ശബരിമല മാളികപ്പുറത്ത് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ അപകടം ; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചെങ്ങന്നൂർ സ്വദേശി രജീഷ് (35) ആണ് മരിച്ചത്. ഇതോടെ ശബരിമല വെടിക്കെട്ട് അപകടത്തിൽ മരണം രണ്ടായി. ചെറിയനാട് സ്വദേശി ജയകുമാർ നേരത്തെ മരിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.
ജനുവരി രണ്ടിന് വൈകിട്ട് അഞ്ചിന് മാളികപ്പുറം അന്നദാന മണ്ഡപത്തിന് സമീപമാണ് അപകടം ഉണ്ടായത്. മാളികപ്പുറത്ത് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ജയകുമാർ, രജീഷ് എന്നിവര്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ അമല്‍ (28) ചികിത്സയില്‍ തുടരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടം നടന്ന അന്ന് തന്നെ സന്നിധാനത്ത ക്യാമ്പ് ചെയ്യുന്ന ഫയർഫോഴ്സ് യുണിറ്റ് സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ശബരിമല പോലുള്ള പ്രധാനപ്പെട്ട ഒരു സ്ഥലതുണ്ടായ അപകടം ആയതിനാൽ ഒരു ചെറിയ പിഴവ് പോലും പാടില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഫയർഫോഴ്‌സിലെ വിദഗ്ധരുടെ സേവനം നേടിയത്.
അതേസമയം, അപകടത്തിന്റെ പശ്ചാത്തലത്തിൽ ശബരിമലയിലെ വെടിവഴിപാട് താൽക്കാലികമായി നിർത്തിവയ്ക്കാന്‍ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരുന്നു. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ലൈസൻസ് ഇല്ലാതെ കതിന പൊട്ടിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.