എത്ര നോട്ട് നിരോധിച്ചിട്ടും കാര്യമില്ല..! കള്ളനോട്ടടിക്കാൻ കോട്ടയത്തുമുണ്ട് വിദഗ്ധർ: തിരുവല്ലയിൽ ഹോംസ്‌റ്റേയും വില്ലകളും കേന്ദ്രീകരിച്ച് കള്ളനോട്ടടി; രണ്ടായിരവും അഞ്ഞൂറും സുലഭമായി അച്ചടിച്ച് വിതരണം ചെയ്തു; പിടിയിലായത് കാഞ്ഞിരപ്പള്ളി സ്വദേശി; പ്രതി കുടുങ്ങിയത് നാഗമ്പടത്തെ ഫ്‌ളാറ്റിൽ നിന്നും

എത്ര നോട്ട് നിരോധിച്ചിട്ടും കാര്യമില്ല..! കള്ളനോട്ടടിക്കാൻ കോട്ടയത്തുമുണ്ട് വിദഗ്ധർ: തിരുവല്ലയിൽ ഹോംസ്‌റ്റേയും വില്ലകളും കേന്ദ്രീകരിച്ച് കള്ളനോട്ടടി; രണ്ടായിരവും അഞ്ഞൂറും സുലഭമായി അച്ചടിച്ച് വിതരണം ചെയ്തു; പിടിയിലായത് കാഞ്ഞിരപ്പള്ളി സ്വദേശി; പ്രതി കുടുങ്ങിയത് നാഗമ്പടത്തെ ഫ്‌ളാറ്റിൽ നിന്നും

തേർഡ് ഐ ബ്യൂറോ

തിരുവല്ല: 2016 നവംബറിൽ രാജ്യത്ത് നോട്ട് നിരോധിച്ചെങ്കിലും കള്ളനോട്ടിന് ഒരു കുറവുമില്ലെന്നു വ്യക്തമാക്കുന്നു. നല്ല സുന്ദരൻ കള്ളനോട്ടടിക്കാൻ ശേഷിയുള്ളവർ കോട്ടയത്തുണ്ടെന്നു വ്യക്തമായിരിക്കുകയാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങളോടെ. ഹോം സ്റ്റേകളും വില്ലകളും കേന്ദ്രീകരിച്ച് കള്ളനോട്ട് അടിക്കുന്ന സംഘത്തിലെ പ്രധാനിയായ കോട്ടയം സ്വദേശിയെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് കള്ളനോട്ടിന്റെ കോട്ടയം ബന്ധം വെളിയിലായത്.

കോട്ടയം കാഞ്ഞിരപ്പള്ളി കൊടുങ്ങൂർ തട്ടാപ്പറമ്പിൽ വീട്ടിൽ സജിയാണ് (38) പിടിയിലായത്. തിരുവല്ല ഡിവൈഎസ്പി ടി രാജപ്പൻ, സി ഐ വിനോദ് എന്നിവരടങ്ങുന്ന സംഘം കോട്ടയം നാഗമ്പടത്തെ ഫ്‌ളാറ്റിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയും സജിയുടെ പിതൃ സഹോദര പുത്രനുമായ കാഞ്ഞങ്ങാട് സ്വദേശി ഷിബു പൊലീസ് എത്തുന്നതറിഞ്ഞ് രക്ഷപ്പെട്ടു. ഇവരെ കൂടാതെ നാല് പേർ കൂടി കേസിൽ പ്രതികളായുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവല്ല കുറ്റപ്പുഴയിലെ ഹോം സ്റ്റേയിൽ താമസിച്ച് കള്ളനോട്ട് നിർമ്മിച്ച് വിതരണം ചെയ്തിരുന്ന സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. ഇന്റലിജൻസ് വിഭാഗം നടത്തിയ സമർഥമായ നീക്കമാണ് പ്രതിയെ കുടുക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഹോം സ്റ്റേകളിലും വാടക വീടുകളിലും മാറി മാറി താമസിച്ച് കള്ളനോട്ടടിച്ച് വിതരണം ചെയ്യുന്നതാണ് സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിലായ സജിയിൽ നിന്നും നോട്ട് അച്ചടിക്കാനുപയോഗിക്കുന്ന പ്രിന്ററും പേപ്പറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഘം പിടിയിലാകാൻ കാരണമായത് കുറ്റപ്പുഴയിലെ ഹോം സ്റ്റേ നടത്തിപ്പുകാരി ഇന്റലിജൻസിന് നൽകിയ വിവരമാണ്. പൊലീസിനെ സമീപിക്കാതെ അവർ ഇന്റലിജൻസിനെ വിളിച്ചതിനും ന്യായമായ കാരണമുണ്ട്. മാസങ്ങൾക്ക് മുൻപ് ഇതേ ഹോം സ്റ്റേയിൽ താമസിച്ചിരുന്നവർ വാടകയായ 25,000 രൂപ നൽകാതെ മുങ്ങിയത് സംബന്ധിച്ച് തിരുവല്ല പൊലീസിൽ പരാതിപ്പെട്ടിരുന്നു.

