‘എന്തിനാണ് 12 തവണയും സമ്മതിച്ച്‌ കൊടുത്തത്’? കന്യാസ്ത്രീയെ ആരും പിടിച്ച്‌ കെട്ടി വെച്ചിട്ടില്ല, ഇറങ്ങിപോകാമായിരുന്നില്ലേ; ചാനല്‍ ചര്‍ച്ചയില്‍ കന്യാസ്ത്രീയെ അധിക്ഷേപിച്ച്‌ പി സി ജോര്‍ജ്

‘എന്തിനാണ് 12 തവണയും സമ്മതിച്ച്‌ കൊടുത്തത്’? കന്യാസ്ത്രീയെ ആരും പിടിച്ച്‌ കെട്ടി വെച്ചിട്ടില്ല, ഇറങ്ങിപോകാമായിരുന്നില്ലേ; ചാനല്‍ ചര്‍ച്ചയില്‍ കന്യാസ്ത്രീയെ അധിക്ഷേപിച്ച്‌ പി സി ജോര്‍ജ്

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ച്‌ പി സി ജോര്‍ജ്.

ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാതൃഭൂമി ചാനല്‍ സംഘടിപ്പിച്ച സിസ്റ്റര്‍ ലൂസി കളപ്പുര, സിസ്റ്റര്‍ ജെസ്മി എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് കന്യാസ്ത്രീക്ക് എതിരെ പി സി ജോര്‍ജ് തുടര്‍ച്ചയായി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെയുളള പീഡന പരാതി കെട്ടിച്ചമച്ചതാണ് എന്നാണ് പി സി ജോര്‍ജ് ഉന്നയിക്കുന്ന വാദം. ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നത്. എന്തിനാണ് 12 തവണയും സമ്മതിച്ച്‌ കൊടുത്തത് എന്നാണ് പി സി ജോര്‍ജിന്റെ അധിക്ഷേപം.

കന്യാസ്ത്രീയെ ആരും പിടിച്ച്‌ കെട്ടി വെച്ചിട്ടില്ലെന്നും ഇറങ്ങിപോകാമായിരുന്നുവെന്നും പി സി ജോര്‍ജ് പറഞ്ഞു. എത്രയോ പേര്‍ മഠത്തില്‍ നിന്ന് ഇറങ്ങിപ്പോകുന്നുണ്ട്. പോയി കല്യാണം കഴിച്ച്‌ ജീവിച്ച്‌ കൊളളണം” – പി സി ജോര്‍ജ് പറഞ്ഞു. നൂറ് ശതമാനം പ്രാര്‍ത്ഥനയും ഉപവാസവുമായിട്ട് വേണം പോകാന്‍, അല്ലാതെ റോഡിലൂടെ സിന്ദാബാദ് വിളിച്ച്‌ കള്ളത്തരത്തിന് പോകരുത് എന്നും പി സി ജോര്‍ജ് അധിക്ഷേപിച്ചു.

എന്തിനാണ് കന്യാസ്ത്രീകള്‍ ഹൈക്കോടതിക്ക് മുന്നില്‍ സമരത്തിന് പോയത് എന്നും സെക്രട്ടേറിയറ്റിന് മുന്നില്‍ പോയിരിക്കാന്‍ പാടില്ലായിരുന്നോ എന്നും പി സി ജോര്‍ജ് ചോദിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ പോയി സത്യാഗ്രഹം ചെയ്തിരുന്നുവെങ്കില്‍ താനും കൂടെ പോകുമായിരുന്നു. ചില മാധ്യമപ്രവര്‍ത്തകരും ബ്ലാക്ക് മാസ്സിന്റെ ആളുകളും കന്യാസ്ത്രീകളെ തെറ്റിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് പി സി ജോര്‍ജിൻ്റെ ആരോപണം.

ആദ്യം ഈ വിഷയത്തില്‍ താന്‍ പ്രതികരിക്കാതിരുന്ന ആളാണെന്നും എന്നാല്‍ എഫ്‌ഐആര്‍ വായിച്ചപ്പോഴാണ് കുഴപ്പമുണ്ടെന്ന് തോന്നിയത് എന്നും പി സി ജോര്‍ജ് പറഞ്ഞു. കാലടിയിലുളള 20 സെന്റില്‍ കോടികള്‍ മുടക്കി കെട്ടിടം പണിയാന്‍ എവിടെ നിന്നാണ് പണം എന്ന് പി സി ജോര്‍ജ് ചോദിച്ചു. കേസിലെ വിധി നൂറ് ശതമാനവും ന്യായവും സത്യസന്ധവും ആണെന്നും കത്തോലിക്കാ സഭയുടേയും ആരുടേയും സ്വാധീനം കേസിലുണ്ടായിട്ടില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.

പി സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ആണ് ഉയരുന്നത്. നേരത്തെ ആക്രമിക്കപ്പെട്ട നടിയേയും പി സി ജോര്‍ജ് അധിക്ഷേപിച്ച്‌ സംസാരിച്ചിരുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തുടക്കം മുതല്‍ പിന്തുണയ്ക്കുന്ന വ്യക്തിയാണ് പി സി ജോര്‍ജ്. കോടതി വെറുതെ വിട്ടതിന് പിന്നാലെ ഫ്രാങ്കോ മുളയ്ക്കല്‍ പി സി ജോര്‍ജിനെ കാണാന്‍ എത്തിയിരുന്നു. പത്ത് മിനുറ്റോളും ഇരുവരും അടച്ചിട്ട മുറിയില്‍ ഇരുന്ന് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഫ്രാങ്കോ മുളയ്ക്കല്‍ മടങ്ങിപ്പോയത്.