play-sharp-fill
ഫ്രാങ്കോയ്ക്കും ആലഞ്ചേരിക്കുമെതിരെ പോരാടുന്ന ഫാ. അഗസ്റ്റിൻ വട്ടോളിയെ സഭയിൽ നിന്ന് പുറത്താക്കാൻ നീക്കം

ഫ്രാങ്കോയ്ക്കും ആലഞ്ചേരിക്കുമെതിരെ പോരാടുന്ന ഫാ. അഗസ്റ്റിൻ വട്ടോളിയെ സഭയിൽ നിന്ന് പുറത്താക്കാൻ നീക്കം

സ്വന്തം ലേഖകൻ

എറണാകുളം: സിറോ മലബാർ സഭയെ പ്രതികൂട്ടിലാക്കുന്ന തരത്തിൽ സമൂഹത്തിൽ ഇറങ്ങി നടത്തുന്ന പ്രതിഷേധ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്നില്ലെങ്കിൽ സഭ ചട്ടപ്രകാരമുള്ള നടപടിക്ക് ഫാ. വട്ടോളി വിധേയനാകേണ്ടി വരുമെന്ന മുന്നറിയിപ്പാണ് അദ്ദേഹത്തിന് അതിരൂപത ആസ്ഥാനത്ത് നിന്നും നൽകിയിരിക്കുന്നത്.

സിറോ മലബാർ സഭ ആസ്ഥാനമായ എറണാകുളം അങ്കമാലി അതിരൂപതയ്ക്കു കീഴിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയുൾപ്പെടെ പ്രതിയായ ഭൂമിയിടപാടിലെ കള്ളത്തരങ്ങൾ പുറത്തു കൊണ്ടുവരാൻ നടത്തുന്ന പോരാട്ടത്തിൽ മുന്നിൽ നിൽക്കുകയും മിഷണറീസ് ഓഫ് ജീസസ് അംഗമായ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ശിക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരങ്ങൾക്ക് നേതൃത്വം നൽകി വരികയും തുടങ്ങി ക്രിസ്തീയ സഭയിലെ അഴിമതികൾക്കും സ്വാർത്ഥവ്യവഹാരങ്ങൾക്കും കുറ്റകൃത്യങ്ങൾക്കുമെതിരേ നിരന്തരം ശബ്ദം ഉയർത്തുകയും പ്രക്ഷോഭങ്ങൾ നയിക്കുകയും ചെയ്തു വരുന്ന ഫാ. അഗസ്റ്റിൻ വട്ടോളിയെ പൗരോഹിത്യ ജീവിതത്തിൽ നിന്നും പുറത്താക്കുമെന്ന ഭീഷണിയുമായി എറണാകുളം-അങ്കമാലി അതിരൂപത. സിറോ മലബാർ സഭയെ പ്രതികൂട്ടിലാക്കുന്ന തരത്തിൽ സമൂഹത്തിൽ ഇറങ്ങി നടത്തുന്ന പ്രതിഷേധ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്നില്ലെങ്കിൽ സഭ ചട്ടപ്രകാരമുള്ള നടപടിക്ക് ഫാ. വട്ടോളി വിധേയനാകേണ്ടി വരുമെന്ന മുന്നറിയിപ്പാണ് അദ്ദേഹത്തിന് അതിരൂപത ആസ്ഥാനത്ത് നിന്നും നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഷപ്പ് ഫ്രാങ്കോ പ്രതിയായ ലൈംഗിക പീഡനക്കേസിൽ കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കാൻ രൂപം കൊടുത്ത സേവ് അവർ സിസ്റ്റേഴ്സ് (എസ്ഒഎസ്) മൂവ്മെന്റിന്റെ കൺവീനർ എന്ന നിലയിൽ ഫാ. വട്ടോളി ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങളെ ‘കുറ്റകൃത്യമായി’ കണ്ടാണ് അദ്ദേഹത്തിനെതിരേയുള്ള നടപടികൾക്ക് സഭാനേതൃത്വം തയ്യാറെടുക്കുന്നത്. ഭൂമിയിടപാടിൽ നടന്ന കൃത്രിമത്വങ്ങൾ പുറത്തുകൊണ്ടുവരികയും അതിൽ പങ്കാളിയായ സഭാ തലവൻ അലഞ്ചേരിയ്‌ക്കെതിരായി നടപടികൾ സ്വീകരിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്തതോടെ തന്നെ സഭ തലവന്മാരുടെ കണ്ണിലെ കരടായി മാറിയിരുന്നു ഫാ. വട്ടോളി. അതിനു പിന്നാലെയാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരേ കന്യാസ്ത്രീകൾക്കൊപ്പം സന്ധിയില്ല പോരാട്ടാത്തിനും വട്ടോളിയച്ചൻ നിലയുറപ്പിച്ചത്. എറണാകുളത്ത് ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറിൽ പതിനാല് ദിവസത്തോളം എസ്ഒഎസ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ കന്യാസ്ത്രീകൾ ഉൾപ്പെടെ പങ്കെടുത്തു നടത്തിയ സമരത്തിന്റെ സമ്മർദ്ദത്തിൽ കൂടിയായിരുന്നു ഫ്രാങ്കോയുടെ അറസ്റ്റ്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഫ്രാങ്കോ കേസ് അട്ടിമറിക്കുമെന്നും കന്യാസ്ത്രീകളുടെ ജീവന് അപകടമുണ്ടാക്കുമെന്നും പരാതി ഉയർത്തി കഴിഞ്ഞ ദിവസം തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നിൽ എസ് ഒ എസ്സിന്റെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചിരുന്നു. 2018 നവംബർ 14 ന് നടത്തിയ ധർണയിൽ എസ്ഒഎസ് മൂവ്മെന്റ് കൺവീനർ എന്ന നിലയിൽ ഒരു പുരോഹിതനായ അഗസ്റ്റിൻ വട്ടോളി പങ്കെടുത്തത് പൊതുസമൂഹത്തിൽ സഭയുടെ സൽപേരിന് ദോഷമുണ്ടാക്കിയെന്നും വിശ്വാസ്യതയെ തകർക്കുന്നതിന് കാരണമായെന്നുമാണ് അതിരൂപതയുടെ കണ്ടെത്തൽ. മേലിൽ ഇത്തരം ധർണകളിലോ മറ്റോ പങ്കെടുക്കുന്നതിൽ നിന്നും ഫാ. വട്ടോളിയെ ശക്തമായി വിലക്കുകയാണെന്നും സമാനമായ പ്രവർത്തികളിൽ വീണ്ടും പങ്കാളിയാവുകയാണെങ്കിൽ, അനുസരണക്കേടിന് സഭ ചട്ടങ്ങൾ പ്രകാരം നടപടി സ്വീകരിക്കുമെന്നുമാണ് എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്റ്റോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇത്തരമൊരു കുറ്റപത്രം തനിക്കെതിരേ തയ്യാറാക്കിയിരിക്കുന്നതിനെയും നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പിനെയും കുറിച്ച് പ്രതികരിക്കാൻ ഫാ. അഗസ്റ്റിൻ വട്ടോളി വിസമ്മതിച്ചു. വൈദികനെതിരേ നടപടി സ്വീകരിക്കുമോയെന്നതിനെക്കുറിച്ച് പ്രതികരണം ആരായാൻ അതിരൂപത ആസ്ഥാനവുമായി പലവട്ടം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എങ്കിലും ഫാ. വട്ടോളിക്കെതിരേ നടപടി സ്വീകരിക്കാൻ അതിരൂപ മേലാളർ തയ്യാറെടുത്തിരിക്കുകയാണെന്നതിന് കൃത്യമായ വിവരം തേർഡ് ഐ ന്യൂസിന്‌
ലഭിച്ചിട്ടുണ്ട്.

