പ്രവാസിയുടെ വീട്ടിലെ  റെയ്ഡില്‍ കണ്ടെത്തിയ 40 മദ്യകുപ്പികള്‍ പൊലീസ് സ്റ്റേഷനിലെത്തിയില്ല ; മദ്യകുപ്പികള്‍ മുക്കിയ എസ്.ഐ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

പ്രവാസിയുടെ വീട്ടിലെ റെയ്ഡില്‍ കണ്ടെത്തിയ 40 മദ്യകുപ്പികള്‍ പൊലീസ് സ്റ്റേഷനിലെത്തിയില്ല ; മദ്യകുപ്പികള്‍ മുക്കിയ എസ്.ഐ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

സ്വന്തം ലേഖകന്‍

ആലപ്പുഴ: ലോക് ഡൗണിനിടെ അമിത മദ്യം കൈവശം വച്ചുവെന്ന് ആരോപിച്ച് പ്രവാസിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത 40 മദ്യകുപ്പികള്‍ പൊലീസ് സ്റ്റേഷനിലെത്തിയില്ല. മദ്യകുപ്പികള്‍ കടത്തിയ എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ആലപ്പുഴയിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

മദ്യകുപ്പികള്‍ കടത്തിയ സൗത്ത് സ്റ്റേഷനിലെ എസ്ഐമാര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. അമിതമദ്യം കൈവശം വച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ഒന്നാം തീയതി ഉച്ചയ്ക്കാണ് പ്രവാസിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയ്ഡില്‍ വീട്ടില്‍ നിന്നും കണ്ടെത്തിയ വിദേശമദ്യം എസ്ഐയും സംഘവും വാഹനത്തില്‍ കടത്തിക്കൊണ്ടുപോയെന്നായിരുന്നു വീട്ടുകാരുടെ പരാതി. തുടര്‍ന്ന നടത്തിയ അന്വേഷണത്തില്‍ റെയ്ഡില്‍ പിടിച്ചെടുത്ത മദ്യകുപ്പികള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയില്ലെന്നും വ്യക്തമായി.

പ്രവാസിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഡിവൈഎസ്പി പ്രാഥമിക അന്വേഷണം നടത്തി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ എസ്ഐ ഉള്‍പ്പടെയുള്ളവര്‍ക്ക് ജാഗ്രതകുറവുണ്ടായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നാലുപേരെയും അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തതിരിക്കുന്നത്.

ആലപ്പുഴ എസ്. ഐ കെ.ജി രതീഷ്, പ്രബേഷനറി എസ്.ഐ സുനേഖ് എം. ജയിംസ്, സിപിഒമാരായ അബീഷ്, ദിനുലാല്‍ എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ജയിംസ് ജോസഫ് സസ്‌പെന്‍ഡ് ചെയ്തത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഇവര്‍ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ വിദേശമദ്യം എടുത്തിട്ടില്ലെന്നായിരുന്നു ഡിവൈഎസ്പിക്ക് നല്‍കിയ മൊഴി.

വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്നും കണ്ടെടുത്ത നാല്‍പ്പതോളം മദ്യകുപ്പികള്‍ കടത്തിയെന്നായിരുന്നു വീട്ടുകാരുടെ പരാതി. ഇക്കാര്യം ശരിയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്തായാലും അമിതമദ്യം കൈവശം വെച്ചതിന് വീട്ടുടമസ്ഥനെതിരെ നടപടിയെടുക്കും