അതേപ്പറ്റി ഒരു അന്വേഷണംനടത്താൻ പൊലീസ് തയാറായിരുന്നില്ല. ഇതേപ്പറ്റി ചോദിച്ച ഷീലയെ പൊലീസുകാർ അവഹേളിച്ചുവെന്നും പറയുന്നു. ലോക്കൽ പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടപ്പോഴാണ് ഷീല പരിചയക്കാർ മുഖേനെ സംസ്ഥാന ഇന്റലിജൻസിലെ ഉദ്യോഗസ്ഥർക്ക് വിവരം കൈമാറിയത്. ഇന്റലിജൻസിലെ സിപിഓ സുദർശനൻ സ്ഥലം പരിശോധിച്ചപ്പോൾ തന്നെ അപാകത മനസിലായി. വിവരം എസ്എസ്ബി ഡിവൈഎസ്പി കെഎ വിദ്യാധരന് കൈമാറി. വിദ്യാധരൻ നടത്തിയ പരിശോധനയിൽ സംഗതി കള്ളനോട്ടാണെന്ന് ഉറപ്പിക്കുകയും ചെയ്തു.

വിദ്യാധരൻ നൽകിയ റിപ്പോർട്ട് പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യുന്ന ചുമതല മാസമാണ് ലോക്കൽ പൊലീസിന് ഉണ്ടായിരുന്നത്. സെപ്റ്റംബർ അഞ്ചിനാണ് കള്ളനോട്ട് സംഘം അവസാനമായി ഹോം സ്റ്റേതിൽ വന്നു പോയത്. അപ്പോൾ വാടക ഇനത്തിൽ രണ്ടര ലക്ഷം രൂപ ഹോം സ്റ്റേ ഉടമയ്ക്ക് കൊടുക്കാനുണ്ടായിരുന്നു. മുറിയുടെ താക്കോലുമായിട്ടാണ് ഇവർ പോയത്. പതിവായി വന്ന് പോകുന്നവരായതിനാൽ ഉടമയ്ക്ക് സംശയം തോന്നിയിരുന്നില്ല.

മാത്രവുമല്ല, ഹോം സ്റ്റേ ഉടമയ്ക്ക് വ്യാജനോട്ട് നൽകാൻ ഇവർ ശ്രമിച്ചിരുന്നുമില്ല. ഇവർ പോയതിന് ശേഷം ഉടമ മുറി വൃത്തിയാക്കാൻ നോക്കുമ്പോഴാണ് പ്രിന്റിങ് പേപ്പർ കണ്ടെത്തിയത്. ഇതിന്റെ അവശിഷ്ടങ്ങൾ വേസ്റ്റ് ബിന്നിലുമുണ്ടായിരുന്നു. ചുരുൾ അഴിച്ചു നോക്കിയ ഉടമയ്ക്ക് ഇതിന്റെ ചില ഭാഗങ്ങൾ കണ്ട് സംശയം തോന്നി. 200 രൂപയുടെ അരിക് മുറിച്ച് കളഞ്ഞ നിലയിൽ മൂന്നാല് തുണ്ടുപേപ്പർ ഉണ്ടായിരുന്നു. ഇത് കള്ളനോട്ടാണെന്ന് സംശയിച്ച ഉടമ വിവരം രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനോടാണ് പറഞ്ഞത്.

200, 500, 2000 രൂപയുടെ നോട്ടുകൾ സ്‌കാനറിനുള്ളിൽ വച്ച് സ്‌കാൻ ചെയ്ത ശേഷം 70 ജിഎസ്എം പ്ലാറ്റിനം പേപ്പറിൽ പ്രിന്റ് ചെയ്യും. പിന്നെ അതിവിദഗ്ധമായി അത് മുറിച്ച് ഒട്ടിച്ച് നോട്ടുകൾ ആക്കി മാറ്റും. മുൻപ് ഇത്തരം കേസുകൾ പിടിച്ചിട്ടുള്ള എസ്എസ്ബി ഡിവൈഎസ്പി വിദ്യാധരൻ ഒറ്റനോട്ടത്തിൽ അസ്വാഭാവികത കണ്ടെത്തി. സംഗതി കള്ളനോട്ട് ആണെന്ന് ഉറപ്പിച്ചതിന് ശേഷം അന്വേഷണവും ആരംഭിച്ചു. അതാണിപ്പോൾ ഒരു പ്രതിയുടെ അറസ്റ്റിൽ കലാശിച്ചിരിക്കുന്നത്.