ഫാ. അഗസ്റ്റിൻ വട്ടോളിക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് അതിരൂപത ഉയർത്തിയിരിക്കുന്നതെന്ന വിവരമാണ് തേർഡ് ഐ ന്യൂസിന്‌ ലഭിച്ചിരിക്കുന്നത്. വൈദികവൃത്തിയിൽ കുറ്റകരമായ വീഴ്ച്ചയാണ് ഫാ. വട്ടോളി വരുത്തിയിരിക്കുന്നതെന്നാണ് അതിരൂപതയുടെ കണ്ടെത്തൽ. വിരളമായി മാത്രമാണ് ഫാ. വട്ടോളി വിശുദ്ധ കുർബാന അർപ്പിക്കുന്നതെന്നും പുരോഹിതനെന്ന നിലയിൽ പൊതുസമക്ഷത്തിൽ വട്ടോളിയുടെ പ്രാർത്ഥനാ ജീവിതവും വിശ്വാസവും ചോദ്യം ചെയ്യപ്പെടുകയാണെന്നും കുറ്റപ്പെടുത്തുന്നു. സഭചട്ട പ്രകാരം ദിവസേന അൾത്താരയിൽ കുർബാന ആർപ്പിക്കുന്നത് പരമാവധി പ്രോത്സാഹിപ്പിക്കണമെന്നാണ് അതിരൂപത പറയുന്നത്. സിറോ മലബാർ സഭയുടെ പ്രത്യേക നിയപ്രകാരവും ദിവസേനയുള്ള വിശുദ്ധ കുർബാന കൃത്യമായ തയ്യാറെടുപ്പുകളോടെ നിവർത്തിക്കണമെന്നാണ് പറയുന്നതെന്നും ഫാ. വട്ടോളിയുടെ പൗരോഹിത്യ പ്രവർത്തിയിൽ വീഴ്ച്ചയുണ്ടെന്ന് സമർത്ഥിക്കാനായി അതിരൂപത പരാതി ഉയർത്തുന്നു. വിശുദ്ധ കുർബാനയിലും പ്രാർത്ഥനവേളയിലും മേജർ ആർച്ച് ബിഷപ്പിനെ സ്മരിക്കണമെന്നു സഭ നിയമത്തിൽ പറയുന്നുണ്ടെങ്കിലും ഫാ. വട്ടോളി അതിന് തയ്യാറാകുന്നില്ലെന്നാണ് മറ്റൊരാരോപണം. ആരാധനഗ്രന്ഥത്തിൽ മാർപ്പാപ്പയ്ക്കും മറ്റ് മെത്രാന്മാർക്കും പുരോഹിതർക്കും ഒപ്പം മേജർ ആർച്ച് ബിഷപ്പിനേയും വിശുദ്ധ കുർബാനയിലും പ്രാർത്ഥനയിലും സ്മരിക്കണമെന്നു പറയുമ്പോഴും അതിനും വട്ടോളി തയ്യാറാകുന്നില്ലെന്നും സഭ നിയമപ്രകാരം ഈ നിയമലംഘനം ശിക്ഷാർഹമാണെന്നും അതിരൂപത ഫാ. വട്ടോളിയെ പ്രതിക്കൂട്ടിൽ നിർത്തി ചൂണ്ടിക്കാണിക്കുന്നു.

