ശബരിമല; ദർശനത്തിനുപോയ ഭക്തനെ കാണാനില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ പൂച്ചാക്കൽ (ആലപ്പുഴ) : ശബരിമല ദർശനത്തിനു പോയ ഭക്തനെ കാണാനില്ലെന്ന പരാതിയിൽ പൂച്ചാക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അരൂക്കുറ്റി സ്വദേശി കെ.എസ്.പ്രദീപിനെയാണ് (48) കാണാതായത്. ശനിയാഴ്ചയാണു കാറിൽ തനിച്ചു ശബരിമലയ്ക്കു പോയത്. ഫോൺ കൊണ്ടുപോയിട്ടില്ലായിരുന്നു. കാർ നിലയ്ക്കലിൽ നിന്നു പൊലീസ് കണ്ടെത്തി അറിയിച്ചതിനെ തുടർന്നാണു കാണാതായ വിവരം അറിയുന്നത്. എല്ലാ മലയാള മാസവും ഒന്നാം തീയതി ശബരിമലയ്ക്കു പോകുന്നതാണെന്നു ബന്ധുക്കൾ പറഞ്ഞു. ശബരിമലയിൽ പൊലീസ് പിടികൂടിയവരുടെ പട്ടിക പരിശോധിച്ചെങ്കിലും അതിൽ ഇല്ലെന്നും സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.