് തീരുമാനം.

പ്രധാനമായും കോഴി, താറാവ്, വാത്ത്, ടർക്കി എന്നീ പക്ഷികളെ ബാധിക്കുന്ന മാരകമായ വൈറസ് രോഗമാണ് പക്ഷിപ്പനി അഥവാ ബേർഡ് ഫ്‌ളൂ. രോഗബാധയേറ്റ പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പടരാൻ ഇടയുണ്ട് എന്നത് രോഗത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. പക്ഷിപ്പനി പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുന്നത്.

പക്ഷിപ്പനിയുടെ ലക്ഷണങ്ങൾ

പനി (ചിലപ്പോൾ 38 ഡിഗ്രി സെൽഷ്യസിനു മുകളിൽ). ക്ഷീണം, ചുമ, ജലദോഷം, തൊണ്ടവേദന, ശരീരവേദന എന്നിവയൊക്കെയാണ് പ്രാരംഭ ലക്ഷണങ്ങൾ). രോഗം പെട്ടെന്ന് മൂർച്ഛിക്കുകയും കടുത്ത ശ്വാസതടസ്സം, ന്യുമോണിയ എന്നിവയായി മാറുകയും ചെയ്യും. അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ( എന്ന അവസ്ഥയിലേക്ക് എത്തുന്നതോടെ മരണസാധ്യത വർധിക്കുന്നു) .

രോഗബാധയുടെ ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങളിൽ വളർത്തുപക്ഷികളെ കൊന്നൊടുക്കുക. ഇതു ചെയ്യുമ്പോൾ പക്ഷികളുമായി നേരിട്ട് സമ്പർക്കം വരാതിരിക്കാൻ മാസ്‌ക്, ഗ്ലൗസ് എന്നിവ നിർബന്ധമായും ധരിക്കണം.

പക്ഷിസ്രവങ്ങൾ, വിസർജ്യം, രക്തം എന്നിവയിലൂടെയാണ് വൈറസ് പകരുന്നത്. ചത്തു പക്ഷികൾ, അവയുടെ മുട്ട, കാഷ്ഠം എന്നിവ കത്തിക്കുകയോ ആഴത്തിൽ കുഴിച്ചുമൂടുകയോ ചെയ്യണം. കോഴിഫാമുകൾ, കോഴിക്കടകൾ എന്നിവയിൽ ജോലിചെയ്യുന്നവർ മാത്രമല്ല, രോഗബാധയേൽക്കാവുന്നതരത്തിൽ പക്ഷികളുമായി സമ്പർക്കംപുലർത്തുന്ന എല്ലാവരും മുൻകരുതലെടുക്കണം.

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.

Tags :