ഫാ. അഗസ്റ്റിൻ വട്ടോളി തന്റെ പ്രസംഗത്തിലൂടെയും പ്രവർത്തികളിലൂടെയും ഉപജാപപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്നും പൗരഹിത്യനേതൃത്വത്തിനെതിരേ വെറുപ്പ് സൃഷ്ടിക്കുകയാണെന്നും ആരോപണമുണ്ട്. വൈദികനെതിരേയുള്ള മറ്റൊരു കുറ്റം അദ്ദേഹം സഭവിരുദ്ധരും കലാപാരികളും അവിശ്വാസികളും ആയവരോട് അടുത്ത ബന്ധം പുലർത്തുന്നുവെന്നതാണ്. സഭയേയും ക്രിസ്തു മതത്തേയും തകർക്കാൻ നടക്കുന്നവരാണ് ഈ സംഘങ്ങളെന്നും ഫാ. വട്ടോളിക്കെതിരേയുള്ള അരോപണമായി ചൂണ്ടിക്കാണിക്കുന്നു.

നീതി തേടി കന്യാസ്ത്രീകൾ സമരം ചെയ്ത വേദിയിൽ പിയേത്ത(മറിയം യേശുവിന്റെ മൃതശരീരം മടിയിൽ ഏറ്റുവാങ്ങിയിരിക്കുന്ന ചിത്രം)യെ അപമാനിക്കുന്ന തരത്തിൽ മറിയത്തിന്റെ മടിയിൽ കന്യാസ്ത്രീയെ കിടത്തിയിരിക്കുന്ന തരത്തിൽ ചിത്രീകരിച്ച് പ്രദർശിപ്പിച്ചതിലും ഫാ. അഗസ്റ്റിൻ വട്ടോളിയെ പ്രതിയാക്കുന്നുണ്ട് അതിരൂപത. സെക്രട്ടേറിയേറ്റിന്റെ മുന്നിൽ നടത്തിയ ധർണയിൽ ഇതേ ചിത്രം പ്രദർശിപ്പിച്ചെന്നും ഇതിന് നേതൃത്വം നൽകിയത് ഫാ. വട്ടോളിയാണെന്നും സഭ ചട്ടപ്രകാരം ശിക്ഷാർഹമായ പ്രവർത്തിയാണ് വൈദികനിൽ നിന്നുണ്ടായിരിക്കുന്നതെന്നുമാണ് ആക്ഷേപം. സഭ നേതൃത്വത്തേയും സമ്പ്രദായത്തേയും നിഷേധിക്കുന്ന പ്രവർത്തികളാണ് ഇതുവഴി ഫാ. വട്ടോളി നടത്തുന്നതെന്നാണ് അതിരൂപത നേതൃത്വം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. കത്തോലിക്ക സഭയുമായി ബന്ധപ്പെട്ടുള്ള കാനൻ നിയമങ്ങൾ അനുസരിച്ച് ഫാ. അഗസ്റ്റിൻ വട്ടോളിയിൽ നിന്നും ഉണ്ടായിരിക്കുന്ന എല്ലാ പ്രവർത്തികളും ശിക്ഷനേരിടേണ്ടവയാണെന്നും ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് ഉറപ്പിക്കുകയാണ്. തനിക്കെതിരേ നിരത്തിയിരിക്കുന്ന പരാതികളിൽ നവംബർ 25 നു മുമ്പായി വിശദീകരണം നൽകാനും അപ്പോസ്റ്റോലിക് അഡ്മിനിസ്ട്രേറ്റർ ഫാ. വട്ടോളിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൃപ്തികരമായ വിശദീകരണം കിട്ടാത്തപക്ഷം കത്തോലിക്ക നിയമങ്ങൾ അനുസരിച്ചുള്ള നടപടികൾ ഫാ. വട്ടോളിക്കെതിരേ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്.