കേരളാ കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിൽ അനൈക്യം; പൊട്ടിത്തെറിയിലേക്കോ?

കേരളാ കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിൽ അനൈക്യം; പൊട്ടിത്തെറിയിലേക്കോ?

Spread the love

സ്വന്തം ലേഖകൻ

കോട്ടയം/എറണാകുളം:പിജെ ജോസഫിന്റെ കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനത്തിന്മേലുള്ള അവകാശ വാദം മുന്നണി വിടാനുള്ള ഒരു രാഷ്ട്രീയ കാരണത്തിന് മാത്രമാണെന്ന തരത്തിൽ വാർത്തകൾ പുറത്ത് വരുന്നു. തിങ്കളാഴ്ച ജോസഫ് വിഭാഗത്തിന്റെ ഉന്നതാധികാര സമിതി എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന സിഎഫ് തോമസിന്റെ സൗകര്യം കൂടി പരിഗണിച്ച് ഇടശ്ശേരി റിസോർട്ടിൽ ചേർന്നു.

യോഗത്തിൽ മോൻസ് ജോസഫ്, ജോയി എബ്രഹാം, കൊട്ടാരക്കര പൊന്നച്ചൻ എന്നിവർ ഉപാധിരഹിതമായി ഇടതു മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കണമെന്ന വാദം ശക്തമായി ഉയർത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോസ് കെ മാണിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി വരുമെന്ന് സൂചന കിട്ടിയ സ്ഥിതിക്ക് ഇനിയും യുഡിഎഫിൽ തുടരുന്നത് പ്രായോഗികമല്ലെന്ന വാദമാണ് മൂവരും ഉയർത്തുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ജോസ് കെ മാണിക്ക് മുന്നണിയിൽ മുൻ‌തൂക്കം നൽകുന്ന സാഹചര്യം ഉണ്ടകും ഇത് അണികളുടെ കൊഴിഞ്ഞുപോക്കിനും പാർട്ടിയുടെ നിലനില്പിനെ തന്നെയും ചോദ്യം ചെയ്യും എന്നാണ് മോൻസിനെ അനുകൂലിക്കുന്ന പ്രബല വിഭാഗത്തിന്റെ നിലപാട്.

എന്നാൽ സിഎഫ് തോമസ്,ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ തുടങ്ങിയർ തീവ്ര യുഡിഎഫ് നിലപാടിലാണ്. ഇപ്പോൾ ഒരു കാരണവശാലും മുന്നണി വിടേണ്ട സാഹചര്യമില്ലെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദമുന്നയിക്കുന്നത് ബാലിശമാണെന്നുമാണ് സിഎഫ് തോമസിന്റെ നിലപാട്.

മംഗളം പത്രത്തിൽ സപ്ലിമെന്റ് നൽകിയത് പല യുഡിഎഫ് നേതാക്കളെയും ചൊടിപ്പിച്ചതായി യുഡിഎഫ് സെക്രട്ടറി കൂടിയായ ജോണി നെല്ലൂർ വാദിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ മികച്ച രീതിയിലാണ് ജില്ലാപഞ്ചായത്ത് ഭരണം മുൻപോട്ട് പോകുന്നത് ഈ സാഹചര്യത്തിൽ ഭരണമാറ്റം ആവശ്യപ്പെടുന്നത് വലിയ ജനവിരുദ്ധവികാരത്തിന് വഴിവെക്കുമെന്നുമാണ് സിഎഫ് തോമസിനെ അനുകൂലിക്കുന്നവരുടെ നിലപാട്.

മറുപടി പ്രസംഗത്തിൽ രണ്ട് വിഭാഗത്തിന്റെയും നിലപാടുകൾക്ക് മറുപടി കൊടുക്കാതെ മംഗളം പത്രത്തിൽ സപ്ലിമെന്റ് നല്കാനുണ്ടായ സാഹചര്യം വിശദീകരിക്കുക മാത്രമാണ് ജോസഫ് ചെയ്തത്.

മുന്നണി വിടേണ്ട ഒരു സാഹചര്യമുണ്ടായാൽ 2010ൽ മുന്നണി വിട്ടപ്പോഴുണ്ടായ മുറിവുണക്കാൻ വേണ്ടി മാത്രമാണെന്നാണ് സപ്ലിമെന്റ് നൽകിയത് എന്ന് ജോസഫ് വ്യക്തമാക്കി.എന്നാൽ ഇതിനെതിരെ യുഡിഎഫ് അനുകൂലികൾ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി.

യുഡിഫ് വിടുന്ന സാഹചര്യമുണ്ടായാൽ പുനർവിചിന്തനം ചെയ്യേണ്ടി വരുമെന്ന് ജോണി നെല്ലൂർ ഭീഷണി മുഴക്കിയതോടെ യോഗം ജോസഫ് ഇടപെട്ട് പിരിച്ചുവിടുകയാണ് ഉണ്ടായത്.