മാലിദ്വീപില്‍ നിന്നും പ്രവാസികളുമായി ആദ്യ കപ്പല്‍ കൊച്ചിയിലേക്ക് പുറപ്പെട്ടു ; പ്രവാസികളുമായി കപ്പല്‍ എത്തുക ഞായറാഴ്ച വൈകുന്നേരം

മാലിദ്വീപില്‍ നിന്നും പ്രവാസികളുമായി ആദ്യ കപ്പല്‍ കൊച്ചിയിലേക്ക് പുറപ്പെട്ടു ; പ്രവാസികളുമായി കപ്പല്‍ എത്തുക ഞായറാഴ്ച വൈകുന്നേരം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടല്‍ മാര്‍ഗം പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി മാലദ്വീപില്‍ നിന്ന് ഇന്ത്യന്‍ നാവികസേനയുടെ ആദ്യ കപ്പല്‍ കൊച്ചിയിലേക്ക് പുറപ്പെട്ടു. വെള്ളിയാഴ്ച രാത്രി യാത്ര തിരിച്ച ഐഎന്‍എസ് ജലാശ്വയില്‍ 698 യാത്രക്കാരാണുള്ളത്.

പ്രവാസികളുമായി കപ്പല്‍ ഞായറാഴ്ച വൈകുന്നേരത്തോടെ കൊച്ചിയിലെത്തും. ഇന്ത്യന്‍ നാവികസേനയുടെ ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ ഭാഗമായ ആദ്യ കപ്പല്‍ വെള്ളിയാഴ്ച രാത്രിയാണ് മാലദ്വീപില്‍ നിന്ന് യാത്ര തിരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവാസികളുമായി ഐഎന്‍എസ് ജലാശ്വ ഞായറാഴ്ച വൈകുന്നേരത്തോടെ കൊച്ചിയിലെത്തും. കപ്പലില്‍ ആകെ 698 യാത്രക്കാരാണുള്ളത്. 103 സ്ത്രീകള്‍ ഉള്ളതില്‍ 19 പേര്‍ ഗര്‍ഭിണികളാണ്. പത്ത് വയസ്സില്‍ താഴെയുള്ള 14 കുട്ടികളും കപ്പലിലുണ്ട്. പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇവരെ കപ്പലില്‍ കയറ്റിയത്.

മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറേറ്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് നാട്ടിലേക്ക് മടങ്ങാനുള്ള പ്രവാസികളുടെ പട്ടിക തയ്യാറാക്കിയത്. ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയിലെത്തിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരാണ് ആദ്യ പട്ടികയില്‍ ഉള്ളത്.

ഐഎന്‍എസ് ജലാശ്വക്ക് പുറമേ ഐഎന്‍എസ് മഗര്‍ കപ്പലും പ്രവാസികളെ കൊണ്ടുവരാന്‍ മാലദ്വീപില്‍ എത്തിയിട്ടുണ്ട്. മാലിദ്വീപില്‍ നിന്നും തുറമുഖത്തെത്തുന്ന പ്രവാസികളെ പരിശോധിക്കുന്നതിനും നിരീക്ഷണത്തിലാക്കുന്നതിനും എല്ലാ ക്രമീകരണങ്ങളും കൊച്ചിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.