ശബരിമലയിലെ നിലപാടിൽ അയവില്ലാതെ സംസ്ഥാന സർക്കാർ: സ്ത്രീ പ്രവേശനത്തിന് അയൽ സംസ്ഥാനങ്ങളുടെ സഹായം തേടുന്നു: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങുടെ യോഗം ചേരുന്നു

ശബരിമലയിലെ നിലപാടിൽ അയവില്ലാതെ സംസ്ഥാന സർക്കാർ: സ്ത്രീ പ്രവേശനത്തിന് അയൽ സംസ്ഥാനങ്ങളുടെ സഹായം തേടുന്നു: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങുടെ യോഗം ചേരുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് കടുപ്പിക്കുന്നു. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് അയൽ സംസ്ഥാനങ്ങളുടെ സഹായം തേടുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ശബരിമലയിൽ എത്തുന്ന യുവതികൾക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ ദക്ഷിണേന്ത്യൻ സർക്കാരുകളുടെ പ്രതിനിധികളുടെ യോഗത്തിൽ അറിയിക്കുന്നതോടെയാണ് ഈ സംസ്ഥാനങ്ങളുടെ സഹായം കൂടി ഉറപ്പാക്കുന്നത്. ബുധനാഴ്ച തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയുടെയും യോഗത്തിലാണ് സംസ്ഥാന സർക്കാർ പ്രതിനിധികൾ ഈ നിലപാട് സ്വീകരിക്കുക. ശബരിമല മണ്ഡല മകരവിളക്ക് സീസണിന് മുന്നോടിയായി ചേരുന്ന പതിവ് യോഗമാണെങ്കിലും സ്ത്രീ പ്രവേശന വിഷയത്തോടെ ഈ യോഗത്തിന് പ്രാധാന്യം ഇരട്ടിയായി.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ തമിഴ്നാട്, കർണ്ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാരും ഉദ്യോഗസ്ഥ പ്രതിനിധികളുമാണ് പങ്കെടുക്കുക. ദേവസ്വം ബോർഡ് ചെയർമാൻ എം പത്മകുമാർ, ശബരിമല ഉന്നതാധികാര സമിതി അദ്ധ്യക്ഷൻ ജസ്റ്റിസ് സിരിജഗൻ, ഉപദേശക സമിതി അദ്ധ്യക്ഷൻ ടി.കെ.എ നായർ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പായതോടെ ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാം എന്നതാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകൾ എത്തിയാൽ ഇവർക്ക് വേണ്ട സുരക്ഷ ഉറപ്പാക്കും. ശബരിമലയിലേയക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നും വാഹന ഗതാഗതവും, ബസ് സർവീസും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിക്കും.
ശബരിമലയിൽ ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന് കാട്ടി അതത് സംസ്ഥാനങ്ങളിൽ പത്ര പരസ്യം നൽകാൻ സംസ്ഥാനങ്ങളോട് യോഗത്തിൽ നിർദേശിക്കുമെന്ന് സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സീസണിൽ കൂടുതൽ സ്ത്രീകളെ സന്നിധാനത്ത് എത്തിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ സ്ത്രീകൾ എത്തുമ്പോൾ ഇത് സർക്കാരിന്റെ നിലപാടിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വഴി ഹിന്ദു സംഘടനകളുടെ എതിർപ്പിനെ മറികടക്കാമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.