സംസ്കാര ചടങ്ങിൽ കുടുംബത്തെ ആശ്വസിപ്പിച്ച് പൊട്ടിക്കരഞ്ഞ അർജുൻ കൊലപ്പുള്ളി: ക്രൂരതയുടെ മുഖം അണിഞ്ഞ അർജുനെ കണ്ട് ഞെട്ടി നാട്ടുകാരും: പ്രതിയെ വെളിച്ചത്ത് എത്തിച്ചത് പൊലീസ് ഇൻ്റലിജൻസ് മിടുക്ക്
സ്വന്തം ലേഖകൻ
ഇടുക്കി: വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ മരണത്തില്‍ തകര്‍ന്ന കുടുംബത്തെ സമാധാനിപ്പിച്ച് സംസ്ക്കാര ചടങ്ങില്‍ പൊട്ടിക്കരഞ്ഞ അര്‍ജ്ജുനെ അറസ്റ്റ് ചെയ്തപ്പോള്‍ ഞെട്ടിത്തരിച്ച് നിന്നത് നാട് ഒന്നാകെ. ചുരക്കുളം എസ്റ്റേറ്റില്‍ കൊല്ലപ്പെട്ട ബാലികയെ മൂന്ന് വര്‍ഷത്തോളം ഈ 22 കാരന് പീഡനത്തിനിരയാക്കി.
മൂന്ന് വയസുമുതല്‍ മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്ത് മിഠായിയും മറ്റും നല്‍കിയായിരുന്നു ചൂഷണം. ലയത്തില്‍ കുട്ടിയുടെ അടുത്ത മുറിയിലെ താമസക്കാരനായ ഇയാള്‍ ഈ ബന്ധവും മുതലെടുത്തതായി പൊലീസ് പറഞ്ഞു. ആശ്ലീല വിഡിയോകള്‍ക്ക് അടിമയായ പ്രതി കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെണ്‍കുട്ടി കൊല്ലപ്പെട്ട ദിവസം വീട്ടില്‍ ഒറ്റയ്ക്കാണെന്നു മനസ്സിലാക്കി അര്ജുന് ലയത്തിലെ മുറിയില്‍ കയറി.ഈ സമയം കുട്ടിയുടെ സഹോദരനുള്‍പ്പെടെ ഇയാളുടെ സുഹൃത്തുക്കള്‍ സമീപത്തു മുടിവെട്ടുന്നുണ്ടായിരുന്നു. ഇവരറിയാതെയാണ് അകത്തു കടന്നത്. ഉപദ്രവിക്കുന്നതിനിടെ കുട്ടി ബോധരഹിതയായി.
കുട്ടി മരിച്ചെന്ന് കരുതിയ പ്രതി മുറിയിലെ കയറില്‍ കെട്ടിത്തൂക്കി. ഇതിനിടെ മരണവെപ്പ്രാളത്തില്‍ കുട്ടി കണ്ണു തുറന്നു. മരണം ഉറപ്പാക്കി മുന്‍വശത്തെ കതകടച്ച ശേഷം ജനാല വഴി ചാടി കടന്നുകളഞ്ഞതായും അര്‍ജുന്റെ മൊഴിയിലുണ്ട്.
ക്രൂരമായി കുഞ്ഞിനെ പിച്ചിച്ചീന്തി കൊലപ്പെടുത്തിട്ടും ദുഃഖിതരായ കുടുംബത്തെ സമാധാനിപ്പിച്ചും സഹായമെത്തിച്ചും അര്ജ്ജുന് നിറഞ്ഞുനിന്നു. മരണവീട്ടില്‍ പന്തലിനു പടുത വാങ്ങാന്‍ പോയത് ഇയാളായിരുന്നു. സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ ബന്ധുക്കള്‍ക്കു ഭക്ഷണം തയാറാക്കുന്നതിനും വിളമ്ബുന്നതിനും നേതൃത്വം നല്കി.
