തോക്കും പടച്ചട്ടയും വാങ്ങാന്‍ അച്ഛന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചത് ഒരുലക്ഷം രൂപ; പബ്ജിക്ക് ശേഷം വില്ലനാകുന്നത് ഫ്രീഫയര്‍; എട്ട് മണിക്കൂറിലധികം ഗെയിം കളിച്ച കുട്ടിക്കളിക്കാരുടെ നൂറിലധികം മൊബൈല്‍ ഫോണുകള്‍ പൊലീസ് ‘കസ്റ്റഡിയില്‍’; ഓര്‍ക്കുക, നിങ്ങള്‍ നിരീക്ഷണത്തിലാണ്; ഓപ്പറേഷന്‍ ഗുരുകുലം പിടിമുറുക്കുമ്പോള്‍

തോക്കും പടച്ചട്ടയും വാങ്ങാന്‍ അച്ഛന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചത് ഒരുലക്ഷം രൂപ; പബ്ജിക്ക് ശേഷം വില്ലനാകുന്നത് ഫ്രീഫയര്‍; എട്ട് മണിക്കൂറിലധികം ഗെയിം കളിച്ച കുട്ടിക്കളിക്കാരുടെ നൂറിലധികം മൊബൈല്‍ ഫോണുകള്‍ പൊലീസ് ‘കസ്റ്റഡിയില്‍’; ഓര്‍ക്കുക, നിങ്ങള്‍ നിരീക്ഷണത്തിലാണ്; ഓപ്പറേഷന്‍ ഗുരുകുലം പിടിമുറുക്കുമ്പോള്‍

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ

കോട്ടയം: ലോക്ക്ഡൗണ്‍ കാലം ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വഴിമാറിയപ്പോള്‍ ലാപ്‌ടോപ്പും മൊബൈല്‍ഫോണും സ്വന്തമാക്കിയവരാണ് ഭൂരിഭാഗം കുട്ടികള്‍ക്കും. മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗിച്ച് ക്ലാസില്‍ കയറുന്ന കുട്ടികളുടെ എണ്ണം വിരലിലെണ്ണാവുന്നത് മാത്രമാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ടി വാങ്ങിയ മൊബൈല്‍ ഫോണുകള്‍ രക്ഷിതാക്കള്‍ക്ക് പാരയാകുകയാണ് ഇപ്പോള്‍.

യുവാക്കള്‍ക്കും കുട്ടികള്‍ക്കും പ്രിയപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ പബ്ജി നിരോധിച്ചതോടെ കുട്ടികള്‍ കൂട്ടത്തോടെ ഫ്രീഫയര്‍ എന്ന വീഡിയോ ഗെയിമിലേയ്ക്ക് തിരിഞ്ഞു. ലോക്ക്ഡൗണ്‍ കാലത്ത് സമയം ചിലവഴിക്കാന്‍ വീഡിയോ കളിച്ച് തുടങ്ങിയ കുട്ടികള്‍, തുടര്‍ച്ചയായ ഉപയോഗം കാരണം ഗെയിമുകള്‍ക്ക് അടിമപ്പെട്ടു. പിന്നീട് കുട്ടികളുടെ മാനസികാവസ്ഥയില്‍ മാറ്റമുണ്ടായതായുമുള്ള പരാതികള്‍ ‘ഓപ്പറേഷന്‍ ഗുരുകുല’ത്തില്‍ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓപ്പറേഷന്‍ ഗുരുകുലം പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് നടത്തിയ പരിശോധനയില്‍ ഒരു ദിവസം എട്ട് മണിക്കൂറിലേറെ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ചെലവഴിക്കുന്ന കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ വഴി ലക്ഷങ്ങള്‍ കളിച്ച് കളഞ്ഞ കുട്ടിക്കളിക്കാരുടെ 50 മൊബൈല്‍ ഫോണുകളാണ് പൊലീസ് കസ്റ്റഡിയിലായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ മകന്‍ കഴിഞ്ഞ മാസം വീഡിയോ ഗെയിം കളിച്ച് കളഞ്ഞത് ഒന്നര ലക്ഷത്തോളം രൂപയാണ്.

