ശബരിമല സ്ത്രീ പ്രവേശനം; പ്രതിഷേധം തണുപ്പിക്കാൻ നായർ മന്ത്രി; സമാശ്വാസത്തിന് പിള്ളയെ ഇറക്കി സർക്കാർ; ഗണേശന് മന്ത്രി സ്ഥാനം നൽകി സുകുമാരൻ നായരെ ആശ്വസിപ്പിക്കാൻ സർക്കാർ

ശബരിമല സ്ത്രീ പ്രവേശനം; പ്രതിഷേധം തണുപ്പിക്കാൻ നായർ മന്ത്രി; സമാശ്വാസത്തിന് പിള്ളയെ ഇറക്കി സർക്കാർ; ഗണേശന് മന്ത്രി സ്ഥാനം നൽകി സുകുമാരൻ നായരെ ആശ്വസിപ്പിക്കാൻ സർക്കാർ

സ്വന്തം ലേഖകൻ

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന സമരം തണുപ്പിക്കാൻ നായർ മന്ത്രി എന്ന ഫോർമുലമായി സർക്കാർ. മുന്നോക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ ബാലകൃഷ്ണപിള്ള വഴി സുകുമാരൻ നായരെ തണുപ്പിക്കാനാണ് ശ്രമം. ഇതിനായി പത്തനാപുരം എംഎൽഎ കെ.ബി ഗണേഷ് കുമാറിനെ എൻസിപിയിൽ ചേർത്ത് മന്ത്രിയാക്കാനാണ് ഇടത് മുന്നണി നീക്കം. ഇതോടെ രണ്ടാം തവണയും മന്ത്രിയായ എ.കെ ശശീന്ദ്രൻ വീണ്ടും തെറിച്ചേക്കും.ഹണി ട്രാപ്പ് വിഷയത്തിൽ കുടുങ്ങി കസേര തെറിച്ച ശശീന്ദ്രൻ , ഭൂമി വിവാദത്തിൽ കുടുങ്ങി തോമസ് ചാണ്ടി പുറത്തായതിന് പിന്നാലെയാണ് വീണ്ടും മന്ത്രിയായത്. എന്നാൽ ,ശബരിമല വിഷയത്തിൽ ഇടഞ്ഞ് നിൽക്കുന്ന എൻഎസ് എസിനെ അനുനയിപ്പിക്കാൻ ഇടതു മുന്നണി ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നൽകിയേക്കുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചന. ഇടത് മുന്നണിയുടെ ഭാഗമല്ലാത്ത ഗണേഷനെയും പാർട്ടിയെയും എൻസിപിയിൽ ലയിപ്പിച്ചാണ് സിപിഎം ഇതിനുള്ള തന്ത്രമൊരുക്കുന്നത്.
പിണറായി മന്ത്രിസഭയിലെ എന്‍.സി.പി മന്ത്രിമാര്‍ക്ക് ആ കസേരയില്‍ ഒന്ന് അമര്‍ന്ന് ഇരുന്ന് ഭരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലന്നത് കൂട്ടി വായിക്കുമ്പോഴാണ് ഗണേശന്റെ മന്ത്രി സ്ഥാന സാധ്യതകൾ വർധിക്കുന്നത്. 2016 മെയിൽ അധികാരത്തിലെത്തിയ പിണറായി സർക്കാരിൽ നിന്നും രാജി വച്ച മൂന്ന് മന്ത്രിമാരിൽ രണ്ടു പേരും എൻസിപിക്കാരായിരുന്നു. മംഗളം ചാനലിന്റെ ഹണി ട്രാപ്പിലാണ് ഗതാഗതമന്ത്രിയായിരുന്ന ശശീന്ദ്രന്റെ കസേരയും, തുടർന്നെത്തിയ തോമസ് ചാണ്ടിയുടെ കസേര ഭൂമി കൈയ്യേറ്റിക്കേസിലുമാണ് തെറിച്ചത്. ശബരിമല വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന എന്‍എസ്എസിനെ തണുപ്പിക്കാനായാണ് പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള നീക്കം നടത്തുന്നത്. എന്‍.എസ്.എസ് പ്രതിനിധിസഭാംഗമായ ആര്‍. ബാലകൃഷ്ണ പിള്ള വഴി കേരള കോണ്‍ഗ്രസ് ബി എന്‍സിപിയില്‍ ലഭിപ്പിക്കാനുള്ള നീക്കമാണ് അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഉടന്‍ ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടാകും.
ശബരിമല പ്രക്ഷോഭം മുന്നില്‍ നിന്നു നയിക്കുന്ന സുകുമാരന്‍ നായരെ തണുപ്പിക്കാന്‍ മന്ത്രിസ്ഥാനമെന്ന വിട്ടുവീഴ്ചയ്ക്കാണ് ഇടത് മുന്നണി ഒരുങ്ങുന്നത്.
ഇതിനിടെ ഹണി ട്രാപ്പ് കേസിൽ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം മംഗളം ടെലിവിഷന്‍ ചാനലില്‍ ജോലി ചെയ്തിരുന്നവരുടെ മൊഴി എടുക്കാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഹണിട്രാപ്പ് വാര്‍ത്ത പുറത്തുവിട്ട ദിവസം ഡെസ്‌കില്‍ ഉണ്ടായിരുന്ന സീനിയറായ പത്തു പേരുടെ മൊഴി ആദ്യം എടുക്കാനും തുടര്‍ന്ന് ബാക്കിയുള്ള 22 പേരുടെ മൊഴി എടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ഹണിട്രാപ്പിനായി മംഗളം ചാനല്‍ മാനേജിമെന്റിലെ മാധ്യമപ്രവര്‍ത്തകരെ ഒരു വിഭാഗം ഉപയോഗിച്ചുവെന്നും മന്ത്രി ശശീന്ദ്രന്റെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോടികള്‍ ഒഴുക്കിയെന്നും ഈ സംഭവത്തില്‍ എന്‍ഫോഴ്‌സമെന്റ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതിലും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ കേസ് കൃത്യമായി അന്വേഷിക്കുകയാണെങ്കില്‍ മന്ത്രി ശശീന്ദ്രൻ അടക്കം ഉന്നതർ പലരും കുടുങ്ങിയേക്കുമെന്നാണ് സൂചന.