പെണ്‍കുട്ടിയുടെ വേര്‍പാടിന്റെ ദുഃഖം വിളിച്ചു പറഞ്ഞു പലതവണ അലമുറയിട്ടു കരഞ്ഞു. മരണാനന്തര ചടങ്ങുകളിലും സജീവമായി പങ്കെടുത്തു. അര്‍ജുനൊപ്പം പെണ്‍കുട്ടിയെ കണ്ടെന്ന അര്‍ജുന്റെ അടുത്ത ബന്ധു പൊലീസിനു നല്കിയ മൊഴിയാണു കേസില്‍ വഴിത്തിരിവായത്. 2 ദിവസമായി കുട്ടിയെ താന്‍ കണ്ടിട്ടില്ലെന്നായിരുന്നു പൊലീസിനോട് പ്രതി പറഞ്ഞിരുന്നത്.
എന്നാല്‍ 30ന് തങ്ങള്‍ക്കു ചക്ക മുറിച്ചു തന്നത് അര്‍ജുനാണെന്നും ഈ സമയം കുട്ടി പരിസരത്ത് ഉണ്ടായിരുന്നെന്നുമാണ് ബന്ധു പറഞ്ഞത്. ഇതോടെ ഇയാളിലേക്കു സംശയമെത്തി.അയല്‍വാസികളായ നാലുപേരെ ആദ്യം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ മൂന്നുപേരെ പോലീസ് വിട്ടയച്ചു. തുടര്‍ന്നാണ് തൊട്ടടുത്ത ലയത്തില്‍ താമസിക്കുന്ന അര്‍ജുനിലേയ്ക്ക് അന്വേഷണം എത്തിയത്. അര്‍ജുന്റെ പരസ്പ്പര വിരുദ്ധമായ മൊഴികളായിരുന്നു സംശയത്തിനിടയാക്കിയത്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അര്ജുന് ചുരക്കുളം എസ്റ്റേറ്റിലും പരിസരങ്ങളിലും അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തേ വണ്ടിപ്പെരിയാറിലെ കുറിയര്‍ കമ്ബനി ജീവനക്കാരനായിരുന്നു.
അതേ സമയം കുട്ടിയുടെ മരണം സംബന്ധിച്ചു സ്വീകരിച്ച നടപടികളില്‍ ലോക്കല്‍ പൊലീസിനു വീഴ്ചയെന്ന് ആരോപണം. പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയ മൃതദേഹത്തെ അനുഗമിച്ചത് ഒരു വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ മാത്രമായിരുന്നു.
അസ്വാഭാവിക മരണങ്ങളില്‍ എസ്ഐയോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥര്‍ മൃതദേഹം പരിശോധിക്കണമെന്നാണു ചട്ടം. ഇവിടെ ഇതുണ്ടായില്ല. സാധാരണ വണ്ടിപ്പെരിയാര്‍ സ്റ്റേഷന് അതിര്‍ത്തിയിലെ മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കാണു പോസ്റ്റുമോര്‍ട്ടത്തിന് അയയ്ക്കുന്നത്. എന്നാല്‍ ഈ പതിവും തെറ്റിച്ചു.
വിവരമറിഞ്ഞ ഇന്റലിജന്‍സ് വിഭാഗം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് ഒരു എസ്ഐയെ നിയോഗിച്ചു. പീഡനവിവരം ബോധ്യപ്പെട്ട ഡോക്ടര്‍ സ്ഥലത്തുണ്ടായിരുന്ന ഇന്റലിജന്‍സ് എസ്ഐയെ വിളിച്ചുവരുത്തി കുട്ടിയുടെ ശരീരത്തിലെ പരുക്കുകളും മറ്റും ചൂണ്ടിക്കാട്ടി. ഈ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഇടുക്കി ഇന്റലിജന്‍സ് ഡിവൈഎസ്പി ഇന്റലിജന്‍സ് എഡിജിപിക്കു കൈമാറി.
ഇതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കുന്നതിന് ഉന്നതങ്ങളില്‍ നിന്നു നിര്‍ദേശമുണ്ടായത്. പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു അന്വേഷണം തുടങ്ങിയ പൊലീസ് ദിവസങ്ങള്‍ക്കകം പ്രതിയെ പിടികൂടി. ജൂണ്‍ 30ന് ലയത്തിലെ മുറിയില്‍ കെട്ടിയിരുന്ന കയറില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങിയെന്നാണ് ആദ്യം കരുതിയത്. പോസ്റ്റ്മോര്‍ട്ടത്തിലാണു പീഡനവിവരം വ്യക്തമായത്. തെളിവെടുപ്പിനു ശേഷം പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.