തോക്കും പടച്ചട്ടയും വാങ്ങാന്‍ ജില്ലയിലെ ഒരു വിദ്യാര്‍ഥി പിതാവിന്റെ അക്കൗണ്ടില്‍ നിന്നു പിന്‍വലിച്ചത് ഒരു ലക്ഷത്തോളം രൂപയാണ്. ഒറ്റ രാത്രി കൊണ്ട് അരക്ഷം രൂപ വരെ കളഞ്ഞ വിദ്യാര്‍ഥികളുമുണ്ട്.
ജില്ലയില്‍ത്തന്നെ ഇതോടകം നൂറിലേറെ കേസുകളാണ് ഓപ്പറേഷന്‍ ഗുരുകുലം വഴി പോലീസിനു മുന്നില്‍ എത്തിയിട്ടുണ്ട്. വീട്ടില്‍ അറിയാതെയാണെങ്കിലും കുട്ടികള്‍ ഗെയിമിങ്ങ് കമ്പനികള്‍ക്കു പണം നിയമവിധേയമായാണു കൈമാറുന്നതെന്നതിനാല്‍ കേസെടുക്കാനോ നടപടിയെടുക്കാനോ കഴിയാതെ പോലീസും കുഴപ്പത്തിലാകുന്നു.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് രക്ഷിതാക്കള്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ കെവിട്ട് പോയി. ആദ്യം സൗജന്യമായ് കളിക്കാന്‍ അനുവദിക്കുന്ന രീതിയിലാണു പല ഗെയിമുകളും സെറ്റ് ചെയ്തിരിക്കുന്നത്. പക്ഷേ തുടര്‍ച്ചായി കളിച്ചു ഗെയിമുകളില്‍ ആകൃഷ്ടരാകുന്ന ഘട്ടങ്ങളില്‍ കമ്പനികള്‍ പണം ഈടാക്കി തുടങ്ങും.

അടുത്ത ഘട്ടം കളിക്കണമെങ്കില്‍ പണം ഓണ്‍ലൈനായി അടയ്ക്കണമെന്നാകും നിബന്ധന. ഇതോടെ, മാതാപിതാക്കളുടെ അക്കൗണ്ടില്‍ നിന്നും പണം അയയ്ക്കും. യുദ്ധം പോലുള്ള ഗെയിമുകളായതിനാല്‍ പടയാളിക്ക് ആയുധങ്ങളും സുരക്ഷാ ഉപകരണങ്ങളും വാങ്ങാന്‍ വേണ്ടിയാണു പണം ആവശ്യമായി വരിക. 250 രൂപ മുതല്‍ കാല്‍ലക്ഷം രൂപ വരെ ആയുധങ്ങള്‍ക്കായി ചെലവഴിക്കേണ്ടി വരും.

കഞ്ചാവിനേക്കാള്‍ അതിഭീകരമായ ‘ലഹരിയാണ്’ വീഡിയോ ഗെയിം കുട്ടികള്‍ക്ക് നല്‍കുന്നതെന്നാണ് ഓപ്പറേഷന്‍ ഗുരുകുലത്തിന്റെ കണ്ടെത്തല്‍. കുട്ടികളുടെ മാനസിക ശാരീരിക അവസ്ഥയെ ഇത് മാറ്റിമറിയ്ക്കുന്നു. പലരും ഭക്ഷണവും ഉറക്കവും ഉപേക്ഷിച്ചാണ് ഗെയിമിനായി സമയം പാഴാക്കുന്നത്.
ഉറക്കിമില്ലായ്മ, ഉന്മേഷക്കുറവ്, ക്ഷീണം, അമിതമായ ദേഷ്യം തുടങ്ങിയവയാണ് ഗെയിമിന് അടിമപ്പെട്ടതിന്റെ ലക്ഷണങ്ങള്‍.