നിപ്പാ  പ്രതിരോധം ; നേരിടാൻ സജ്ജമായി ജില്ല

നിപ്പാ  പ്രതിരോധം ; നേരിടാൻ സജ്ജമായി ജില്ല

സ്വന്തംലേഖകൻ

കോട്ടയം : സംസ്ഥാനത്ത് നിപ്പാ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തിൽ  കോട്ടയം ജില്ലയിൽ  ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ജേക്കബ് വർഗീസ് അറിയിച്ചു.
നീരിക്ഷണത്തിൽ പാർപ്പിക്കേണ്ടി വരുന്ന  രോഗികൾക്കായി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചിട്ടുണ്ട്. രോഗബാധസംശയിക്കുന്ന രോഗികളെ നിരീക്ഷിക്കുന്നതിന് പ്രത്യേക വാർഡും  ഇവിടെ ക്രമീകരിച്ചതായി സൂപ്രണ്ട് ഡോ: ടി.കെ ജയകുമാർ അറിയിച്ചു.
ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവർക്ക് പ്രത്യേക വ്യക്തിഗത സംരക്ഷണ ഉപാധികളും  ഉറപ്പാക്കിയിട്ടുണ്ട്.
പനി ബാധിതരുടെ ചികിത്സയ്ക്കുള്ള മരുന്നുകളും സാമഗ്രികളും   ലഭ്യമാമാണ്
നിരീക്ഷണം, ചികിത്സ എന്നിവ ഏകോപിപ്പിക്കാൻ പ്രിൻസിപ്പൽ, സൂപ്രണ്ട് ,കമ്യൂണിറ്റി മെഡിസിൻ വകപ്പ് മേധാവി തുടങ്ങിയവരുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചിട്ടുണ്ട്.
ദിവസേനയുള്ള സ്ഥിതിഗതികൾ സമിതി വിലയിരുത്തി മാർഗനിർദ്ദേശങ്ങൾ നൽകും.
മെഡിക്കൽ കോളേജിൽ ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്ക് പ്രത്യേക പരിശീലനം നൽകാൻ ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്.
ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ജാഗ്രത നിർദ്ദേശം നൽകി. സംശയകരമായ രോഗ ലക്ഷണങ്ങളുമായി വരുന്നവരെ പ്രത്യേകം  നീരിക്ഷിക്കാനും പ്രോട്ടോക്കോളിന് അനുസൃതമായി ആവശ്യമായ ചികിത്സ ലഭ്യമാക്കാനും റഫർ ചെയ്യേണ്ട കേസുകൾ  ഉണ്ടെങ്കിൽ അവരെ അടിയന്തരമായി പ്രധാന ആശുപത്രികളിലേക്ക്  മാറ്റുന്നതിനും സംവിധാനമേർപ്പെടുത്തിയിട്ടുണ്ട് .
ആരോഗ്യപ്രവത്തകർക്കായി മാസ്ക്, കയ്യുറ മുതലായ  സുരക്ഷാ സംവിധാനങ്ങൾ  ലഭ്യമാക്കും.
ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രത്യേക പനി ഒ.പി ഇന്നു മുതൽ പ്രവർത്തിക്കും
പനി,ജലദോഷം എന്നീ രോഗലക്ഷണങ്ങളുള്ളവർ തൊട്ടടുത്ത സർക്കാർ ആശുപത്രികളിൽ  ചികിത്സ തേടേണ്ടതാണ്.
പനി ബാധിതർ പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണം. അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പൊതുജനങ്ങൾ ആശുപത്രികളിൽ രോഗികളെ സന്ദർശിക്കുന്നത് ഒഴിവാക്കണം.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല ഉപയോഗിച്ച് വായ മൂടാൻ  ശ്രദ്ധിക്കണം.  വീടിന് പുറത്ത് പോയി തിരിച്ചെത്തിയാൽ നിർബന്ധമായും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.
സംശയ നിവാരണത്തിന് നിപ്പാസെല്ലിലെ
1077 എന്ന ഫോൺ നമ്പരിലും ദിശാ ഹെൽപ് ലൈൻ നമ്പരിലും (1056)
ബന്ധപ്പെടാമെന്ന് ഡി.എം.ഒ അറിയിച്ചു