മുണ്ട് മടക്കി കുത്തിയതിന് പൊലീസ് കരണത്തടിച്ചു, അന്ന് മുതല്‍ വേഷം നൈറ്റി; നിലപാടുകള്‍ കൊണ്ട് അത്ഭുതപ്പെടുത്തിയ ആത്മാഭിമാനിയായ യഹിയാക്ക ഓര്‍മ്മയായി

 

സ്വന്തം ലേഖകന്‍

കൊല്ലം: പൊലീസുകാരന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ ജീവിതം പ്രതിഷേധമാക്കിയ കൊല്ലം കടയ്ക്കല്‍ സ്വദേശി യഹിയ അന്തരിച്ചു. 70 വയസായിരുന്നു.

മുണ്ടു മടക്കി കുത്തിയതിന് പൊലീസുകാരന്‍ മുഖത്തടിച്ചതിന്, നൈറ്റി ഇട്ടു പ്രതിഷേധിച്ച യഹിയ, പിന്നീട് മരണം വരെയും നൈറ്റി വസ്ത്രമാക്കി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന നിലപാടില്‍ മരണം വരെ ഉറച്ച് നിന്നു അദ്ദേഹം.

നേരത്തെ നരേന്ദ്ര മോഡി നോട്ട് നിരോധനം നടപ്പിലാക്കിയതില്‍ പ്രതിഷേധിച്ച് യഹയ പകുതി മീശ വടിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ഹ്രസ്വ ചിത്രവും പുറത്തിറങ്ങിയിരുന്നു. മക്കളുടെ സംരക്ഷണം ലഭിക്കാതിരുന്ന ഇദ്ദേഹം കാര്യസ്ഥനായിരുന്ന വീടിന്റെ സിറ്റൗട്ടിലാണ് അവസാന നാളുകളില്‍ കഴിഞ്ഞത്. നാട്ടുകാര്‍ എത്തിച്ച് നല്‍കിയിരുന്ന ഭക്ഷണമായിരുന്നു ഏക ആശ്രയം. ഇക്കാര്യം വാര്‍ത്തയായതോടെ മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.