ഓൺലൈൻ പഠന സൗകര്യമില്ലാതെ വിദ്യാർത്ഥിയുടെ ആത്മഹത്യ: കോട്ടയം കളക്ടറേറ്റിലേയ്ക്കുള്ള യൂത്ത് കോൺഗ്രസ്സ് മാർച്ചിൽ സംഘർഷം: പോലീസ് ലാത്തി വീശീ; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു പരിക്ക്

ഓൺലൈൻ പഠന സൗകര്യമില്ലാതെ വിദ്യാർത്ഥിയുടെ ആത്മഹത്യ: കോട്ടയം കളക്ടറേറ്റിലേയ്ക്കുള്ള യൂത്ത് കോൺഗ്രസ്സ് മാർച്ചിൽ സംഘർഷം: പോലീസ് ലാത്തി വീശീ; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു പരിക്ക്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മലപ്പുറം വളാഞ്ചേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഓൺലൈൻ പഠന സൗകര്യമില്ലാതെ ജീവനൊടുക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ കലക്ട്രേറ്റ് മാർച്ചിലാണ് കോട്ടയത്ത് സംഘർഷമുണ്ടായത്. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

ഇതേ തുടർന്നു പൊലീസ് ലാത്തി വീശിയതോടെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരി, നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി എന്നിവർക്കു പരിക്കേറ്റു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു പൊലീസിന്റെ ലാത്തിച്ചാർജ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓൺലൈൻ ക്ലാസ് നഷ്ടപ്പെടുമെന്ന ഭീതിയിൽ വളാഞ്ചേരിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാനസർക്കാരിനെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മയും അനാസ്തയും മൂലം നഷ്ടപ്പെട്ടം സംഭവിച്ചത് നിർധനയായ ഒരു വിദ്യാർത്ഥിക്കും അവളുടെ കുടുംബത്തിനുമാണ്.

ഒന്നാം തിയതിതന്നെ സ്‌കൂളുകൾ തുറന്നുവെന്ന് കാണിക്കാനുള്ള വ്യഗ്രതയ്ക്കപ്പുറത്തേയ്ക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾ സജ്ജമാണോയെന്ന് പരിശോധിക്കുകയായിരുന്നു സർക്കാർ ആദ്യം ചെയ്യേണ്ടിയിരുന്നത്. ഇനിയെങ്കിലും ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര ക്രമീകരണങ്ങൾ ഒരുക്കിയില്ലെങ്കിൽ ഇനിയും അനേകം ദേവികമാർ നമ്മുടെ സംസ്ഥാനത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ഗാന്ധിസ്‌ക്വയറിൽ നിന്നും ആരംഭിച്ച മാർച്ച് കലക്ട്രേറ്റീനു മുൻവശം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സിജോ ജോസഫ്, ടോം കോര, ജോബിൻ ജോക്കബ് ,സുബിൻ മാത്യു ജില്ലാ ജനറൽ സെക്രട്ടറിമാരായ റോബി ഊടുപുഴയിൽ, തോമസ്‌കുട്ടി മുക്കാലാ, നൈഫ് ഫൈസി, ജെനിൻ ഫിലിപ്പ് , എം.കെ ഷെമീർ, അജീഷ് ,രാഹുൽ രാജീവ്, അരുൺ മാർക്കോസ്, അജീഷ് ഐസക്ക് തുടങ്ങിയവർ പ്രസംഗിച്ചു.

ജില്ലയിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികളുടെ പട്ടിക നൽകണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ ജില്ലാ കളക്ടറെ കാണണമെന്നു പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് തയ്യാറാകാതിരുന്ന പൊലീസ് സംഘം പ്രവർത്തകരെ തടയുകയായിരുന്നു. ഇതോടെ ഇവർ ബലം പ്രയോഗിച്ച് ഉള്ളിലേയ്ക്കു കയറാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തി വീശി. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ കോൺഗ്രസ് നേതാക്കളായ എം.പി സന്തോഷ്‌കുമാർ, യൂജിൻ തോമസ് എന്നിവർ കളക്ടറും എ.ഡി.എമ്മുമായി സംസാരിച്ചെങ്കിലും യൂത്ത് കോൺഗ്രസ് നേതാക്കളെ ഉള്ളിലേയ്ക്കു കടത്തിവിടാൻ തയ്യാറായില്ല. തുടർന്നാണ് ലാത്തിച്ചാർജ് ഉണ്ടായത്. തുടർന്നു പരിക്കേറ്റ നേതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.